/indian-express-malayalam/media/media_files/uploads/2019/07/Gautam-Gambhir.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. 2019 ലെ ലോകകപ്പ് സെമിയിൽനിന്നും ഇന്ത്യ പുറത്തായതോടെ എം.എസ്.ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് ഗംഭീർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
''ഭാവിയിലേക്ക് ശ്രദ്ധ വയ്ക്കേണ്ടത് പ്രധാനമാണ്. ധോണി നായകനായിരുന്ന സമയത്ത് അദ്ദേഹം ഭാവിയിൽ ശ്രദ്ധയൂന്നിയിരുന്നു. ഓസ്ട്രേലിയയിൽ വച്ച് ഞാനും സച്ചിനും സെവാഗും ഒരുമിച്ച് സിബി സീരീസ് കളിക്കേണ്ടെന്ന് ധോണി പറഞ്ഞത് ഞാൻ ഓർക്കുന്നു. ലോകകപ്പിൽ യുവ കളിക്കാർ കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വൈകാരികമായിരിക്കുന്നതിനേക്കാൾ പ്രായോഗിക തീരുമാനങ്ങൾ എടുക്കേണ്ടത് ആവശ്യമാണ്,'' ഗംഭീർ പറഞ്ഞതായി ടിവി9 ഭാരത്‌വർഷ് റിപ്പോർട്ട് ചെയ്യുന്നു.
Read Also: വിന്‍ഡീസ് പര്യടനത്തിന് ധോണിയുണ്ടാകില്ല; ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനവും തെറിക്കും
ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ''യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,'' ഗംഭീർ പറഞ്ഞു.
ക്യാപ്റ്റൻ എന്ന നിലയിൽ ധോണി നേടിയ നേട്ടങ്ങളെക്കുറിച്ചും ഗംഭീർ സംസാരിച്ചു. ''കണക്കുകൾ നോക്കിയാൽ ധോണി ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് മനസിലാകും. പക്ഷേ അതിനർഥം മറ്റു ക്യാപ്റ്റന്മാർ മോശം പ്രകടനം നടത്തി എന്നല്ല. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ നിരവധി തവണ വിജയിച്ചു. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും നേടി.''
ഇന്ത്യ ലോകകപ്പ് സെമിയിൽനിന്നും പുറത്തായതോടെയാണ് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തുവന്നത്. സ്വയം വിരമിക്കാന്‍ ധോണി തയ്യാറായില്ലെങ്കില്‍ ബിസിസിഐ ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണിയുമായി ഇത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസാദ് ധോണിയുമായി സംസാരിച്ച് താരത്തെ വിരമിക്കാനുള്ള തീരുമാനത്തിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.