മഞ്ചേരി: കേരളത്തിലെ കാല്പന്തുകളിയുടെ മെക്കയില്‍ ഇന്ന് 75-ാമത് സന്തോഷ് ട്രോഫിക്ക് തുടക്കം. ഉദ്ഘാടന ദിവസത്തില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാള്‍ പഞ്ചാബിനെ നേരിട്ട്. രാത്രി എട്ടിന് ആതിഥേയരായ കേരളത്തിന് രാജസ്ഥാനാണ് എതിരാളികള്‍.
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, കേരളം എന്നീ ടീമുകളാണ്. ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപൂര്‍ എന്നിവരും.
ഒരു ടീമിന് നാല് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ഇരു ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. കടുത്ത യോഗ്യതാ റൗണ്ടിന് ശേഷമാണ് അവസാന പത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ഒരു ടീമിനേയും എഴുതി തള്ളാനാകില്ല.
കരുത്ത് തെളിയിക്കാന്‍ കേരളം
കിരീടം നേടി കരുത്ത് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് കേരളത്തെ കാത്തിരിക്കുന്നത്. 1993 ലാണ് സ്വന്തം മണ്ണില്‍ കേരളം അവസാനമായി കിരീടമുയര്‍ത്തിയത്. ആര്‍ത്തിരമ്പുന്ന ഗ്യാലറികള്‍ക്ക് മുന്നില്‍ തളരാതെ പോരാടാന്‍ കഴിഞ്ഞാല്‍ കപ്പുയര്‍ത്താം. കാരണം, ടീം മികച്ചതാണ്.
കേരളത്തിന്റെ കരുത്ത് മധ്യനിരയാണ്. ആക്രമണ ഫുട്ബോളാണ് പരിശീലകന് ജിനൊ ജോര്‍ജിന്റെ തന്ത്രം. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള് കേരളത്തിന്റെ സമ്പാദ്യം 18 ഗോളുകളായിരുന്നു.
3-4-3 എന്ന ശൈലിയിലായിരിക്കും കേരളം കളത്തിലിറങ്ങുക. ജി. സഞ്ജു, മുഹബത്ത് ബാസിത്, ബിബിന്‍ അജയന് എന്നിവര്‍ക്കാവും പ്രതിരോധത്തിന്റെ ചുമതല. നായകന് ജിജൊ ജോസഫ് നയിക്കുന്ന മധ്യനിരയില്‍ കെ. സല്മാന്, എന്‍. എസ്. ഷിഖില്‍, ഫസലുറഹ്മാന് എന്നിവരുമുണ്ടാകും.
മുന്നേറ്റ നിരയില്‍ മുഹമ്മദ് സഫ്നാദ്, ടി. കെ. ജെസിന്, പി. എന്‍ നൗഫല്‍ എന്നിവര്‍ക്കാവും മുന്‍ഗണന. മറുവശത്ത് രാജസ്ഥാനും മോശമല്ല. മഹാരാഷ്ട്രയെ വരെ അട്ടിമറിച്ചാണ് ഫൈനല്‍ റൗണ്ടിലേക്ക് രാജസ്ഥാന് കുതിച്ചത്. എങ്കിലും കളത്തില്‍ കേരളത്തിന് ആധിപത്യം സ്ഥാപിക്കാനായേക്കും.
Also Read: സന്തോഷ് ട്രോഫിക്കായി മലപ്പുറം ഒരുങ്ങി; മത്സരക്രമം, ടിക്കറ്റ് നിരക്ക്; മറ്റ് വിശദാംശങ്ങള്‍