പത്രം വായിച്ചാണ് ചന്ദര്‍പാല്‍ ദയാല്‍ തന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം പത്രമെടുക്കാന്‍ മടിച്ചു. തന്റെ മകന്‍ യാഷ് ദയാല്‍ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ചിത്രം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ നിന്നും ചന്ദര്‍പാല്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു.
ഇന്നലെ യാഷ് ദയാലിന്റെ അവസാന പന്തും ബൗണ്ടറി കടന്നതോടെ റിങ്കു സിങ്ങിന്റെ വീട്ടില്‍ ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍ യഷിന്റെ വീട്ടില്‍ ചന്ദര്‍പാല്‍ ആ നിമിഷം തന്നെ ടിവി ഓഫ് ചെയ്തു. യാഷ് കരയുകയായിരുന്നെന്ന് അടുത്ത ബന്ധുക്കളില്‍ നിന്ന് വൈകാതെ ചന്ദര്‍പാല്‍ അറിഞ്ഞു.
ഇതറിഞ്ഞ ചന്ദര്‍പാല്‍ ആദ്യം വിളിച്ചത് ഗ്യാലറിയിലുണ്ടായിരുന്ന യാഷിന്റെ ആന്റി, അങ്കിള്‍, കസിന്‍ സിസ്റ്റര്‍ എന്നിവരെയായിരുന്നു. യാഷിന് ഊര്‍ജം നല്‍കണമെന്നും കൂടെ നില്‍ക്കണമെന്നും ചന്ദര്‍പാല്‍ അവരോട് പറഞ്ഞു.
“യാഷ് കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. ഇത്തരം സാഹചര്യത്തില്‍ അവന്‍ ഒന്നും മിണ്ടാതിരിക്കാനുള്ള സാധ്യതയുണ്ട്,” ചന്ദര്‍പാല്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
80-കളില്‍ പേസ് ബോളറായിരുന്നു സന്ദര്‍പാല്‍. വിസി ട്രോഫിയിലുള്‍പ്പടെ കളിച്ചിട്ടുമുണ്ട്.
“ഞാനും ഒരു ക്രിക്കറ്ററായിരുന്നു. ഒരു അച്ഛനും അമ്മയും ആയിരിക്കുക എന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. ഞാനും നിരാശനായിരുന്നു. എങ്ങനെ സംഭവിച്ചുവെന്ന് ഓര്‍ത്തു. എന്റെ മകനെ ഓര്‍ത്ത് ഞാന്‍ ദുഖിതനായിരുന്നു,” ചന്ദര്‍പാല്‍ പറഞ്ഞു. തന്റെ മകനൊപ്പം ഇനിയുണ്ടാകുമെന്നും അടുത്ത മത്സരം നേരിട്ട് കാണുമെന്നും ചന്ദര്‍പാല്‍ തീരുമാനിച്ചു. ശേഷമായിരുന്നു അദ്ദേഹം യാഷിനെ വിളിച്ചത്.
ഇന്ത്യക്കായി കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന യാഷിനോട് പിതാവ് എന്ന നിലയില്‍ എന്ത് പറയുമെന്ന ചിന്തയായിരുന്നു ചന്ദര്‍പാലിന്റെ മനസില്‍. യാഷിന്റെ കരിയറിലെ തന്നെ ഏറ്റവും ദുര്‍ബലമായ നിമിഷം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്ന സമയത്ത്.
പേടിക്കേണ്ടതില്ലെന്നായിരുന്നു ചന്ദര്‍പാല്‍ ആദ്യം യാഷിനോട് പറഞ്ഞത്.
“ഇത് ക്രിക്കറ്റില്‍ പുതുമയുള്ള ഒന്നല്ല. ബോളര്‍മാര്‍ റണ്‍സ് വഴങ്ങും. വലിയ ബോളര്‍മാര്‍ക്ക് പോലും ഇത് സംഭവിച്ചിട്ടുണ്. കഠിനാധ്വാനം ചെയ്യുക. എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തുക. ഒരു കാര്യം മറക്കരുത്, ആദ്യമായല്ല ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. ലസിത് മലിംഗയേയും സ്റ്റുവേര്‍ട്ട് ബ്രോഡിനേയും പോലുള്ളവര്‍ ഈ സാഹചര്യങ്ങളിലൂടെ കടന്ന് പോയവരാണ്,” ചന്ദര്‍പാല്‍ യാഷിനോട് പറഞ്ഞു.
തന്റെ പഴയകാല കളിജീവിതവും ചന്ദര്‍പാല്‍ ഓര്‍ത്തെടുത്തു. ഒരു ഓവറില്‍ മൂന്ന് സിക്സറുകള്‍ വഴങ്ങിയ ദിനവും യാഷിന്റെ മുന്നില്‍ ചൂണ്ടിക്കാണിച്ചു. യാഷിനോട് നിരവധി തവണ പറഞ്ഞിട്ടുള്ള കഥ വീണ്ടും ആവര്‍ത്തിച്ച കാര്യം ചന്ദര്‍പാല്‍ കൂട്ടിച്ചേര്‍ത്തു.
13-ാം തീയതി നടക്കാനിരിക്കുന്ന മത്സരം കാണാന്‍ ഞാനുണ്ടാകുമെന്ന് അവന് വാക്ക് നല്‍കിയിട്ടുണ്ട്. അവന്‍ തീര്‍ച്ചയായും തിരിച്ച് വരും. ഈ ഇരുണ്ട രാത്രി ഇനി ഒരിക്കലും അവന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ, ചന്ദര്‍പാല്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷുകളില്‍ ഒന്നിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ ആവശ്യമായിരുന്നത് 29 റണ്‍സ്.
നായകന്‍ റാഷിദ് ഖാന്‍ വിശ്വാസം അര്‍പ്പിച്ചത് യാഷ് ദയാലില്‍. ക്രീസില്‍ ഉമേഷ് യാദവും റിങ്കു സിങ്ങും. ആദ്യ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിള്‍ ഇട്ട് റിങ്കുവിനെ സ്ട്രൈക്കിലെത്തിച്ചു. പിന്നീട് മൈതാനം കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. യാഷെറിഞ്ഞ അടുത്ത അഞ്ച് പന്തുകള്‍ ബൗണ്ടറിക്ക് മുകളിലൂടെ അനായാസം റിങ്കു പായിച്ചു.
21 പന്തില്‍ ഒരു ഫോറും ആറ് സിക്സും ഉള്‍പ്പടെ 48 റണ്‍സാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. റിങ്കു നേരിട്ട അവസാന ഏഴ് പന്തില്‍ ആറും സിക്സറുകളായിരുന്നു. ഒന്ന് ഫോറിലും കലാശിച്ചു. കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ച റിങ്കുവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.