/indian-express-malayalam/media/media_files/uploads/2021/12/isl-2021-22-atk-mohun-bagan-vs-mumbai-city-fc-score-updates-588559-FI.jpg)
Photo: Facebook/ISL
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഡ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ എടികെ മോഹന്‍ ബാഗാനെ അനായാസം കീഴടക്കി മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. വിക്രം പ്രതാപ് സിങ് (4', 25'), ഇഗോര്‍ അംഗൂളൊ (38'), മോര്‍ട്ടാഡ ഫാള്‍ (47'), ബിപിന്‍ (52') എന്നിവരാണ് സ്കോര്‍ ചെയ്തത്. ഡേവിഡ് വില്യംസാണ് മുംബൈയുടെ ഏക ഗോള്‍ നേടിയത്
കളിയുടെ തുടക്കം മുതല്‍ എടികെയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ മുംബൈയ്ക്കായി. അത് ആദ്യ പകുതിയിലുടനീളം ആവര്‍ത്തിക്കുകയും ചെയ്തു. നാലാം മിനിറ്റില്‍ വിക്രം പ്രതാപാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇടതുവശത്ത് നിന്ന് ബിപിന്‍ നല്‍കിയ മനോഹരമായ ക്രോസ് ഗോളാക്കാന്‍ അംഗൂളോയ്ക്ക് കഴിഞ്ഞില്ല. പക്ഷെ വിക്രം പ്രതാപ് ലക്ഷ്യം കണ്ടു.
20 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും വിക്രത്തിന്റെ ബൂട്ടുകള്‍ മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഇത്തവണയും ഇടത് വശത്ത് നിന്ന് ബിപിന്‍ നല്‍കിയ ക്രോസു തന്നെയായിരുന്നു ഗോളിന് തുടക്കമിട്ടത്. വിക്രത്തിന്റെ ആദ്യ ശ്രമം എടികെ ഗോളി അമരീന്ദര്‍ സിങ് തടഞ്ഞു. എന്നാല്‍ റീബൗണ്ടിലൂടെ വിക്രം പന്ത് ഗോള്‍വര കടത്തുകയായിരുന്നു.
ഇതിനിടയില്‍ തിരിച്ചടിക്കാന്‍ എടികെ ബാവുമസിലൂടെയും റോയ് കൃഷ്ണയിലൂടെയും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 38-ാം മിനിറ്റില്‍ ഇഗോര്‍ അംഗൂളയും സ്കോര്‍ഷീറ്റില്‍ ഇടം പിടിച്ചതോടെ മുംബൈ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്സിനുള്ളില്‍ ലഭിച്ച പന്ത് തട്ടിയിടേണ്ട ജോലി മാത്രമെ അംഗൂളോയ്ക്ക് ഉണ്ടായിരുന്നുള്ളു.
രണ്ടാം പകുതിയില്‍ എടികെ പോര്‍മുഖം തുറക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ ഏഴ് മിനിറ്റില്‍ രണ്ട് തവണയാണ് മുംബൈ ഗോള്‍ വല കുലുക്കിയത്. ജാഹുവിന്റെ അസിസ്റ്റില്‍ മോര്‍ട്ടാഡ ഫാളാണ് മുംബൈയുടെ നാലാം ഗോള്‍ നേടിയത്. 52-ാം മിനിറ്റില്‍ എടികെയുടെ പ്രതിരോധ താരങ്ങളെ മറികടന്ന് ബിപിന്റെ ഗോള്‍. സ്കോര്‍ 5-0.
60 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു എടികെയ്ക്ക് ആദ്യ ഗോള്‍ കണ്ടെത്തുന്നതിനായി. സ്ട്രൈക്കര്‍ ഡേവിഡ് വില്യംസാണ് ഗോള്‍ നേടിയത്. മുംബൈയുടെ മുന്ന് പ്രതിരോധ താരങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും ഷോട്ടുതിര്‍ക്കാന്‍ വില്യംസണ്‍ ഇടം കണ്ടെത്തി.
ജയത്തോടെ മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയമാണ് മുംബൈയ്ക്കുള്ളത്. എടികെ മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Also Read: അത് ഹൃദയഭേദകമായ നിമിഷമായിരുന്നു; രോഹിത് പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.