/indian-express-malayalam/media/media_files/uploads/2023/04/RR-vs-RCB-1.jpg)
Photo: IPL
Royal Challengers Bangalore vs Rajasthan Royals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 32-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 182 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
രാജസ്ഥാനായി ദേവദത്ത് പടിക്കല്‍ (52) അര്‍ദ്ധ സെഞ്ചുറി നേടി. യശസ്വി ജയ്സ്വാള്‍ (47), ദ്രുവ് ജൂറല്‍ (34) എന്നിവര്‍ പടിക്കലിന് മികച്ച പിന്തുണയാണ് നല്‍കിയത്. 99-1 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ ഏഴ് റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും, മുഹമ്മദ് സിറാജ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. നേരത്തെ ഫാഫ് ഡുപ്ലെസി (62), ഗ്ലെന്‍ മാക്സ്വല്‍ (77) എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ചിന്നസ്വാമിയില്‍ രാജസ്ഥാന് പ്രതീക്ഷിച്ചതിലും മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ വിരാട് കോഹ്ലിയെ ട്രെന്‍ ബോള്‍ട്ട് ഗോള്‍ഡന്‍ ഡക്കില്‍ മടക്കി. വൈകാതെ മൂന്നാമനായി എത്തിയ ഷഹബാസ് അഹമ്മദ് ബോള്‍ട്ടിന് മുന്നില്‍ കീഴടങ്ങി. എന്നാല്‍ പിന്നീട് ഫാഫ് ഡു പ്ലെസി - ഗ്ലെന്‍ മാക്സ്വല്‍ സഖ്യം ബാംഗ്ലൂരിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 67 പന്തില്‍ 127 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. സീസണിലെ അഞ്ചാം അര്‍ദ്ധ സെഞ്ചുറി നേടിയ ഡൂപ്ലെസിയെ റണ്ണൗട്ടാക്കി യശസ്വി ജയ്സ്വാളാണ് കൂട്ടുകെട്ട് പൊളിച്ചത്. 39 പന്തില്‍ 62 റണ്‍സാണ് ഡു പ്ലെസി നേടിയത്. അപകടകരമാം വിധം ബാറ്റ് വീശിയ മാക്സ്വല്ലിനെ അശ്വിന്‍ ഹോള്‍ഡറിന്റെ കൈകളിലെത്തിച്ചു.
44 പന്തില്‍ 77 റണ്‍സാണ് മാക്സ്വല്‍ നേടിയത്. ആറ് ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മഹിപാല്‍ ലാംറോര്‍ ദിനേഷ് കാര്‍ത്തിക്ക് (16) (8), സുയാഷ് (0), വനിന്ദു ഹസരങ്ക (6), വിജയകുമാര്‍ വൈശാഖ് (0) എന്നിവര്‍ രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്താതെ പവലിയനിലെത്തി. ഫാഫ്-ഡുപ്ലെസി വെടിക്കെട്ടിന് ശേഷം മികച്ച തിരിച്ചുവരവാണ രാജസ്ഥാന്‍ നടത്തിയത്.
രാജസ്ഥാനായി ട്രെന്‍ ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും യുസുവേന്ദ്ര ചഹലും ഓരോ വിക്കറ്റും സ്വന്തമാക്കി.
ടീം ലൈനപ്പ്
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, ഡേവിഡ് വില്ലി, വനിന്ദു ഹസരങ്ക, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.
പ്രിവ്യു
ലക്നൗവിനോട് വഴങ്ങിയ അവിശ്വസനീയ തോല്‍വിക്ക് ശേഷമാണ് സഞ്ജുവും കൂട്ടരും ശക്തരായ ബാംഗ്ലൂരിനെ നേരിടാനിറങ്ങുന്നത്. റണ്ണൊഴുകുന്ന ചിന്നസ്വാമിയില്‍ ടോസ് നിര്‍ണായകമാകും. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തില്ലെങ്കില്‍ തിരിച്ചടി നേരിടാനിടയുണ്ട്. ജോസ് ബട്ട്ലറിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്റെ ബാറ്റിങ് നിര അതിശക്തമാണ്.
മധ്യനിരയില്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായാല്‍ രാജസ്ഥാന് ഏത് സ്കോറും മറികടക്കാന്‍ സാധിക്കും. പോയ സീസണിലെ ഫോം ഇത്തവണയും യുസുവേന്ദ്ര ചഹല്‍ ആവര്‍ത്തിക്കുന്നു. വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ ചഹലുണ്ട്. പവര്‍പ്ലെ ഓവറുകളില്‍ എതിര്‍ ടീമിന്റെ പേടി സ്വപ്നമാണ് ട്രെന്‍ ബോള്‍ട്ട്. ബാംഗ്ലൂരിന് വെല്ലുവിളി ഉയര്‍ത്താനുള്ള മരുന്ന് സഞ്ജുവിന്റെ പക്കലുണ്ട്.
ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെ മറികടക്കുക എന്നത് ഏത് ടീമിനും ദുഷ്കരമായ ഒന്നാണ്. പ്രത്യേകിച്ചും ബാംഗ്ലൂര്‍ ഇത്തവണ മിന്നും ഫോമിലും. വിരാട് കോഹ്ലി - ഫാഫ് ഡു പ്ലെസി ഓപ്പണിങ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ കരുത്ത്. റണ്‍ വേട്ടക്കാരില്‍ ഡു പ്ലെസി ഒന്നാമതും കോഹ്ലി മൂന്നാമതുമാണ്. ഇരുവരും നാല് വീതം അര്‍ദ്ധ സെഞ്ചുറിയും നേടി.
ബോളര്‍മാരുടെ ശവപ്പറമ്പായ ചിന്നസ്വാമിയില്‍ ഇത്തവണ വേറിട്ട് നിന്നത് മുഹമ്മദ് സിറാജ് മാത്രമായിരുന്നു. തന്റെ കൃത്യതയാര്‍ന്ന ബോളിങ് മികവില്‍ റണ്ണൊഴുക്ക് തടയാന്‍ സിറാജിന് സാധിച്ചു. മറ്റ് ബോളര്‍മാരും സിറാജിന് മികച്ച പിന്തുണ നല്‍കിയാല്‍ ബാംഗ്ലൂരിനെ പിടിച്ചു കെട്ടാന്‍ എതിര്‍ ടീമുകള്‍ ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.