scorecardresearch
Latest News

കൊച്ചിയില്‍ ഐഎസ്എല്‍ ആവേശം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സും ഇതുവരെ നാല് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നില്‍ മഞ്ഞപ്പടയ്ക്ക് ജയിക്കാനായി.

കൊച്ചിയില്‍ ഐഎസ്എല്‍ ആവേശം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
Photo: Facebook/ Kerala Blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്‍പതാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യമായിരിക്കും ഇവാന്‍ വുകുമനോവിച്ചിനും കൂട്ടര്‍ക്കുമുള്ളത്.

കോവിഡ് മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍ കളിയാവേശം തെല്ലും കുറയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരും.

പോയ സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈനല്‍ വരെ എത്തി. കലാശപ്പോരാട്ടില്‍ ഹൈദരാബാദ് എഫ് സിയോട് പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയം. ആഡ്രിയാന്‍ ലൂണയായിരുന്നു പോയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരം.

കഴിഞ്ഞ തവണത്തെ പോരായ്മകള്‍ പരിഹരിച്ച് പുതിയ സീസണില്‍ കിരീടം ഉറപ്പിക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വകുമനോവിച്ചിന്റെ പ്രതീക്ഷ. നേരത്തെ ടീമിലുണ്ടായിരുന്ന 16 താരങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ് ഇത്തവണയിറങ്ങുന്നത്. ടീമിലെ മലയാളി താരങ്ങളുടെ സാന്നിധ്യവും വര്‍ധിച്ചു.

37 ഗോളുകളായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കഴിഞ്ഞ തവണ നേടിയത്. ആല്‍വാരൊ വാസ്ക്വസും ജോര്‍ജെ ഡയാസും എട്ട് ഗോള്‍ വീതം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇരുവരും മഞ്ഞപ്പടയ്ക്കൊപ്പമില്ല. പകരം അപ്പോസ്‌തോലോസ് ജിയാനോ, ദിമിട്രിയോസ് ഡയമന്റകോസ് എന്നിവരെ ക്യാമ്പിലെത്തിക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്.

സീസണിനുള്ള 28 അംഗ ടീമിനെ ഇന്നലെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു, ഏഴ് മലയാളി താരങ്ങളാണ് ടീമിലിടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുല്‍ കെ പി, ബിജോയ് വർഗീസ്, സച്ചിൻ സുരേഷ്, ശ്രീക്കുട്ടന്‍ എം എസ്‌, നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് മലയാളികള്‍. നിഹാലിനും വിബിനും തുണയായത് ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനമായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.

മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്‌.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl 2022 23 kerala blasters vs east bengal score updates