/indian-express-malayalam/media/media_files/2025/03/15/418wKvXg6oMzq6yLTcHI.jpg)
റയലിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന എൻഡ്രിക് Photograph: (എൻഡ്രിക്, ഇൻസ്റ്റഗ്രാം)
2024 ഓഗസ്റ്റ് 25ന് നടന്ന റയൽ മാഡ്രിഡിന്റെ ലാ ലീഗ മത്സരം. പിഎസ്ജി വിട്ട് ബെർണാബ്യുവിലേക്ക് എത്തിയ എംബാപ്പെയുടെ ഗോൾ പ്രതീക്ഷിച്ചാണ് അന്ന് വയ്യാഡോളിഡിന് എതിരായ റയലിന്റെ പോര് കാണാൻ ആരാധകർ ഇരുന്നത്. എന്നാൽ ഒരു പതിനെട്ടുകാരന്റെ ഇഞ്ചുറി ടൈമിലെ ഗോളിന്റെ ബലത്തിൽ റയൽ 3-0ന് ജയം പിടിച്ചു. ആ ഗോൾ ആ പതിനെട്ടുകാരന്റെ ജീവിതത്തിൽ ഒരിക്കലും മായാത്ത ഓർമയായി ഉണ്ടാവും. എൻഡ്രിക്ക് എന്ന ബ്രസീലിയൻ സ്ട്രൈക്കറുടെ റയലിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരമായിരുന്നു അത്. കളി തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ വന്ന ഗോളിലൂടെ വണ്ടർ കിഡ്, അടുത്ത നെയ്മർ എന്നിങ്ങനെയുള്ള തന്റെ വിളിപ്പേരുകൾ വെറുതയല്ലെന്നും എൻഡ്രിക് തെളിയിച്ചു.
ചെൽസിയേയും പിഎസ്ജിയേയും മറികടന്ന് റയലിന്റെ റാഞ്ചൽ
പിന്നെയങ്ങോട്ട് റയലിന് വേണ്ടി എൻഡ്രിക്കിന്റെ മിന്നും പ്രകടനങ്ങൾ ആരാധകർക്ക് മുൻപിലൂടെ മിന്നിമാഞ്ഞുപോയി. കോപ്പ ഡെൽ റേ സെമി ഫൈനലിൽ റയൽ സോസിദാദിനെതിരെ ആദ്യ പാദ സെമിയിൽ റയൽ ജയിച്ചത് 1-0ന് ആണ്. ആ ഒരു ഗോൾ എത്തിയത് എൻഡ്രിക്കിൽ നിന്ന്. 16ാം വയസുകാരനായിരുന്ന തന്നെ ബെർണാബ്യുവിലേക്ക് എത്തിക്കാൻ റയൽ എടുത്ത തീരുമാനം തെറ്റിയിട്ടില്ലെന്ന് എൻഡ്രിക് തെളിയിച്ചുകൊണ്ടിരുന്നു.
ബ്രസീലിയൻ ക്ലബ് പാൽമീറാസിൽ കളിച്ചിരിക്കെയാണ് വമ്പൻ യൂറോപ്യൻ ക്ലബുകളുടെ റഡാറിലേക്ക് എൻഡ്രിക് എത്തിയത്. റയലിനൊപ്പം എൻഡ്രിക്കിനെ ലക്ഷ്യം വെച്ച് ചെൽസിയും പിഎസ്ജിയും ഉൾപ്പെടെയുള്ള ക്ലബുകളും ഇറങ്ങിയിരുന്നു. എന്നാൽ 500 കോടി രൂപയുടെ ട്രാൻസ്ഫറിൽ എൻഡ്രിക്കിനെ റയൽ റാഞ്ചി. 2022ൽ എൻഡ്രിക്കിനെ റയൽ സ്വന്തമാക്കിയെങ്കിലും അപ്പോൾ താരത്തെ കളത്തിലേക്ക് ഇറക്കാൻ ക്ലബിന് സാധിച്ചിരുന്നില്ല.
