/indian-express-malayalam/media/media_files/uploads/2021/05/bcci-president-sourav-ganguly-on-ipl-494269-FI.jpg)
ന്യൂഡൽഹി: താൻ എടികെ ബോർഡ് അംഗത്വത്തിൽ നിന്നും പിന്മാറിയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സഞ്ജീവ് ഗോയങ്കയ്‌ക്കൊപ്പം ടീമിന്റെ സഹഉടമയായിരിക്കുന്നതിൽ ഭിന്നതാൽപര്യ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ലഖ്‌നൗ ഫ്രാഞ്ചൈസി ഗോയങ്കയുടെ ആർപിഎസ്‌ജി വെഞ്ചേഴ്‌സ് ലിമിറ്റഡ് 7,090 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പിന്നാലെ ബിസിസിഐ പ്രസിഡന്റിന്റെ ഭിന്ന താത്പര്യങ്ങളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എടികെ വിട്ടതായുള്ള ഗാംഗുലിയുടെ സ്ഥിരീകരണം. ബിസിസിഐ മേധാവി ആയിരിക്കെ തന്നെ അദ്ദേഹം എടികെ മോഹൻ ബഗാൻ ബോർഡ് അംഗമായിരിക്കുന്നതിൽ ചില ബിസിസിഐ അംഗങ്ങൾ പോലും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
എടികെ മോഹൻ ബഗാൻ ബോർഡിൽ നിന്നും പിന്മാറിയോ എന്ന ഇന്ത്യൻ എക്‌സ്പ്രസിന്റെ ചോദ്യത്തിനു “അതെ മാറി” എന്ന് ഒറ്റവാക്കിലായിരുന്നു ഗാംഗുലിയുടെ മറുപടി.
എന്നാൽ, ക്ലബ് വെബ്‌സൈറ്റിൽ ഇന്ന് രാവിലെ വരെയും ഗാംഗുലിയെ ബോർഡ് അംഗമായും ഗോയങ്കയെ അധ്യക്ഷനായും കാണിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഗോയങ്കയിൽ നിന്നും മറുപടി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഐപിഎൽ ടീം സ്വന്തമാക്കിയതിനു പിന്നാലെ, കഴിഞ്ഞ ദിവസം ഗാംഗുലി മോഹൻബഗാനിൽ നിന്നും പൂർണമായും ഒഴിയുകയാണെന്ന് ഗോയെങ്ക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
നേരത്തെ, ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച ഒരു മുതിർന്ന ബിസിസിഐ അംഗം “ഗാംഗുലി പ്രസിഡന്റാണ്, അദ്ദേഹം അത് മനസ്സിലാക്കേണ്ടതുണ്ട്. ഇതാദ്യമായല്ല അദ്ദേഹം ഈ അവസ്ഥയിലാകുന്നത്,” എന്ന് പറഞ്ഞിരുന്നു.
നേരത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശക പദവി വഹിച്ചതിന്റെ പേരിൽ ഗാംഗുലിക്ക് സമാന ആരോപണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ അന്ന് ബിസിസിഐയോട് ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് പറഞ്ഞ് ഗാംഗുലി ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
Also Read: നീരജ് ചോപ്ര, പിഎസ് ശ്രീജേഷ് അടക്കം 11 കായിക താരങ്ങൾക്ക് ഖേൽ രത്നയ്ക്ക് ശുപാർശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.