/indian-express-malayalam/media/media_files/2025/01/27/9WNVW5tJh9ty4YIxxISt.jpg)
മുഹമ്മദ് അസ്ഹറുദ്ദീൻ(ഫോട്ടോ കടപ്പാട്: കേരള ക്രിക്കറ്റ് അസോസിയേഷൻ)
രണ്ടാം ഇന്നിങ്സിൽ 369 റൺസ് വിജയ ലക്ഷ്യം. സമനില പിടിക്കാൻ കേരളത്തിന് മധ്യപ്രദേശിന് എതിരെ ബാറ്റ് ചെയ്യേണ്ടിയിരുന്നത് 101 ഓവർ. എന്നാൽ കേരളത്തിന്റെ മുൻ നിര ബാറ്റിങ് മധ്യപ്രദേശിന് മുൻപിൽ തകർന്നടിഞ്ഞു. 47-5ലേക്ക് കേരളം വീണു. ഇതോടെ തോൽവി മുൻപിൽ കണ്ടു. കേരളത്തിന്റെ രക്ഷകനായി ആരെങ്കിലും അവതരിക്കുമോ എന്നതായിരുന്നു പിന്നെയുള്ള ചോദ്യം. കേരളം ഒരു അത്ഭതം കാത്തിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന പേരായിരുന്നു അതിനുള്ള ഉത്തരം. തോൽവിയുടെ വക്കിൽ നിന്ന് കേരളത്തെ സമനില പിടിക്കാൻ സ്വീകരിച്ച തന്ത്രത്തെ കുറിച്ച് ഐഇ മലയാളത്തോട് പ്രതികരിക്കുകയാണ് കേരള ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ.
ബോളർമാരെ അടിച്ചു പറത്തുന്ന ബാറ്റിങ് ശൈലിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്റേത്. ദയയില്ലാതെ ബോളർമാരെ പ്രഹരിക്കുന്നതാണ് പതിവ്. എന്നാൽ മധ്യപ്രദേശിന് എതിരെ തന്റെ ആ സ്വതസിദ്ധമായ ബാറ്റിങ് ശൈലി മുഹമ്മദ് അസ്ഹറുദ്ദീൻ മാറ്റി നിർത്തി. റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം വിക്കറ്റ് കളയാതെ കരുതലോടെ കളിച്ചു. നിർണായകമായ കൂട്ടുകെട്ടുകളുണ്ടാക്കി. ഒടുവിൽ കേരളം നാലാം ദിനം 101 ഓവറും ബാറ്റ് ചെയ്ത് കളി സമനിലയിലാക്കി. ഒന്നാം ഇന്നിങ്സിലെ ഏഴ് റൺസ് ലീഡോടെ നിർണായകമായ മൂന്ന് പോയിന്റും കേരളം നേടി.
103 ഓവർ പല ബ്ലോക്കുകളായി തിരിച്ച് തന്ത്രം
ഫസ്റ്റ് ഇന്നിങ്സിൽ നമുക്ക് ഇന്നിങ്സിന് ജയം പിടിക്കാൻ പറ്റിയ നല്ല അവസരം ആയിരുന്നു. കാരണം അവർ 160 റൺസിന് ഓൾഔട്ടായി. ഒരു 350-400 നമ്മൾ സ്കോർ ചെയ്യുകയാണ് എങ്കിൽ നമുക്ക് ഇന്നിങ്സിന് ജയിക്കാൻ സാധിച്ചാനെ. എന്നാൽ ഫസ്റ്റ് ഇന്നിങ്സ് ബാറ്റിങ്ങിൽ നമുക്ക് കുറച്ച് പിഴവുകൾ സംഭവിച്ചു. രണ്ടാം ഇന്നിങ്സ് വന്നപ്പോൾ ഒന്നാം ഇന്നിങ്സിൽ വന്ന പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യം വെച്ചാണ് കളിക്കാനിറങ്ങിയത്, മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു.
"രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് നമുക്ക് മുൻപിൽ വെച്ചത് വലിയ വിജയ ലക്ഷ്യമാണ്. അത് ഒരു ദിവസം കൊണ്ട് മറികടക്കാൻ സാധികുന്ന വിജയ ലക്ഷ്യം ആയിരുന്നില്ല. 369 റൺസാണ് ജയിക്കാനായി നേടേണ്ടിയിരുന്നത്. എന്നാൽ ഫസ്റ്റ് ഇന്നിങ്സിൽ നമ്മൾ ലീഡ് നേടിയിരുന്നു. അതിന്റെ മുൻതൂക്കം നമുക്കുണ്ടായിരുന്നു. അതുകൊണ്ട് നാലാം ദിനം 90 ഓവറും കളിച്ചാൽ മാച്ച് നമ്മുടെ കയ്യിലാവും എന്ന ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു".
