/indian-express-malayalam/media/media_files/2025/02/27/3gzHFZm555BogZzEN4gp.jpg)
ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഇബ്രാഹിം സദ്രാൻ Photograph: (അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
Ibrahim Zadran Champions Trophy Century: കാബൂളിലെ തെരുവോരത്ത് ക്രിക്കറ്റ് കളിച്ച് നടന്ന് വളർന്ന പയ്യൻ. 2010ലെ ട്വന്റി20 ലോകകപ്പിലേക്ക് അഫ്ഗാനിസ്ഥാൻ ടീം യോഗ്യത നേടിയതിന്റെ സന്തോഷം നെഞ്ചിലേറ്റിയാണ് ഇബ്രാഹിം സദ്രാൻ ക്രിക്കറ്റ് ഗൗരവമായി എടുത്തത്. അതുവരെ വീട്ടുമുറ്റത്തും തെരുവോരത്തും ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ആ കൊച്ചു പയ്യൻ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. ഒടുവിൽ 18ാം വയസിൽ അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം. പിന്നെ ലോക ക്രിക്കറ്റ് ഭൂപടത്തിൽ അഫ്ഗാന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി സദ്രാൻ ബാറ്റ് വീശിക്കൊണ്ടേയിരുന്നു.
മുജീബ് ഉർ റഹ്മാന് ഒപ്പം ക്രിക്കറ്റ് കളിച്ചണ് സദ്രാനും വളർന്നത്. ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകർക് സദ്രാൻ ചില്ലരക്കാരനല്ല എന്ന് വ്യക്തമായി. പരിശീലകർ സദ്രാന്റെ ബാറ്റിങ്ങിനെ ഉടച്ചു വാർക്കുന്നതിന് ഇടയിൽ സദ്രാൻ സച്ചിൻ ടെണ്ടുൽക്കറുടേയും കുമാർ സംഗക്കാരയുടേയും രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയുമെല്ലാം ബാറ്റിങ് വീഡിയോകൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു. തന്റെ തലച്ചോറിലേക്ക് അവരുടെ സാങ്കേതിക തികവുകൾ സദ്രാൻ കോർത്തു കോർത്ത് ചേർത്തു വെച്ചു.
രണ്ട് വർഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു
2001 ഡിസംബർ 12നാണ് സദ്രാന്റെ ജനനം. 16ാം വയസിൽ അഫ്ഗാനിസ്ഥാന്റെ അണ്ടർ 19 ടീമിലേക്ക് തന്റെ ബാറ്റിങ് മികവിലൂടെ സദ്രാൻ എത്തി. 2019ലാണ് സദ്രാൻ അഫ്ഗാനിസ്ഥാന്റെ ദേശിയ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നെ അഫ്ഗാനിസ്ഥാന്റെ ദേശിയ ടീമിലേക്ക് സദ്രാൻ എത്തുന്നത് 2022ലാണ്.
ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സമയം സദ്രാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ശാരീരികമായും മാനസികമായും കൂടുതൽ കരുത്ത് നേടാൻ സദ്രാൻ ശ്രമിച്ചുകൊണ്ടിരുന്നു. അത് വെറുതെയായില്ല. ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചായിരുന്നു സദ്രാന്റെ തിരിച്ചു വരവ്.
ഗംഭീര തിരിച്ചുവരവ്
2022 ജൂൺ മുതൽ 2023 ജൂലൈ വരെയുള്ള കണക്ക് എടുത്താൽ നാല് സെഞ്ചുറിയാണ് ഈ കാലയളവിൽ സദ്രാനിൽ നിന്ന് വന്നത്. അതിന് ശേഷം സദ്രാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2022ൽ സദ്രാനെ തേടി ഐസിസിയുടെ അംഗീകാരവും എത്തി. ഐസിസിയുടെ ആ വർഷത്തെ എമർജിങ് ക്രിക്കറ്റർ അവാർഡ് ആണ് സദ്രാൻ നേടിയെടുത്തത്.
സമ്മർദങ്ങളിൽ ഇടറി വീഴില്ല
സമ്മർദ ഘട്ടങ്ങളിൽ ആഞ്ഞടിക്കാനുള്ള കഴിവാണ് സദ്രാനെ വേറിട്ട് നിർത്തുന്നത്. സദ്രാന്റെ സാങ്കേതിക തികവ് എത്രമാത്രം മികച്ചതാണ് എന്ന് ചാംപ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ടിനെതിരായ ഇന്നിങ്സോടെ ലോകം കാണുകയും ചെയ്കു. അഫ്ഗാൻ ക്രിക്കറ്റിലെ ബാറ്റിങ് സെൻസേഷന് റൺസ് വാരിക്കൂട്ടുന്നതിൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും വേഗത്തിൽ 1000 റൺസ് സ്കോർ ചെയ്ത താരം എന്ന നേട്ടം സദ്രാൻ തന്റെ പേരിലേക്ക് ചേർത്തു.
35 ഏകദിനങ്ങളാണ് സദ്രാൻ ഇതുവരെ അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചത്. നേടിയത് ആറ് സെഞ്ചുറി. ബാറ്റിങ് ശരാശരി 50ൽ നിർത്തിയാണ് അഫ്ഗാൻ റൺ മെഷീൻ ടീമിനെ തോളിലേറ്റുന്നത്. അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും സദ്രാൻ കളിക്കുന്നുണ്ട്. ഏഴ് ടെസ്റ്റിൽ നിന്ന് നേടിയത് 541 റൺസ്. റെഡ് ബോളിൽ ഒരു സെഞ്ചുറിയാണ് സദ്രാന്റെ പേരിലുള്ളത്.
35 ഏകദിനങ്ങളിൽ നിന്ന് 1634 റൺസ് സദ്രാൻ ഇതുവരെ സ്കോർ ചെയ്ത് കഴിഞ്ഞു. ആറ് സെഞ്ചുറിക്കൊപ്പം ഏഴ് അർധ ശതകവും സദ്രാന്റെ ബാറ്റിൽ നിന്ന് വന്നു. 44 ട്വന്റി20 മത്സരങ്ങളാണ് സദ്രാൻ അഫ്ഗാന് വേണ്ടി ഇതുവരെ കളിച്ചത്. നേടിയത് 1105 റൺസ്. എട്ട് വട്ടം ട്വന്റി20 ക്രിക്കറ്റിൽ സദ്രാൻ അർധ ശതകം പിന്നിട്ടു.
ചാംപ്യൻസ് ട്രോഫിയിലെ വെടിക്കെട്ട്
ചാംപ്യൻസ് ട്രോഫിയിൽ നിറഞ്ഞാടിയതോടെ സദ്രാൻ എന്ന പേര് തിരയുകയാണ് ക്രിക്കറ്റ് ലോകം ഇന്റർനെറ്റിൽ. ഇംഗ്ലണ്ടിന് ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നാണ് സദ്രാന്റെ ക്ലാസിക് സെഞ്ചുറി വന്നത്. ചാംപ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം ഇനി സദ്രാന് സ്വന്തം.
ഇംഗ്ലണ്ടിന് എതിരെ മറ്റ് അഫ്ഗാൻ ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ 146 പന്തിൽ നിന്ന് 177 റൺസ് ആണ് സദ്രാൻ അടിച്ചെടുത്തത്. ഗദ്ദാഫിയിലെ നിറഞ്ഞുകവിഞ്ഞ കാണികൾക്ക് മുൻപിൽ നിന്ന് സദ്രാൻ ഇംഗ്ലണ്ട് ബോളർമാരെ അടിച്ചു പറത്തി. 12 ഫോറും ആറ് കൂറ്റൻ സിക്സും സദ്രാന്റെ ബാറ്റിൽ നിന്ന് വന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന തന്റെ തന്നെ റെക്കോർഡ് സദ്രാൻ ഇവിടെ തിരുത്തി എഴുതുകയും ചെയ്തു. ഇതിനൊപ്പം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരം എന്ന നേട്ടവും സദ്രാൻ തന്റെ പേരിലാക്കി.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ; വിദർഭക്ക് കൂട്ടത്തകർച്ച
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: വിദർഭയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി, കേരള പേസർമാരുടെ പ്രകടനം നിർണായകം
- Women Premier League: ബോളുകൊണ്ടും ബാറ്റുകൊണ്ടും ആക്രമിച്ച് നാറ്റ്; യുപിയെ വീഴ്ത്തി മുംബൈ
- Champions Trophy: ലാഹോറിൽ അട്ടിമറി വസന്തം; അഫ്ഗാനിസ്ഥാന് എട്ട് റൺസ് ജയം; ഇംഗ്ലണ്ട് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.