/indian-express-malayalam/media/media_files/uploads/2021/12/Harbhajan-Singh.jpg)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ അവസാനത്തെ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. രണ്ടാം ടെസ്റ്റ് നഷ്ടമായ നായകന്‍ വിരാട് കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തും. എന്നാല്‍ പരുക്ക് മൂലം പേസ് ബോളര്‍ മുഹമ്മദ് സിറാജ് കളിക്കില്ല. അതുകൊണ്ട് തന്നെ ടീം ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും.
ഹനുമ വിഹാരിയായിരിക്കും കോഹ്ലിക്ക് വഴിമാറിക്കൊടുക്കുക എന്നത് ഏറക്കുറെ ഉറപ്പാണ്. എന്നാല്‍ സിറാജിന് പകരം ആരായിരിക്കും എന്നതില്‍ വ്യക്തതയില്ല. മുതിര്‍ന്ന താരവും പരിചയസമ്പന്നനുമായ ഇഷാന്ത് ശര്‍മയ്ക്കായിരിക്കും പ്രഥമ പരിഗണന. എന്നാല്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ മികവ് പുലര്‍ത്തിയ ഉമേഷ് യാദവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്.
സിറാജിന് പകരക്കാരനായി ഫാസ്റ്റ് ബോളര്‍ വരാനാണ് സാധ്യതയെങ്കിലും മുന്‍ താരം ഹര്‍ഭജന്‍ മറ്റൊരു നിര്‍ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. "കേപ്പ് ടൗണില്‍ പരമ്പര വിജയിക്കാനുള്ള സാധ്യതകളാണ് ഇന്ത്യയ്ക്കുള്ളത്. രണ്ട് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തുക എന്നത് പ്രധാനമാണ്. കേപ്പ് ടൗണിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്," ഹര്‍ഭജന്‍ യൂടൂബ് വീഡിയോയില്‍ പറഞ്ഞു.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹര്‍ഭജന്‍ ഈ മൈതാനത്ത് മികവ് പുലര്‍ത്തിയിട്ടുണ്ട്. 2011 ല്‍ 120 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റായിരുന്നു താരം നേടിയത്. ഗ്രെയിം സ്മിത്ത്, ഹാഷിം അംല എന്നി പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. അന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറുടേയും ഹര്‍ഭജന്റേയും പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.
"കേപ്പ് ടൗണില്‍ ഒരു ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റ് സ്പിന്നര്‍മാര്‍ക്കും ഇവിടെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കണം. രവിചന്ദ്രന്‍ അശ്വിനൊപ്പം രണ്ടാമനായി ആരെത്തണമെന്നത് രാഹുല്‍ ദ്രാവിഡും ടീം മാനേജ്മെന്റും ചേര്‍ന്ന് തീരുമാനിക്കണം," ഹര്‍ഭജന്‍ വ്യക്തമാക്കി.
Also Read: പുതുവർഷത്തിലെ ആദ്യ ജയം; പോയിന്റ് പട്ടികയിൽ കൊമ്പന്മാർ ഒന്നാമത്, ആവേശത്തിൽ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.