സിഡ്‌നി: നായകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല വിക്കറ്റിനു പിന്നിലെ കൗശലം കൊണ്ടും മറ്റ് താരങ്ങളേക്കാൾ ഒരുപടി മുൻപിലായിരുന്നു എം.എസ്.ധോണി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും പല കളികളിലും ‘ധോണി റഫറൻസ്’ കടന്നുവരുന്നത് തന്നെ അതിന്റെ ഉദാഹരണമാണ്. ഇന്നലെ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി 20 മത്സരത്തിലും ഇങ്ങനെയൊരു സംഭവം ഉടലെടുത്തു.

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പറും ആരോൺ​ ഫിഞ്ചിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിക്കുകയും ചെയ്ത മാത്യു വെയ്‌ഡാണ് ക്രിക്കറ്റ് ഫീൽഡിൽ ധോണിയെ ഓർമപ്പെടുത്തിയത്. ഓസീസിനുവേണ്ടി ഒൻപതാം ഓവറിൽ ബൗള്‍ ചെയ്യാനെത്തിയത് സ്വെപ്‌സണാണ്. ഈ ഓവറിനിടയിൽ ഇന്ത്യയ്‌ക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ക്രീസിലുണ്ടായിരുന്ന ശിഖർ ധവാനെ റൺഔട്ടാക്കാൻ‌ ഒരു സാധ്യത തെളിഞ്ഞു. വിക്കറ്റ് കീപ്പർ മാത്യു വെയ്‌ഡ് തന്റെ കെെയിൽ ലഭിച്ച പന്ത് വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തു. എന്നാൽ, ടിവി റിപ്ലെകളിൽ നിന്ന് അത് ഔട്ടല്ലെന്ന് വ്യക്തമായി. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഓസീസ് വിക്കറ്റ് കീപ്പർക്ക് ധവാനെ പുറത്താക്കാനുള്ള സാധ്യത നഷ്ടമായത്.

Read Also: പാണ്ഡ്യ ഫിനിഷ് ചെയ്തത് ധോണിയെപ്പോലെ, അപകടകാരിയെന്ന് അറിഞ്ഞതായി ഓസീസ് പരിശീലകൻ

മൂന്നാം അംപയർ ഇത് നോട്ട് ഔട്ടാണെന്ന് വിധിച്ചു. അതിനു പിന്നാലെയാണ് മാത്യു വെയ്‌ഡ് ധോണിയെ ഓർമിപ്പിച്ചത്. “ഞാൻ ധോണിയല്ല, എനിക്ക് ധോണിയെ പോലെ വേഗതയില്ലല്ലോ,” എന്നായിരുന്നു വെയ്‌ഡിന്റെ കമന്റ്. ഇതുകേട്ട് ശിഖർ ധവാൻ ചിരിക്കുന്നത് വീഡിയോയിൽ കാണാം. വെയ്‌ഡ് പറഞ്ഞത് നൂറ് ശതമാനം ശരിവയ്‌ക്കുന്ന ചിരിയായിരുന്നു ധവാന്റേത്.

അതേസമയം, മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കി. 2-0 എന്ന നിലയിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശേഷിക്കുന്ന ഒരു മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കുവേണ്ടി ശിഖർ ധവാൻ അർധ സെഞ്ചുറി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook