/indian-express-malayalam/media/media_files/uploads/2021/04/ipl2021.jpg)
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വലിയ ആശങ്കകൾക്കിടയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്. 13 വര്‍ഷം കളിച്ചിട്ടും കിരീടമൊന്നും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള അവസരമാണ് ബാംഗ്ലൂരിനിത്. ചെന്നൈയിലെ സ്ലോ പിച്ച് സാധാരണ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്.
Read More: ഐപിഎൽ 2021 ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആവുമോ? മറുപടിയുമായി സിഎസ്‌കെ സിഇഒ
കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ദീൻ, സച്ചിൻ ബേബി തുടങ്ങിയ മലയാളി താരങ്ങൾ ഉൾപ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അൽപം മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മധ്യ ഓവറുകളിൽ കരുത്താകാൻ മാക്‌സ്‌വെൽ, കെയിൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.
മുംബൈയുടെ ഓപ്പണർ ഡി കോക്ക് ഇല്ലാതെയാകും മുംബൈ നാളെ ഇറങ്ങുക. പാക്കിസ്ഥാനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂർ നിരയിൽ കോവിഡ് മുക്തനായ ദേവദത്ത് പടിക്കൽ ടീമിനൊപ്പം ചേർന്നത് ടീമിന് ആശ്വാസം നൽകുന്നതാണ്. പരിശീലന മത്സരങ്ങളിൽ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നൽകുന്നതാണ്.
ഡി കോക്കിന്റെ അഭാവത്തിൽ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശർമയുമാകും ബാറ്റിങ് തുടങ്ങുക. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ അവസാന ഇലവനിൽ ഇടം നേടും. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളിൽ, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് സാധ്യത. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ദീനും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
ബോളിങ്ങിൽ വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവർ അവസാന പതിനൊന്നിൽ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്‌വെല്ലിനും പുറമെ ഡാൻ ക്രിസ്റ്റ്യനും, കെയിൽ ജാമിൻസനുമാണ് സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us