scorecardresearch
Latest News

ഏകദിന പരമ്പരയിൽ ജയത്തോടെ തുടക്കം; ഇംഗ്ലണ്ടിനെ 66 റൺസിന് കെട്ടുകെട്ടിച്ച് കോഹ്‌ലിപ്പട

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് അവർക്ക് അടിതെറ്റി

ഏകദിന പരമ്പരയിൽ ജയത്തോടെ തുടക്കം; ഇംഗ്ലണ്ടിനെ 66 റൺസിന് കെട്ടുകെട്ടിച്ച് കോഹ്‌ലിപ്പട

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് അവർക്ക് അടിതെറ്റി. ആദ്യ വിക്കറ്റിൽ 135 റൺസിന്റെ കൂട്ടുക്കെട്ടാണ് ജേസൻ റോയും ജോണി ബെയർസ്റ്റോയും ചേർന്ന് പടുത്തുയുർത്തിയത്. ഇംഗ്ലണ്ടിനായി 66 പന്തിൽ നിന്ന് 94 റൺസുമായി ബെയർസ്റ്റോ മികച്ച തുടക്കമാണ് നൽകിയത്. ഏഴ് സിക്‌സും ആറ് ഫോറും സഹിതമാണ് ബെയർസ്റ്റോ 94 റൺസ് നേടിയത്. അർഹതപ്പെട്ട സെഞ്ചുറിക്ക് ആറ് റൺസ് അകലെയാണ് ബെയർസ്റ്റോ പുറത്തായത്. ജേസൻ റോയ് 35 പന്തിൽ നിന്ന് 46 റൺസ് നേടി.

പിന്നീട് വന്നവർക്കാർക്കും കാര്യമായ സംഭവാനകൾ നൽകാൻ സാധിച്ചില്ല. നായകൻ ഓയിൻ മോർഗൻ 30 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്തായി. മോയീൻ അലി 37 പന്തിൽ നിന്ന് 30 റൺസ് നേടിയപ്പോൾ സാം ബില്ലിങ്സ് 18 റൺസ് നേടി പുറത്തായി. ബെൻ സ്റ്റോക്‌സ് ഒരു റൺസ് മാത്രമാണ് നേടിയത്.

Read Also: കണ്ഠമിടറി ക്രുണാൽ, സംസാരിക്കാൻ കഴിയാതെ മടക്കം; അരങ്ങേറ്റ അർധ സെഞ്ചുറി അച്ഛന്, നിശബ്‌ദനായി ഹാർദികും

ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച പ്രസീദ് കൃഷ്‌ണ 8.1 ഓവറിൽ 54 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി. ശർദുൽ താക്കൂർ ആറ് ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ ഒൻപത് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. തകർത്തടിച്ചുകൊണ്ടിരുന്ന ബെയർസ്റ്റോ, ബട്ട്‌ലർ, മോർഗൻ എന്നിവരെ പുറത്താക്കി ശർദുൽ താക്കൂറാണ് ഇന്ത്യയ്‌ക്ക് കൃത്യമായ ബ്രേക്ക് നൽകിയത്. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.

അവസാന ഓവറുകളില്‍ കത്തിക്കയറിയ ക്രുണാൽ പാണ്ഡ്യയുടേയും കെഎല്‍ രാഹുലിന്റെയും മികവിലാണ് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 205ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ രാഹുലും ക്രുണാലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. രാഹുല്‍ 43 പന്തില്‍ 62ഉം, ക്രുണാല്‍ 31 പന്തില്‍ 58 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 98 റണ്‍സെടുത്ത ശിഖര്‍ ധവാനും 56 റണ്‍സെടുത്ത വിരാട് കോഹ്ലിയുമാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.

KL Rahul and Krunal Pandya resurrected India with crucial unbeaten half-centuries to help them post 317 on the board.
കെ.എൽ.രാഹുലും ക്രുണാൽ പാണ്ഡ്യയും

 

നീണ്ട ഇടവേളക്ക് ശേഷം ഓപ്പണിങ്ങിന് ഇറങ്ങിയ രോഹിത് ശര്‍മയും ധവാനും സാവധാനമാണ് ഇന്നിങ്സ് തുടങ്ങിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുക്കാന്‍ ഇന്ത്യക്ക് മികച്ച അടിത്തറ ആവശ്യമായിരുന്നു. 15 ഓവര്‍ നീണ്ട് നിന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സ്കോര്‍ 64ല്‍ എത്തിയപ്പോളാണ് പിരിഞ്ഞത്. 28 റണ്‍സെടുത്ത രോഹിതിനെ ബെന്‍ സ്റ്റോക്സ് ബട്ലറുടെ കൈകളിലെത്തിച്ചു.

Dhawan switched gears after getting to his half-century.
ശിഖർ ധവാൻ ബാറ്റിങ്ങിനിടെ

പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലിയും ധവാനും ചേര്‍ന്ന് മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടി. അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ ഇരുവര്‍ക്കുമായി. ധവാന്‍ 68 പന്തിലും കോഹ്ലി 50 പന്തിലുമാണ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. 56 റണ്‍സെടുത്ത കോഹ്ലിയെ മാര്‍ക്ക് വുഡാണ് പുറത്താക്കിയത്. കോഹ്ലിയുടെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യ പരുങ്ങലില്‍ ആയത്.

Read Also: അവസാന പന്തില്‍ ഇടിമിന്നല്‍ സ്റ്റമ്പിങ്; ബംഗ്ലാദേശ് ഹൃദയം തകര്‍ത്ത ധോണി മാജിക്കിന് അഞ്ച് വയസ്

പിന്നീട് 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നാലാമതായി ഇറങ്ങിയ ശ്രെയസ് അയ്യര്‍ക്ക് ആറ് റണ്‍സെടുക്കാനെ സാധിച്ചൊള്ളു. സെഞ്ചുറിയിലേക്ക് കുതിച്ച ധവാനെ പുറത്താക്കിയത് ബെന്‍ സ്റ്റോക്സിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രമായിരുന്നു. മിഡ് വിക്കറ്റില്‍ ഇയോണ്‍ മോര്‍ഗന് അനായാസ ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. 11 ബൗണ്ടറികളും രണ്ട് സിക്സുമടങ്ങിയതായിരുന്നു ധവാന്‍റെ ഇന്നിങ്സ്. ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കേണ്ടത് അനിവാര്യമായിരുന്നു.

അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനെത്തിയ ഹാര്‍ദിക് പാണ്ഡ്യയും പരാജയപ്പെട്ടു. ഇത്തവണയും സ്റ്റോക്സ് തന്നെയായിരുന്നു വില്ലനായെത്തിയത്.

ആറാം വിക്കറ്റല്‍ കന്നി ഏകദിനത്തിന് ഇറങ്ങിയ ക്രുണാല്‍ പാണ്ഡ്യയും കെഎല്‍ രാഹുലും ചേര്‍ന്ന് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരെല്ലാം ഇരുവരുടേയും ബാറ്റിന്‍റെ ചൂടറി‍ഞ്ഞു. ക്രുണാല്‍ 26 പന്തിലാണ് തന്‍റെ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഏഴ് ഫോറും രണ്ട് സിക്സും ക്രുണാല്‍ നേടിയപ്പോള്‍ നാല് വീതം ഫോറും സിക്സുമടങ്ങിയതായിരുന്നു രാഹുലിന്‍റെ ഇന്നിങ്ങ്സ്.

ഇംഗ്ലണ്ടിനായി എട്ട് ഓവറില്‍ 34 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്സാണ് തിളങ്ങിയത്. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ് ക‍ൃഷ്ണ

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോവ്, ഇയോണ്‍ മോര്‍ഗന്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, സാം ബില്ലിങ്സ്, മൊയിന്‍ അലി, സാം കറണ്‍, ടോം കറണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs england first odi live updates