/indian-express-malayalam/media/media_files/uploads/2021/12/isl-2021-22-kerala-blasters-vs-jamshedpur-fc-match-review-598288-FI.jpg)
Photo: Facebook/ Kerala Blasters
പരാജയമറിയാതെ ഒരു മത്സരം കൂടി കേരള ബ്ലാസ്റ്റേഴ്സ് താണ്ടി. സീസണില്‍ സമാന ഫോമിലുള്ള ജംഷധ്പൂരിനെതിരെ സമനില പിടിച്ചെങ്കിലും അത്ര സുഖകരമായിരുന്നില്ല ടീമിന്റെ പ്രകടനം എന്ന് പറയാതിരിക്കാന്‍ വയ്യ. ഗോളിനായി നിരന്തരം ശ്രമിച്ച ജംഷധ്പൂര്‍ 18 ഷോട്ടുകളായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തേക്ക് തൊടുത്തത്. മറുപടിയായി നല്‍കാനായത് ആറെണ്ണം മാത്രം. ആല്‍വാരോ വാസ്ക്വസിന്റേയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റേയും പ്രകടനങ്ങള്‍ക്ക് നന്ദി. ഒരു പക്ഷെ സീസണിലെ രണ്ടാം തോല്‍വിയില്‍ നിന്ന് മഞ്ഞപ്പട കരയറിയത് ഇരുവരുടേയും പിന്നെ ഗോളി പ്രഭ്സുഖൻ ഗില്ലിന്റേയും പ്രകടനത്തിന്റേയും സഹായം കൊണ്ടാണെന്ന് പറയാം. എന്നത്തേയും പോലെ അഡ്രിയാന്‍ ലൂണ മൈതാനത്ത് തന്റെ ഭാഗം കൃത്യമായി ചെയ്തു.
പകച്ചു നിന്ന ആദ്യത്തെ 20 മിനിറ്റുകള്‍
മത്സരത്തിന്റെ ആദ്യത്തെ പത്ത് മിനിറ്റുകള്‍ തീര്‍ച്ചയായും പരിശീലകന്‍ വുകുമനോവിച്ച് ചര്‍ച്ച ചെയ്തേക്കും. അത്രയ്ക്കും ദയനീയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ജംഷധ്പൂരിന്റെ ഗ്രെഗ് സ്റ്റീവാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ മഞ്ഞപ്പടയുടെ പ്രതിരോധം നില്‍ക്കുകയായിരുന്നു. ബോക്സിന് പുറത്തേക്ക് പന്ത് ക്ലിയര്‍ പോലും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജോര്‍ധാന്‍ മുറെയടക്കമുള്ള താരങ്ങള്‍ക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. ഗോള്‍വലയ്ക്ക് മുകളിലൂടെ പലതവണ പന്ത് പാഞ്ഞത് ഭയത്തോടെയായിരുന്നു വുകുമനോവിച്ചും കൂട്ടരും നോക്കി നിന്നത്.
/indian-express-malayalam/media/media_files/uploads/2021/12/270177175_3132148683737771_2287176134646312638_n.jpg)
ആദ്യ ഗോള്‍ കണ്ടെത്താന്‍ അധികം വൈകില്ലെന്ന് ജംഷധ്പൂരിനറിയാമായിരുന്നു. 14-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ഗ്രെഗ് സ്റ്റീവാര്‍ട്ടിന്റെ ഫ്രീക്കിക്കില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിനുള്ളിലേക്ക് ക്രോസ് നല്‍കുമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് കരുതിയിരുന്നത്. അത് അനുസരിച്ചുള്ള നീക്കവും അവര്‍ നടത്തി. പക്ഷെ സ്റ്റീവാര്‍ട്ടിന്റെ പക്കല്‍ മറ്റൊരു പദ്ധതിയായിരുന്നു. അതിസുന്ദരമായ ഫ്രീ കിക്ക്. പന്ത് പോസ്റ്റിന് പുറത്തേക്ക് പോകുമെന്ന് കരുതി. എന്നാല്‍ ഇടതു പോസ്റ്റിലിടിച്ച് പന്ത് ഗോള്‍ വര കടന്നു. ഐഎസ്എല്‍ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും മികച്ച ഫ്രീക്കിക്കെന്ന് വിശേഷിപ്പിക്കാം. ഒരു നിമിഷം ബ്രസീലിയന്‍ ഇതിഹാസം റോബെര്‍ട്ടൊ കാര്‍ലോസിനെ പോലും ഓര്‍മിപ്പിച്ചു.
