scorecardresearch

അദ്ദേഹം ചതിച്ചു, ദൈവത്തിന്റെ കൈയ്ക്ക് മാപ്പില്ല; മറഡോണയുടെ ഓർമകളിൽ പീറ്റർ ഷിൽട്ടൺ

1986 ജൂൺ 22 ന് മെക്‌സിക്കൻ ലോകകപ്പിലെ അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോൾ പിറക്കുന്നത്

1986 ജൂൺ 22 ന് മെക്‌സിക്കൻ ലോകകപ്പിലെ അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോൾ പിറക്കുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മറഡോണയുടെ 'ദൈവത്തിന്റെ കൈ' ജേഴ്സി നിങ്ങൾക്കും സ്വന്തമാക്കാം; വില കേട്ടാൽ ഞെട്ടും

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിനോട് തനിക്ക് ക്ഷമിക്കാൻ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം മുൻ താരം പീറ്റർ ഷിൽട്ടൺ. 1986 മെക്‌സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അർജന്റീന താരം ഡിയാഗോ മറഡോണ കൈ കൊണ്ട് ഗോൾ നേടിയത്. പീറ്റർ ഷിൽട്ടൺ ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ഗോളി. കൈ കൊണ്ട് ഗോൾ നേടിയ മറഡോണയുടെ പ്രവൃത്തിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് പീറ്റർ ഷിൽട്ടൺ ആവർത്തിച്ചു. മറഡോണയുടെ മരണവിവരം തന്നെ ഏറെ വിഷമിപ്പിക്കുന്നതായും എന്നാൽ, കഴിഞ്ഞ കാലത്തെ ഓർമകൾ ഇപ്പോഴും തന്നെ വേട്ടയാടുന്നതായും ഷെൽട്ടൺ പറഞ്ഞു.

Advertisment

"ഞാൻ നേരിട്ട താരങ്ങളിൽ ഏറ്റവും മികച്ച താരം തന്നെയാണ് മറഡോണ. അദ്ദേഹവുമായി എന്റെ ജീവിതം ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഓർമകളെല്ലാം നല്ലതല്ല. പക്ഷേ, ഈ പ്രായത്തിലുള്ള അദ്ദേഹത്തിന്റെ വിടപറച്ചിൽ എന്നെ തീർച്ചയായും വേദനിപ്പിക്കുന്നുണ്ട്," ഷിൽട്ടൺ പറഞ്ഞു.

Read Also; സാന്താ മാറദോന മുതൽ മാറകോക്കാ വരെ

"ലോകകപ്പ് മത്സരത്തിൽ എന്താണ് നടന്നതെന്ന് അദ്ദേഹത്തിനു അറിയാം. ആ സംഭവം എന്നെ ഏറെ വർഷം അലട്ടി. അതേകുറിച്ച് എനിക്ക് നുണ പറയേണ്ട ആവശ്യമില്ല. കൈ കൊണ്ട് നേടിയ ഗോളിന് അദ്ദേഹം ഒരിക്കൽ പോലും എന്നോട് മാപ്പ് പറഞ്ഞിട്ടില്ല. അതാണ് എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്. മാപ്പ് പറയുന്നതിനു പകരം ആ ഗോളിനെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുകയാണ് അദ്ദേഹം ചെയ്‌തത്. അദ്ദേഹം മഹത്തായ വ്യക്തിയായിരിക്കാം. പക്ഷേ, അദ്ദേഹത്തിനു സ്‌പോർട്‌സ്‌മാൻഷിപ്പ് ഇല്ലെന്ന് ഏറെ വിഷമത്തോടെ ഞാൻ പറയും." ഷിൽട്ടൺ പറഞ്ഞു.

1986 ജൂൺ 22 ന് മെക്‌സിക്കൻ ലോകകപ്പിലെ അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോൾ പിറക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് സെമി. ആദ്യ പകുതി ഗോള്‍ രഹിതം. മറഡോണയുടെ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണില്‍ തട്ടിത്തെറിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്.

Advertisment

രണ്ടാം പകുതിയിലെ ആറാം മിനിറ്റിലാണ് അത് സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ഗോൾപോസ്റ്റിനു മുൻപിൽ വച്ച് മറഡോണയും ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണും ഒന്നിച്ചു ചാടി. ഈ സമയത്ത് മറഡോണയുടെ ഇടം കൈയിൽ പന്ത് കൊണ്ടു. പന്ത് നേരെ ഗോൾ പോസ്റ്റിലേക്ക്. ഹാന്‍ഡ് ബോളെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും ടുണീഷ്യക്കാരനായ റഫറി അലി ബെന്നസീര്‍ കുലുങ്ങിയില്ല. അത് ഹാൻഡ് ബോൾ ആണെന്ന് റഫറിക്ക് വ്യക്തതയില്ലായിരുന്നു. അർജന്റീനയ്‌ക്ക് ഗോൾ അനുവദിക്കുകയും ചെയ്തു. ഈ ഗോളിനെ പിന്നീട് മത്സരശേഷം 'ദൈവത്തിന്റെ കൈ' എന്നാണ് മറഡോണ തന്നെ വിശേഷിപ്പിച്ചത്.

എന്നാൽ, ഇതേ മത്സരത്തിൽ തന്നെ മറ്റൊരു ഉഗ്രൻ ഗോൾ മറഡോണ നേടി. അത് നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് അറിയപ്പെടുന്നത്. കേവലം നാലു മിനിറ്റിന്റെ ഇടവേളയിലാണ് മത്സരത്തില്‍ അതിമനോഹരമായ രണ്ടാമത്തെ ഗോള്‍ പിറക്കുന്നത്. സ്വന്തം പകുതിയില്‍ നിന്നും പന്ത് പിടിച്ചെടുത്ത് ഇംഗ്ലീഷ് താരങ്ങളെയെല്ലാം വെട്ടിച്ച് മറഡോണ ഒറ്റയ്‌ക്കടിച്ച ആ ഗോൾ ഇന്നും കായികപ്രേമികളുടെ ഉള്ളിൽ ആരവം തീർക്കുന്നു.

അതേസമയം, ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ നിര്യാണത്തിൽ കായികലോകം വിതുമ്പുകയാണ്. അർജന്റീനയിൽ മൂന്ന് ദിവത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇതിഹാസ താരമാണ് മറഡോണയെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു. “ഞങ്ങളെ സന്തോഷത്തിന്റെ അത്യുന്നതിയിൽ എത്തിച്ചത് നിങ്ങളാണ്. എക്കാലത്തേയും മികച്ച താരമാണ് നിങ്ങൾ. നിങ്ങളുടെ ഓർമകൾ ഞങ്ങൾക്ക് വല്ലാത്തൊരു നഷ്ടമായിരിക്കും,” അർജന്റീന പ്രസിഡന്റ് പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്നാണ് 60 കാരനായ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. മറഡോണയ്‌ക്ക് അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും അദ്ദേഹം ആഴ്‌ചകൾക്ക് മുൻപ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടു.

Diego Maradona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: