/indian-express-malayalam/media/media_files/uploads/2022/04/if-i-was-an-indian-selector-id-keep-close-eye-on-him-says-vaughan-640995-FI.jpg)
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി മികവുള്ള നിരവധി ഫാസ്റ്റ് ബോളര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായി. ലോകത്തിലെ തന്നെ മികച്ച പേസര്‍മാരായി വിലയിരുത്തപ്പെടുന്ന ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ നിര്‍ണായക ഘടകമായ മുഹമ്മദ് സിറാജ് എന്നിവരാണ് പ്രമുഖര്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്കെത്തിയാല്‍ ദീപക് ചഹര്‍, പ്രസിദ്ധ കൃഷ്ണ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ലോകനിലവാരം പുലര്‍ത്തുന്നവരാണ്.
എന്നിരുന്നാലും ദേശിയ ടീമിലെത്തിയിട്ട് മികച്ച പ്രകടനം പുറത്തെടുത്തിട്ടും തഴയപ്പെട്ട താരമാണ് ടി. നടരാജന്‍. 2020 ല്‍ സണ്‍റൈസേഴ്സിനായി സ്ഥിരതയോടെ പന്തെറിഞ്ഞതിന് ശേഷമായിരുന്നു നടരാജന്റെ പേര് ചര്‍ച്ചയായത്. പിന്നീട് ഓസ്ട്രേലിയക്കെതിരായ വിദേശ പര്യടനത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിഡ്ണി ടെസ്റ്റിലുള്‍പ്പടെ പരമ്പരയിലുടനീളം ഇന്ത്യന്‍ ബോളിങ്ങിലെ പ്രധാനികളില്‍ ഒരാളാകാന്‍ നടരാജന് സാധിച്ചിരുന്നു.
പിന്നാടായിരുന്നു പരിക്ക് വില്ലനായി എത്തിയത്, അധികം വൈകാതെ തന്നെ നടരാജന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഒരു വര്‍ഷത്തിലധികമായി നടരാജന്‍ ഇന്ത്യക്കായി കഴിച്ചിട്ട്. എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ താരം ഉജ്വല തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി അഞ്ച് മത്സരങ്ങലില്‍ നിന്ന് 11 വിക്കറ്റുകള്‍ ഇതിനോടകം തന്നെ നേടി. താരത്തെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.
"ഇന്ത്യന്‍ ടീം നടരാജനെ പരിഗണിക്കാതിരിക്കുന്നത് വിഡ്ഢിത്തമായി തോന്നുന്നു. അവനൊരു ഇടം കൈയ്യന്‍ ബോളറാണ്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഇടം കൈയ്യന്‍ ബോളര്‍മാര്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. നല്ല ടി 20 ടീമുകളില്‍ ഒരു ഇടം കൈയ്യന്‍ പേസറെങ്കിലും കാണും. ഞാന്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ടറാണെങ്കില്‍ തീര്‍ച്ചയായും നടരാജനെ നിരീക്ഷിച്ചേനെ," വോണ്‍ ക്രിക്ബസിനോട് പറഞ്ഞു.
Also Read: കാല്‍പന്തുകളിയുടെ മെക്കയില്‍ ഇനി ‘സന്തോഷ’രാവുകള്‍; കേരളം ഇന്ന് രാജസ്ഥാനെതിരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.