ഒരിക്കല്‍ കൂടി വാസ്ക്വസും സഹലും
സീസണിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ രക്ഷകരാകുന്നത് സഹലും വാസ്ക്വസുമാണ്. ഇത്തവണയും അത് ആവര്‍ത്തിച്ചു. സമനില ഗോളിലേക്ക് വഴി വച്ചത് വാസ്ക്വസിന്റ ഉജ്വല മുന്നേറ്റമായിരുന്നു. പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച താരം ജംഷധ്പൂര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. മുന്നിലുണ്ടായിരുന്ന ജംഷധ്പൂരിന്റെ മുന്ന് പ്രതിരോധ താരങ്ങല്‍. മൂവരേയും കീറിമുറിച്ചു കൊണ്ട് വാസ്ക്വസിന്റെ തീപാറും ഷോട്ട്. പക്ഷെ ഗോളി ടി.പി. രഹനേഷിന്റെ കരങ്ങളെ താണ്ടാനതിനായില്ല. പക്ഷെ റീ ബൗണ്ടിലൂടെ ലഭിച്ച അവസരം സഹല്‍ മുതലാക്കി. താരത്തിന്റെ ഷോട്ട് തടയാന്‍ ഇക്കുറി രഹനേഷിന് സാധിച്ചില്ല. ജംഷധ്പൂരിന് ഒപ്പമെത്തി ബ്ലാസ്റ്റേഴ്സ് . സീസണിലെ സഹലിന്റെ നാലാം ഗോളായിരുന്നു ഇത്. ഗോളിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും വാസ്ക്വസിന്റെ മുന്നേറ്റവും അര്‍ഹിക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/12/270179657_3132148470404459_5536097784932891319_n.jpg)
റഫറി കണ്ണടച്ചപ്പോള്‍ നഷ്ടമായ വിജയം
36-ാം മിനിറ്റിലെ അതിവേഗ ത്രോയില്‍ നിന്നായിരുന്ന നാടകീയ നിമിഷങ്ങള്‍ക്ക് തുടക്കമായത്. പന്തുമായി വാസ്ക്വസ് വീണ്ടും കുതിച്ചു. ബോക്സിനുള്ളില്‍ നിന്ന് ക്രോസ് നല്‍കാനുള്ള ശ്രമം. വാസ്ക്വസിന്റെ ഷോട്ട് ജംഷധ്പൂര്‍ പ്രതിരോധ താരം ലാൽഡിൻലിയാന റെന്ത്ലിയോണിന്റെ കൈകളില്‍ തട്ടുന്നു. പെനാലിറ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ റഫറിയെ സമീപിച്ചു. പക്ഷെ കോര്‍ണര്‍ നല്‍കിയായിരുന്നു റഫറി പ്രതികരിച്ചത്. പെട്ടെന്ന് തന്നെ സഹലും അഡ്രിയാന്‍ ലൂണയുമടക്കമുള്ള താരങ്ങള്‍ റഫറിയോട് കയര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. ഒരുപക്ഷെ പെനാലിറ്റി വിധിച്ചിരുന്നെങ്കില്‍ ഹാട്രിക്ക് ജയം സ്വന്തമാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കുമായിരുന്നു. സമനിലകൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാമതെത്താന്‍ ബ്ലാസ്റ്റേഴ്സിനായി.
/indian-express-malayalam/media/media_files/uploads/2021/12/270181346_3132148210404485_1428429071593736246_n.jpg)
സിപോവിച്ച് വന്നപ്പോള്‍ പ്രതിരോധം കരുത്തുകാട്ടി
ആദ്യ പകുതി സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പകുതി ഗോളിനായുള്ള പോരാട്ടമായിരുന്നു. തുടക്കം തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചു വിട്ടു. ജംഷധ്പൂര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു. ആവേശം ഫൗളുകളിലും തെളിഞ്ഞു. ഇരുടീമകളും ആകെ 29 ഫൗളാണ് നടത്തിയത്. ഇതില്‍ 18 എണ്ണവും മഞ്ഞപ്പടയുടെ പേരില്‍. ജംഷധ്പൂര്‍ ഏത് സമയവും ഗോള്‍ നേടുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴായിരുന്ന വുകുമനോവിച്ച് ഏനസ് സിപോവിച്ചിനെ കളത്തിലെത്തിച്ചത്. പിന്നീട് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതല്‍ ഊര്‍ജം കൈവരിച്ചതായി കണ്ടു. പല മുന്നേറ്റങ്ങളും ബോക്സിലെത്തും മുന്‍പ് തന്നെ അവസാനിപ്പിക്കാന്ർ പ്രതിരോധ നിരയ്ക്ക് സാധിച്ചു. ഒടുവിലെ കോര്‍ണര്‍ പോലും അതിന് ഉദാഹരണമായി. എട്ടാം സ്ഥാനത്തുള്ള ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Also Read: ഹാട്രിക് ജയം നേടാനാവാതെ ബ്ലാസ്റ്റേഴ്സ്; ജംഷധ്പൂരിനെതിരെ സമനില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us