/indian-express-malayalam/media/media_files/uploads/2023/04/Rohit-Sharma.jpg)
Photo: Facebook/ IPL
Mumbai Indians vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. അവസാന ഓവര്‍ വരെ നീണ്ട് നിന്ന ത്രില്ലറിലാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ഉജ്വല തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ 14 റണ്‍സെടുത്ത് രോഹിത് കൃത്യമായ സൂചന നല്‍കി. രോഹിതിന്റെ പാത ഇഷാനും തുടരുന്നതാണ് പിന്നീട് കണ്ടത്. 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ത്ത്.
നിര്‍ഭാഗ്യവശാല്‍ ഇഷാന്‍ റണ്ണൗട്ടാവുകയായിരുന്നു. 31 റണ്‍സാണ് താരം നേടിയത്. പിന്നീട് മൂന്നാമനായെത്തിയ തിലക് വര്‍മയെ കൂട്ടുപിടിച്ച് രോഹിത് ലക്ഷ്യത്തിലേക്ക് മുംബൈയെ നയിച്ചു. 28 പന്തില്‍ 24 ഇന്നിങ്സുകള്‍ക്ക് ശേഷം രോഹിത് ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടി. റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞപ്പോഴാണ് മുകേഷ് കുമാറെത്തിയത്.
ആദ്യ നാല് പന്തുകളില്‍ 16 റണ്‍സെടുത്ത തിലക് അടുത്ത പന്തില്‍ കീഴടങ്ങി. 41 റണ്‍സാണ് തിലക് നേടിയത്. തിലകിന് പുറകെ എത്തിയ സൂര്യകുമാര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ആദ്യ പന്തില്‍ തന്നെ പുറത്തായി താരം. 45 പന്തില്‍ 65 റണ്‍സെടുത്ത രോഹിതിനെ അഭിഷേക് പോറല്‍ മുസ്തഫിസൂറിന്റെ പന്തില്‍ അത്യുഗ്രന്‍ ക്യാച്ചെടുത്താണ് മടക്കിയത്.
അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാനാവശ്യമായിരുന്നത് 20 റണ്‍സായിരുന്നു. 19-ാം ഓവറില്‍ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ഓരോ സിക്സര്‍ വീതം പായിച്ച് 15 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഞ്ച് റണ്‍സ് അകലെ മാത്രമായിരുന്നു ജയം 20-ാം ഓവറിന്റെ അവസാന പന്ത് വരെ എത്തിക്കാന്‍ ആൻറിച്ച് നോര്‍ക്കെയ്ക്ക് കഴിഞ്ഞു.
പക്ഷെ ഗ്രീനും (എട്ട് പന്തില്‍ 17) ഡേവിഡും (11 പന്തില്‍ 13) ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ ഡേവിഡ് വാര്‍ണര്‍ (56), അക്സര്‍ പട്ടേല്‍ (54) എന്നിവരുടെ മികവിലാണ് ഡല്‍ഹി 172 റണ്‍സ് നേടിയത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തോട് 13-ാം ഓവര്‍ വരെ നീതി പുലര്‍ത്താന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. പൃഥ്വി ഷായെ (15) മടക്കി ഹൃത്വിക്ക് ഷോക്കീനാണ് ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് 43 റണ്‍സ് നേടി.
പാണ്ഡെയെ (26) മടക്കി പിയൂഷ് ചൗള കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ യാഷ് ദുളിനെ (2) നേഹല്‍ വധേരയുടെ അത്യുഗ്രന്‍ ക്യാച്ചില്‍ റിലെ മെരിഡിത്ത് പറഞ്ഞയച്ചു. റോവ്മാന്‍ പവല്‍ (0), ലളിത് യാദവ് എന്നിവരെ പവലിയനിലേക്ക് അയക്കാന്‍ ചൗളയ്ക്കായി. എന്നാല്‍ അക്സര്‍ പട്ടേല്‍ ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
സ്കോറിങ്ങിന് വേഗം കൂട്ടാനായില്ലെങ്കിലും സീസണിലെ മൂന്നാം അര്‍ദ്ധ സെഞ്ചുറി കുറിക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞു. വാര്‍ണറിനെ കാഴ്ചക്കാരനാക്കി മാറ്റി അക്സര്‍ മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും മര്‍ദിച്ചു. 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച താരമാണ് ഡല്‍ഹി സ്കോര്‍ 160 കടത്തിയത്. 19-ാം ഓവറില്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എത്തിയതോടെയാണ് മുംബൈക്കാശ്വാസമായത്.
ആദ്യ പന്തില്‍ അക്സര്‍ മടങ്ങി, 25 പന്തില്‍ 54 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് ഫോറും അഞ്ച് സിക്സും താരം നേടി. വൈകാതെ വാര്‍ണറിന്റെ വിക്കറ്റും വീണു. സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെയുള്ള സമ്മര്‍ദമാണ് വാര്‍ണറിനെ വീഴ്ത്തിയത് (56). അടുത്ത രണ്ട് പന്തില്‍ കുല്‍ദീപ് യാദവ് റണ്ണൗട്ടും അഭിഷേക് പോറല്‍ ക്യാച്ച് നല്‍കിയും പവലിയനിലേക്ക് എത്തി.
ടീം ലൈനപ്പ്
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, ആൻറിച്ച് നോര്‍ക്കെ, മുസ്തഫിസുർ റഹ്മാൻ.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, റിലേ മെറിഡിത്ത്.
പ്രിവ്യു
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈ എത്തുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ പോരായ്മകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് അത് തുടരാന്‍ സാധിച്ചിരുന്നില്ല എന്നതാണ് തിരിച്ചടിയായത്.
സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, തിലക് വര്‍മ തുടങ്ങിയവര്‍ പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ട്. പരിചയസമ്പത്ത് കുറഞ്ഞ ബോളിങ് നിരയാണ് മറ്റൊരു പോരായ്മ. ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിക്കെതിരെ കളത്തിലെത്തുമൊ എന്നതില്‍ വ്യക്തതയില്ല. ജേസണ്‍ ബെഹറന്‍ഡോര്‍ഫാണെങ്കില്‍ റണ്‍സ് വിട്ടു നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നില്ല.
മുംബൈയേക്കാള്‍ കഷ്ടത്തിലാണ് ഡല്‍ഹിയുടെ അവസ്ഥ. കളിച്ച മൂന്നും പരാജയപ്പെട്ടു. നായകന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ബാറ്റിങ്ങില്‍ ശോഭിക്കുന്നത്. എന്നാല്‍ വാര്‍ണറിന് സ്കോറിങ്ങിന് വേഗം കൂട്ടാനാകുന്നില്ല എന്നത് ടീമിന് വലിയ തിരിച്ചടിയാകുന്നു. പൃഥ്വി ഷാ, മനീഷ് പാണ്ഡെ, റീലി റൂസോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താനാകുന്നുമില്ല.
ബോളിങ്ങില്‍ അന്താരാഷ്ട്ര പരിചയമുള്ള നിരവധി പേരുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. അക്സര്‍ പട്ടേല്‍, ആന്‍റിച്ച് നോര്‍ക്കെ, ഖലീല്‍ അഹമ്മദ്, റോവ്മാന്‍ പവല്‍ എന്നിവരെല്ലാം എതിര്‍ ടീം ബാറ്റര്‍മാര്‍ക്ക് റണ്‍സ് സ്കോര്‍ ചെയ്യാന്‍ അവസരമൊരുക്കുകയാണ്. കുല്‍ദീപ് യാദവ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us