scorecardresearch

കേരള ഫുട്ബോളിന് പുതു ചരിത്രം: ഐ ലീഗ് ജേതാക്കളായി ഗോകുലം

മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം നാല് ഗോളുകൾ തിരിച്ചടിച്ചത്

മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം നാല് ഗോളുകൾ തിരിച്ചടിച്ചത്

author-image
Sports Desk
New Update
i-league, ഐ ലീഗ്,i league winner,ഐ ലീഗ് വിജയി, gokulam fc,ഗോകുലം എഫ് സി, kerala football, കേരള ഫുട്ബോൾ, ie malayalam

കൊൽക്കത്ത: ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്. ഐ ലീഗിൽ എല്ലാവരെയും ഞെട്ടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ. ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഗോകുലം കേരള എഫ്‌സി ഐ ലീഗ് ജേതാക്കൾ. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഐലീഗ് ചാമ്പ്യൻമാരാവുന്നത്.

Advertisment

മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം നാല് ഗോളുകൾ തിരിച്ചടിച്ചത്. എട്ട് മിനിറ്റിനിടെ മൂന്ന് ഗോളുകൾ പിറന്നു. ഇൻജുറി ടൈമില്‍ ട്രാവുവിന്റെ നെഞ്ചത്ത് അവസാനത്തെ ആണിയായി ഒരു ഗോൾ കൂടി. മണിപ്പൂരിൽ നിന്നുള്ള ട്രാവു എഫ്‌സിയെ തോൽപ്പിച്ച ഗോകുലം കന്നി ഐ ലീഗ് കിരീടവും സ്വന്തമാക്കി. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിലായിരുന്നു ആവേശപ്പോര് നടന്നത്. ആദ്യ റൗണ്ടിൽ ഗോകുലം എഫ്‌സി ട്രാവുവിനെ 3-1 ന് തോൽപ്പിച്ചിരുന്നു. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യൻമാരായത്.

Read More: 2022 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സ്പെയിനിന് സമനിലക്കുരുക്ക്

70-ാം മിനിറ്റിൽ ഷെരീഷ് മുഹമ്മദാണ് ഗോകുലം എഫ്‌സിക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 74-ാം മിനിറ്റിൽ എമിൽ ബെന്നി, 77-ാം മിനിറ്റിൽ ഡെന്നിസ് അഗ്യാരെ, ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ മുഹമ്മദ് റാഷിദ് എന്നിവരും ഗോൾ നേടി. ആദ്യ പകുതിയുടെ 24-ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങാണ് ട്രാവുവിനായി ഒരു ഗോൾ നേടിയത്.

Advertisment

ഗോകുലം എഫ്‌സി മത്സരത്തിലുടനീളം ആധിപത്യം പുലർത്തി. തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു. ലീഗിൽ 12 ഗോളുകൾ നേടിയ ട്രാവുവിന്റെ വിദ്യാസാഗർ സിങ്ങാണ് ടോപ് സ്‌കോറർ.

ഗോകുലം ഫുട്ബോൾ ക്ലബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

I League Gokulam Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: