/indian-express-malayalam/media/media_files/2025/02/28/VodBNYBP2oeB5UPXbVbg.jpg)
വിദർഭയ്ക്ക് എതിരെ സച്ചിൻ ബേബിയുടെ ബാറ്റിങ് Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനലിലെ ഒന്നാം ഇന്നിങ്സിലെ 107ാമത്തെ ഓവറിലെ അഞ്ചാമത്തെ ഡെലിവറി. കൂറ്റൻ ഷോട്ട് പറത്തി സെഞ്ചുറിയടിക്കാനായിരുന്നു കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ശ്രമം. തന്റെ സ്കോർ 98ൽ നിൽക്കെ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് സച്ചിന്റെ സ്ലോഗ് സ്വീപ്പ്. ആ ഷോട്ട് കണ്ട് നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ജലജ് സക്സേനയും അലറി...
ആ ഷോട്ട് മറക്കാൻ സച്ചിൻ ബേബിക്ക് അടുത്തെങ്ങും സാധിക്കില്ലെന്ന് ഉറപ്പ്. രഞ്ജി ട്രോഫി ഫൈനലിലെ സെഞ്ചുറി എന്ന ചരിത്ര നേട്ടം മാത്രമല്ല സച്ചിൻ അവിടെ നഷ്ടപ്പെടുത്തിയത്. വിദർഭയ്ക്ക് എതിരെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് എടുക്കാനുള്ള അവസരവും സച്ചിൻ അവിടെ കളഞ്ഞുകുളിച്ചു.
സച്ചിന്റെ കൈവിട്ട് പോയ ഒരേയൊരു ഷോട്ട്
കരിയറിൽ ഉടനീളം ഇനി ആ സ്ലോഗ് സ്വീപ്പ് സച്ചിനെ വേട്ടയാടും എന്നുറപ്പ്. ആ ഷോട്ട് വരുമ്പോൾ സച്ചിന് സെഞ്ചുറി തികയ്ക്കാൻ വേണ്ടിയത് രണ്ട് റൺസ്. കേരളത്തിന് ലീഡ് എടുക്കാൻ മറികടക്കേണ്ടിയിരുന്നത് 56 റൺസ് മാത്രം. 235 പന്തുകൾ നേരിട്ട സച്ചിൻ്റെ ഫൈനലിലെ ഇന്നിങ്സിൽ കൈവിട്ട് പോയ ഒരേയൊരു ഷോട്ട്. സച്ചിന്റെ ജീവിതം പോലും ആ ഷോട്ടിലുടക്കും.
കേരളത്തിന് പ്രതീക്ഷ നൽകിയാണ് നാഗ്പൂരിൽ വിദർഭയ്ക്ക് എതിരെ സച്ചിൻ പ്രതിരോധ കോട്ടകെട്ടി നിറഞ്ഞ് നിന്നത്. എന്നാൽ അതുവരെ ഉണ്ടായിരുന്ന മനസാന്നിധ്യം കൈവിട്ട് സച്ചിനിൽ നിന്ന് വന്ന ആ ഷോട്ടിന് പിന്നാലെ 18 റൺസിന് ഇടയിലാണ് കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടമായത്. വിദർഭയ്ക്ക് നിർണായകമായ 37 റൺസ് ലീഡ്.
കേരളത്തെ ലീഡിലേക്ക് എത്തിക്കുക എന്നതിന് അപ്പുറം സെഞ്ചുറി നേട്ടം എന്നത് സച്ചിന്റെ മനസ് കീഴടക്കിയിട്ടുണ്ടാവുമോ? അല്ലെങ്കിൽ പല പല ചിന്തകൾ സച്ചിന്റെ മനസിൽ നിറഞ്ഞിട്ടുണ്ടാവണം. വിദർഭ ബോളർ ദുബെ ചെലുത്തുന്ന സമ്മർദ്ദം, 100ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരം എന്ന ചിന്ത, ഒരു നാഴികക്കല്ല് മുൻപിൽ നിൽക്കുന്നു എന്ന തോന്നൽ..ഇതെല്ലാം ആയിരിക്കാം ആ ഷോട്ടിലേക്ക് സച്ചിനെ എത്തിച്ചത്.
345 മിനിറ്റാണ് സച്ചിൻ കേരളത്തിന്റെ പ്രതീക്ഷ തോളിലേറ്റിയത്
തന്റെ സുഹൃത്ത് കരുൺ നായരാണ് സച്ചിന്റെ ക്യാച്ച് എടുത്തത്. ആ ക്യാച്ച് ആണ് വിദർഭയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. 345 മിനിറ്റ് ആണ് സച്ചിൻ ബാറ്റ് ചെയ്തത്. ഫൈനലിന് കളിക്കാനിറങ്ങും മുൻപ് സച്ചിൻ പറഞ്ഞത് ഇങ്ങനെ, "കളി ഞങ്ങൾ ജയിക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഒരുപാട് ഘടകങ്ങൾ അനുകൂലമായി വരണം. എന്നാൽ എല്ലാ പ്രയത്നവും പുറത്തെടുത്തായിരിക്കും ഞങ്ങൾ കളിക്കുക."
അതുവരെ സച്ചിനിൽ നിന്ന് പറയത്തക്ക മോശം ഷോട്ടുകളൊന്നും വന്നിരുന്നല്ല. ഒരു വട്ടം വിക്കറ്റിന് മുൻപിൽ കുടുങ്ങിയപ്പോൾ ഡിആർഎസിലൂടെ രക്ഷപെട്ടു. സച്ചിന്റെ ക്ഷമയോടെയുള്ള ഇന്നിങ്സ് വിദർഭ ബോളർമാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ലീവ് ചെയ്യേണ്ട പന്തുകൾ ലീവ് ചെയ്യുക. ഇത്രയും ലളിതമായിരുന്നു സച്ചിന്റെ ബാറ്റിങ് തന്ത്രം. പക്ഷേ ആ ഒരു പന്തിൽ മാത്രം സച്ചിൻ ബേബിക്ക് പിഴച്ചു.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: സ്കോർ 200 കടത്തി കേരളം, 5 വിക്കറ്റുകൾ നഷ്ടമായി
- Women Premier League: സ്വന്തം മണ്ണിൽ തുടരെ മൂന്നാം തോൽവി; ഗുജറാത്തിനോടും നാണംകെട്ട് ആർസിബി
- എന്തുകൊണ്ട് മെസിയില്ല? പിക്വെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
- Champions Trophy: ഓസീസിനേയും അഫ്ഗാൻ വീഴ്ത്തുമോ? ജീവൻ മരണ പോര്; മത്സരം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.