18 വയസ് പിന്നിട്ടിട്ടില്ലാത്ത കളിക്കാർ വിദേശ ക്ലബുകളിലേക്ക് ചേക്കേറുന്നത് തടയുന്ന നിയമം ബ്രസീലിൽ നിലവിലുണ്ട്. ഇതേ തുടർന്ന് എൻഡ്രിക്കിനെ 18 വയസ് തികഞ്ഞതിന് ശേഷമാണ് റയലിന് കളത്തിലിറക്കാനായത്. പാൽമീറാസിന് വേണ്ടി 66 മത്സരങ്ങളാണ് എൻഡ്രിക് കളിച്ചത്. നേടിയത് 18 ഗോളും. പാൽമിറാസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എൻഡ്രിക്. പെലെ, റൊമാരിയോ എന്നിവരുമായി വരെ എൻഡ്രിക് താരതമ്യം ചെയ്യപ്പെടുന്നു.
എൻഡ്രിക്കിനെ തഴഞ്ഞതിന് പഴികേട്ട് ബ്രസീൽ
" ഞാൻ വിട്ടുകൊടുക്കാതെ പൊരുതിക്കൊണ്ടിരിക്കും. കളിയുടെ അവസാന നിമിഷം വരെ പൊരുതും. അതാണ് എന്റെ കളി ശൈലി. ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല. പ്രതിരോധനിരക്കാരെ ഞാൻ സമ്മർദത്തിലാക്കും. പിച്ചിലുള്ള മറ്റേതൊരു കളിക്കാരെക്കാളും കൂടുതൽ ഞാൻ ഓടും" എൻഡ്രിക് സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ.
കഴിഞ്ഞ വർഷം നവംബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീൽ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ എൻഡ്രിക്കിന്റെ പേര് അതിൽ ഉൾപ്പെട്ടിരുന്നില്ല. വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കുമെതിരായ മത്സരത്തിനുള്ള ടീമിൽ നിന്ന് എൻഡ്രിക്കിനെ ഒഴിവാക്കിയത് ചൂണ്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ഈ മാസം നടക്കുന്ന അർജന്റീനയ്ക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ നിന്ന് എൻഡ്രിക്കിനെ ഒഴിവാക്കാൻ ബ്രസീലിന് സാധിക്കാതെ വന്നത്. പരുക്കിനെ തുടർന്ന് നെയ്മറിന് സ്ക്വാഡിലെ സ്ഥാനം നഷ്ടമായപ്പോഴാണ് എൻഡ്രിക്കിന് വഴിതെളിഞ്ഞത്.
ബ്രസീൽ കുപ്പായത്തിൽ വെംബ്ലിയിലായിരുന്നു എൻഡ്രിക്കിന്റെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരെ 2024 മാർച്ചിൽ. ബ്രസീലിന് വേണ്ടി വെംബ്ലിയിൽ വല കുലുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എൻഡ്രിക് മാറിയിരുന്നു. പിന്നാലെ സ്പെയ്നിന് എതിരെ ഇറങ്ങിയപ്പോഴും എൻഡ്രിക് ഗോൾ സ്കോറർമാരുടെ ലിസ്റ്റിലേക്ക് തന്റെ പേരും ചേർത്തു. 2024ലെ കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിലും എൻഡ്രിക് ഇടംപിടിച്ചിരുന്നു.
Read More
- Messi Vs Cristiano Debate: റൊണാൾഡോയോ മെസിയോ? ഒന്നാമനെ തിരഞ്ഞെടുത്ത് വില്യം രാജകുമാരൻ
- Manchester United: ഓൾഡ് ട്രഫോർഡ് വിടാൻ ഓഫർ വന്നു; ഞാൻ തയ്യാറായില്ല; വെളിപ്പെടുത്തി ബ്രൂണോ
- Cristiano Ronaldo: 40കാരനായ റൊണാൾഡോ നായകൻ; സ്ക്വാഡിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ
- Kerala Blasters: കണ്ണൂരുകാരന്റെ ബൈസിക്കിൾ കിക്ക്; ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് സൗരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.