'103 ഓവറായിരുന്നു മൊത്തം കളിക്കേണ്ടിയിരുന്നത്. ഈ 103 ഓവറിൽ പല കണക്കു കൂട്ടലുകൾ നടത്തി പല ബ്ലോക്കുകളായി തിരിച്ചു. 25 ഓവർ വീതം ബാറ്റ് ചെയ്യാം എന്ന നിലയിലായിരുന്നു ഞങ്ങളുടെ തന്ത്രം. ചെയ്സ് ചെയ്ത് ജയിക്കുക എന്ന ചിന്ത ഞങ്ങളുടെ മനസിൽ പോലും ഉണ്ടായിരുന്നില്ല. എങ്ങനെയും സമനില പിടിക്കണം എന്നതായിരുന്നു ലക്ഷ്യം. റൺസ് കണ്ടെത്തുക എന്നത് വിഷയം അല്ല. എത്ര കൂടുതൽ ബോൾ നേരിടാൻ സാധിക്കും എന്നാണ് കണക്കു കൂട്ടിക്കൊണ്ടിരുന്നത്.
അഞ്ച് വിക്കറ്റ് വീണിട്ടും സമ്മർദത്തിലായില്ല
"അഞ്ച് മുൻ നിര വിക്കറ്റുകൾ ആദ്യം തന്നെ നഷ്ടമായെങ്കിലും അത് ടീമിന് വലിയ സമ്മർദം നൽകിയില്ല. നാലാം ദിനം അവസാന സെഷനിലേക്ക് എത്തിയപ്പോഴാണ് സമ്മർദം നേരിട്ട് തുടങ്ങിയത്. അവസാന 30 ഓവറോളം ബാറ്റ് ചെയ്യാൻ ഉണ്ടായപ്പോൾ സമ്മർദം വന്ന് തുടങ്ങി. ഇനി 25 ഓവർ കൂടിയുള്ളു 20 ഓവർ കൂടിയുള്ളു. അത് പിടിച്ചു നിൽക്കണം എന്ന ഘട്ടം വന്നപ്പോഴാണ് സമ്മർദം അനുഭവപ്പെടാൻ തുടങ്ങിയത്. കാരണം ഇവിടെ വരെ എത്തിയിട്ട് കളി കൈവിട്ട് പോകരുത് എന്ന ചിന്തയായിരുന്നു".
സക്സേനയുടേയും സർവാതയുടേയും ഇടപെടൽ
സക്സേനയും സർവാതെയും ഏകദേശം നൂറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളോളം കളിച്ച താരങ്ങളാണ്. അവരുടെ പരിചയസമ്പത്ത് ക്രീസിൽ നിൽക്കുമ്പോൾ എന്നെ ഏറെ സഹായിച്ചു. അവരുടെ നിർദേശങ്ങൾ പിന്തുടർന്നത് ബാറ്റിങ് എളുപ്പമാക്കി. ചില സമയത്ത് കൂറ്റൻ ഷോട്ട് കളിക്കണം എന്ന തോന്നൽ വരും. എന്നാൽ ടീം ഏത് അവസ്ഥയിലാണ് നിൽക്കുന്നത്, ടീം എന്താണോ ആവശ്യപ്പെടുന്നത് എന്ന് അവർ എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. അത് അനാവശ്യ ഷോട്ടുകൾ കളിക്കാതെ വിക്കറ്റ് കളയാതെ സൂക്ഷിക്കാൻ എന്നെ സഹായിച്ചു.
