/indian-express-malayalam/media/media_files/uploads/2020/12/pandya-Kohli-India.jpg)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ വിജയശിൽപ്പിയായി മാറിയത് ഹാർദിക് പാണ്ഡ്യയാണ്. അവസാന ഓവർ വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ടി20യുടെ എല്ലാ അഴകും കോർത്തിണക്കിയുള്ള പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അവസാന അഞ്ച് പന്തിൽ 12 റൺസ് വേണ്ടിയിരുന്നപ്പോഴും തന്റെ അനുഭവസമ്പത്തെല്ലാം ആയുധമാക്കി രണ്ട് സിക്സറുകൾ പായിച്ചാണ് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട പാണ്ഡ്യ അത്തരമൊരു മിന്നും പ്രകടനത്തിന് പിന്നിലെ പ്രചോദനമാരെന്നും വെളിപ്പെടുത്തി. മധ്യനിരയിൽ സമാന പ്രകടനങ്ങളുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച എംഎസ് ധോണിക്കും കിറോൺ പൊള്ളാർഡിനുമൊപ്പം ഏറെക്കാലം കളിച്ച് പരിചയമുള്ള പാണ്ഡ്യ ഇവരിൽ ആരെയാണ് മാതൃകയാക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം പൊള്ളാർഡിന്റെ പേര് പറഞ്ഞത്. പൊള്ളാർഡാണ് എപ്പോഴും തന്റെ മാതൃകയെന്ന് പാണ്ഡ്യ പറഞ്ഞു. മുംബൈ ഇന്ത്യൻസിന് വേണ്ടിയും വെസ്റ്റ് ഇൻഡീസിനുവേണ്ടിയും വലിയ ചേസുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.
Also Read: പാണ്ഡ്യ ഫിനിഷ് ചെയ്തത് ധോണിയെപ്പോലെ, അപകടകാരിയെന്ന് അറിഞ്ഞതായി ഓസീസ് പരിശീലകൻ
"പൊള്ളാർഡ് തന്റെ രാജ്യത്തിനും ഫ്രാഞ്ചൈസിക്കും വേണ്ടി പലതവണ ഇത് ചെയ്തിട്ടുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം പ്രചോദനം എല്ലായ്പ്പോഴും അദ്ദേഹമാണ്. പൊള്ളാർഡിന്റെ ചില മനോഹര ഇന്നിങ്സുകൾ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പലരും ഐപിഎല്ലിൽ നിന്ന് ആത്മവിശ്വാസം വർധിപ്പിച്ചു, ഞാൻ ഐപിഎല്ലിൽ നന്നായാണ് ബാറ്റ് ചെയ്തത്, ലോക്ക്ഡൗൺ സമയത്ത്, മത്സരങ്ങൾ എങ്ങനെ പൂർത്തിയാക്കാമെന്ന് ഞാൻ പഠിച്ചുകൊണ്ടിരുന്നു," പാണ്ഡ്യ പറഞ്ഞു.
Also Read: എനിക്ക് ധോണിയെ പോലെ വേഗതയില്ലല്ലോ; ശിഖർ ധവാനെ ചിരിപ്പിച്ച മാത്യു വെയ്‌ഡിന്റെ കമന്റ്, വീഡിയോ
അതേസമയം ഹാർദിക് പാണ്ഡ്യയുടെ മാച്ച് വിന്നിങ് പ്രകടനത്തെ “അവിശ്വസനീയമായ ഒരു കാഴ്‌ച” എന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെപ്പോലാണ് പാണ്ഡ്യയുടെ ഫിനിഷിങ്ങിലെ പ്രകടനം എന്നും ലാംഗർ പറഞ്ഞു.
“ഇത് ഒരു കളിയുടെ അവിശ്വസനീയമായ കാഴ്ചയായിരുന്നു. അദ്ദേഹം (പാണ്ഡ്യ) എത്ര അപകടകാരിയാണെന്ന് നമുക്കറിയാം. പണ്ട് എംഎസ് ധോണിയുണ്ടായിരുന്നു. ഇന്ന് അദ്ദേഹം (പാണ്ഡ്യ) കളിച്ച രീതിയും ഉണ്ടായിരുന്നു, ”മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ലാംഗർ പറഞ്ഞു. “അദ്ദേഹം നന്നായി കളിച്ചു, അവിടെ അവസാനത്തിൽ ഒരു മികച്ച ഇന്നിംഗ്സായിരുന്നു അത്,” ലാംഗർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.