/indian-express-malayalam/media/media_files/uploads/2022/10/sahal-abdul-samad.jpg)
കൊച്ചി: നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ആവേശം കൊച്ചിയിലേക്ക് എത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ പുറത്ത് ഇതിനോടകം തന്നെ വലിയ ആരാധകക്കൂട്ടമാണുള്ളത്. മുഖത്ത് ചായമെഴുതിക്കുന്നതിനും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്വന്തമാക്കുന്നതിനുമായി വലിയ തിരക്കാണ് വഴിയോര കടകളില്‍.
എന്നാല്‍ ആരുടെ ജേഴ്സി സ്വന്തമാക്കണമെന്ന കാര്യത്തില്‍ ആരാധകര്‍ക്കാര്‍ക്കും തര്‍ക്കമില്ല. സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിന്റെ കുപ്പായമിട്ട് ബ്ലാസ്റ്റേഴ്സിന് ആര്‍പ്പുവിളിക്കനാണ് വലിയ വിഭാഗത്തിനും താത്പര്യം. കൊച്ചിയിലെ തെരുവുകളിലേക്ക് നോക്കിയാല്‍ സഹലിന്റെ ജേഴ്സിയണിഞ്ഞ വിവിധ പ്രായത്തിലുള്ളവരെ കാണാം.
/indian-express-malayalam/media/media_files/uploads/2022/10/isl-2.jpg)
"എല്ലാവര്‍ക്കും സഹലിന്റെ ജേഴ്സി മതി. രാവിലെ കച്ചവടം തുടങ്ങിയപ്പോള്‍ മുതല്‍ സഹലിന്റെ ജേഴ്സിയാണ് വിറ്റു പോകുന്നത്. സഹലിന്റെ ജേഴ്സി കഴിഞ്ഞാല്‍ പിന്നെ ലൂണയുടേതിനാണ് ആളുകള്‍ക്ക് താത്പര്യം. പക്ഷെ ലൂണയുടെ ജേഴ്സി കുറവാണ്. അതുകൊണ്ട് തന്നെ പലരും നിരാശരായാണ് മടങ്ങുന്നത്," വഴിയോരക്കച്ചവടക്കാരനായ യുവാവ് പറഞ്ഞു.
"സഹലിന്റെ കളിയെക്കുറിച്ച് വാചാലരായവരാണ് ആരാധകക്കൂട്ടത്തിലുള്ളവരില്‍ കൂടുതലും. സഹലിന്റെ കളികാണാന്‍ തന്നെ എന്തൊരു ഭംഗിയാണ്. ഒറ്റയ്ക്ക് ഗോള്‍ നേടാന്‍ പോലും നിസാരമായി പുള്ളിക്ക് കഴിയും. കഴിഞ്ഞ സീസണില്‍ നമ്മളത് കണ്ടതാണല്ലൊ. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ," മലപ്പുറം സ്വദേശിയായ ഇര്‍ഷാദ് ഫാരിസ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/10/isl-1.jpg)
പോയ സീസണില്‍ സഹല്‍ ബ്ലാസ്റ്റേഴ്സിനായി കളത്തില്‍ നിറഞ്ഞാടുന്ന കാഴ്ചയായിരുന്നു കണ്ടത്. ആറ് ഗോളുകളാണ് താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരവും സഹല്‍ തന്നെയായിരുന്നു. സീസണിലെ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലും തുറന്ന് നല്‍കി.
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.