മൂന്ന് പോയിന്റ് നിർണായകമായിരുന്നു
ബോളർമാരെ പ്രഹരിച്ച് ബാറ്റ് ചെയ്യുക എന്നതാണ് എന്റെ ശൈലി. അതാണ് എനിക്ക് കൂടുതൽ കംഫർട്ടബിൾ. പക്ഷേ ഇന്നലെ ടീം എന്റെ അടുത്ത് ഡിമാൻഡ് ചെയ്തത് എത്ര ഓവർ എനിക്ക് കളിക്കാൻ സാധിക്കും എന്നതായിരുന്നു. കാരണം നിർണായകമായ മൂന്ന് പോയിന്റായിരുന്നു നമുക്ക് മുൻപിൽ നിന്നിരുന്നത്. പോയിന്റ് ടേബിൾ നോക്കുമ്പോൾ ആ മൂന്ന് പോയിന്റ് വിലയേറിയതായിരുന്നു. ആ മൂന്ന് പോയിന്റിലേക്ക് ടീമിനെ എങ്ങനെ എത്തിക്കാം എന്നതായിരുന്നു നോക്കിക്കൊണ്ടിരുന്നത്.
സ്വതസിദ്ധമായ ശൈലിയൊന്നും നോക്കിയില്ല
മധ്യപ്രദേശിന് എതിരായ മത്സരത്തിൽ നമ്മൾ തോൽവി വഴങ്ങിയിരുന്നു എങ്കിൽ അതിലൂടെ പോയിന്റിലുണ്ടാവുന്ന തിരിച്ചടി മറികടക്കാൻ അടുത്ത മത്സരത്തിൽ നമ്മൾ ഇന്നിങ്സിന് ജയം നേടണം എന്ന അവസ്ഥ വരും. അതിനൊപ്പം കർണാടകയുടെ മത്സര ഫലം എന്താവും എന്നത് നോക്കിയുമാവും നമ്മുടെ ഭാവി നിർണയിക്കപ്പെടുക. അതിലും നല്ലത്, ടീം എന്റെ അടുത്ത് ഡിമാൻ്റ് ചെയ്തത് എത്ര ഓവർ നാലാം ദിനം ബാറ്റ് ചെയ്യാനാവും എന്നതാണ്. ടീമിന് വേണ്ടിയാണ് ബാറ്റ് ചെയ്തത്. എന്റെ സ്വതസിദ്ധമായ ശൈലിയൊന്നും ഞാൻ നോക്കാൻ പോയില്ല.
എന്ത് വില കൊടുത്തും ക്വാളിഫൈ ചെയ്യണം
ഇനി ഗ്രൂപ്പിലെ അടുത്ത മത്സരത്തിലേക്ക് മാത്രമാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. അടുത്ത ഘട്ടത്തിലേക്ക് ക്വാളിഫൈ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. മുന്നിൽ ഇനിയുള്ള മത്സരം ഏതാണോ അതിലേക്ക് മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ. ലീഗ് ഘട്ടം കഴിഞ്ഞ് പിന്നെ എതിരാളികൾ ആരാവും എന്നൊന്നും ഇപ്പോൾ അറിയാനാവില്ല. ലീഗ് ഘട്ടത്തിലെ അവസാന മത്സരം ബിഹാറിനെതിരെ കളിക്കും. അതും ഗ്രീൻഫീൽഡിൽ തന്നെയാണ്. അതിന് ശേഷം എതിരാളികളായി വരുന്നത് ആരാണോ, മത്സര വേദി എവിടെയാണോ എന്നതൊക്കെ വിലയിരുത്തി അതിന് അനുസരിച്ച് തന്ത്രങ്ങൾ തയ്യാറാക്കും.
നിർണായകമായ കൂട്ടുകെട്ടുകൾ
47-5 എന്ന നിലയിലേക്ക് കേരളം വീണപ്പോൾ നിർണായകമായത് മുഹമ്മദ് അസ്ഹറുദ്ധീൻ സക്സേനയ്ക്കും സർവാർതയ്ക്കും ഒപ്പം കണ്ടെത്തിയ കൂട്ടുകെട്ടുകളാണ്. 74 റൺസ് ആണ് സക്സേന-അസ്ഹറുദ്ധീൻ കൂട്ടുകെട്ടിൽ വന്നത്. ഇരുവരും ചേർന്ന് നേരിട്ടത് വിലയേറിയ 157 പന്തുകൾ. പിന്നാലെ സർവാതയ്ക്കൊപ്പം അസ്ഹറുദ്ധീന്റെ കൂട്ടുകെട്ട്. കണ്ടെത്തിയത് 90 റൺസ്. നേരിട്ടത് 151 പന്തുകൾ. ഒൻപതാം വിക്കറ്റിൽ വാലറ്റത്ത് നിതീഷും അപരാജിതും ചേർന്ന് 80 പന്തുകൾ കൂടി നേരിട്ടതോടെ കേരളം മധ്യപ്രദേശിനെ സമനിലയിൽ കുരുക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.