scorecardresearch
Latest News

സാന്താ മാറദോന മുതൽ മാറകോക്കാ വരെ

‘ഫുട്ബോൾ എന്ന ഉന്മാദത്തിന്റെ യഹോവയും പുരോഹിതനും ബലിമൃഗവും ആയിരുന്നു അയാൾ,’ ഡിയാഗോ മറഡോണയെക്കുറിച്ച് ജയകൃഷ്ണന്‍ എഴുതുന്നു

സാന്താ മാറദോന മുതൽ മാറകോക്കാ വരെ

1973 ൽ അർജന്റീനയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ അർജന്റീനോ ജൂനിയേർസിന്റെയും റിവേർ പ്ലേറ്റിന്റെയും യുവനിരകൾ, എന്നു വെച്ചാൽ പതിന്നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകൾ ഏറ്റുമുട്ടുകയായിരുന്നു.

അർജന്റീനോസിന്റെ പത്താം നമ്പർ കളിക്കാരന്റെ കാലിലേക്ക് ഗോളി പന്ത് പാസ് ചെയ്തു കൊടുത്തു. അവൻ തൊട്ടടുത്തുണ്ടായിരുന്ന റിവെർപ്ലേറ്റ് കളിക്കാരനെ വെട്ടിയൊഴിഞ്ഞു. അപ്പോഴേക്കും എതിരാളികൾ അവനെ വളഞ്ഞു കഴിഞ്ഞിരുന്നു. അവൻ ആദ്യത്തെ എതിരാളിയുടെ തലയ്ക്കു മീതെ പന്ത് തട്ടിയിട്ടു, രണ്ടാമത്തവന്റെ കാലുകൾക്കിടയിലൂടെ പന്ത് അപ്പുറം കടത്തി, പിന്നെ കാൽ മടമ്പു കൊണ്ട് പന്തു തട്ടി മൂന്നാമനെ വിസ്സിയാക്കി. ഞൊടിയിടയിൽ അവൻ പ്രതിരോധക്കാരെ അസ്തപ്രജ്ഞരാക്കി, ഗോളി അവന്റെ മുന്നിൽ മലർന്നു വീണു. അവനാ പന്തിനെ വലയ്ക്കുള്ളിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

ആ പയ്യന്റെ ടീം നൂറോളം കളികൾ ജയിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ആ ടീമിലെ മറ്റൊരു കളിക്കാരൻ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ കളിക്കുന്നത് രസിക്കാൻ വേണ്ടിയാണ്, പണത്തിനു വേണ്ടിയല്ല, പണത്തിനു വേണ്ടിയാകുമ്പോൾ അസൂയയുണ്ടാകും, ഓരോരുത്തരും സ്റ്റാറാകാൻ ശ്രമിക്കും.’

അതു പറയുമ്പോൾ അവൻ ഗോൾ നേടിയ പയ്യനെ ചുറ്റിപ്പിടിച്ചിരുന്നു. എപ്പോഴും ഗോൾ നേടുന്ന, എല്ലാവരും ഇഷ്ടപ്പെടുന്ന ആ കുട്ടിയായിരുന്നു കൂട്ടത്തിൽ ഏറ്റവും ചെറിയവനും ഏറ്റവും സന്തോഷവാനും. അവന്റെ പേരാണ് ഡിയാഗോ അർമാൻദോ മാറദോന.Diego Maradona, Diego Maradona dead, Diego Maradona dies, Diego Maradona age, Diego Maradona death, Maradona dead, football news

 

Read Here: ദൈവത്തിന്റെ കരം പിടിച്ച് മറഡോണ

വർഷങ്ങൾ കഴിഞ്ഞപ്പോഴും അവൻ സന്തോഷത്തിനു വേണ്ടിയാണു കളിച്ചത്. പക്ഷേ പ്രശസ്തനായ മറ്റൊരു മാറദോന അവന്റെ ഉള്ളിൽ കയറിക്കൂടിയിരുന്നു. ആ ഭാരം അവനെ മറ്റു വഴികളിലേക്കു നയിച്ചു.

പന്തുമായി മുന്നേറുമ്പോൾ നാവ് വെളിയിലോട്ടു നീട്ടുന്ന ശീലമുണ്ടായിരുന്നു അവന്. നാവ് വെളിയിലിട്ടു കൊണ്ടാണ് എല്ലാ ഗോളുകളും അവൻ നേടിയത്. രാത്രിയിൽ അവനാ പന്തിനെ കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നുറങ്ങി; നേരം വെളുക്കുമ്പോൾ അതു കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്യൂബൻ നോവലിസ്റ്റ് സെവെറോ സാർദുയിയുടെ ‘മിന്നാമിനുങ്ങ്’ എന്ന നോവലിലെ അതേ പേരുള്ള നായകനെപ്പോലെയായിരുന്നു മാറദോന:

മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മിക്കപ്പോഴും വൈരൂപ്യമുള്ളവനായിരുന്നു മിന്നാമിനുങ്ങ്. നുണക്കഥകളുടെ കേന്ദ്രവും അവൻ തന്നെയായിരുന്നു – സാർദുയി എഴുതുന്നത് മാറദോനയെപ്പോലെ മറ്റാർക്കു ചേരും?

1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ കൊണ്ടും സ്വന്തം കാലു കൊണ്ടും നേടിയ ഒരിക്കലും മറക്കാനാവാത്ത രണ്ടു ഗോളുകൾ കൊണ്ട് മാറദോന ഫോക്ക്ലാന്റ് യുദ്ധത്തിൽ തന്റെ രാജ്യത്തിന് ഇംഗ്ലണ്ടിൽ നിന്നേറ്റ പരാജയം മായ്ച്ചു കളഞ്ഞിരുന്നു. ഫൈനലിൽ ജർമ്മനിയോട് 2-2 ന് സമനിലയിൽ നിൽക്കുമ്പോൾ അയാൾ പന്ത് ബുറുച്ചാഗയ്ക്ക് പാസ് ചെയ്തു. ബുറുച്ചാഗ പന്ത് വലയിലെത്തിക്കുകയും അർജന്റീന കപ്പു നേടുകയും ചെയ്തു.

പിന്നീട് അയാൾ ഇറ്റലിയിൽ ക്ലബ് ഫുട്ബോൾ കളിക്കാൻ പോയി . എന്നാൽ പണക്കൊഴുപ്പുള്ള വടക്കൻ ഇറ്റലിയിലെ മിലാൻ ടീമുകൾക്കു വേണ്ടിയല്ല, ഇരുളടഞ്ഞ അധോലോകമായ തെക്കൻ ഇറ്റലിയിലെ നാപ്പോളിക്കു വേണ്ടിയാണ് അയാൾ കളത്തിലിറങ്ങിയത്. അങ്ങനെ നേപ്പിൾസുകാർക്ക് അയാള്‍ സാന്താ മാറദോനയായി. മാറദോന പുണ്യവാളന്റെ തലയ്ക്കു ചുറ്റും പ്രഭാവലയമുള്ള ചിത്രങ്ങൾ തെരുവുകളിൽ വിറ്റഴിഞ്ഞു. നാപ്പോളി കിരീടങ്ങൾ നേടിക്കൊണ്ടേയിരുന്നു.

 

Read Here: മലയാളിക്കരയുടെയും മനസ് നിറച്ച മറഡോണ

അടുത്ത ലോകകപ്പിൽ ജർമ്മനിയോട് മാറദോനയുടെ ടീം തോറ്റപ്പോൾ വടക്കൻ ഇറ്റലിയിലെ പത്രങ്ങൾ ആഘോഷത്തിമിർപ്പിലായി. അവയിൽ വന്ന വാർത്തകൾ വായിച്ചാൽ ജർമ്മനിയല്ല, ഇറ്റലിയാണ് കപ്പു നേടിയതെന്നു തോന്നിപ്പോകുമായിരുന്നു.

1994ലെ ലോകകപ്പിൽ എഫിഡ്രൈൻ എന്ന ഉത്തേജക മരുന്നുപയോഗിച്ചതിന്റെ പേരിൽ മാറദോന പുറത്താക്കപ്പെട്ടു. സാന്താ മാറദോസന കൊക്കേയ്ൻ ഉപയോഗിക്കുന്ന മാറാകോക്കയായി വാർത്തകളിൽ നിറഞ്ഞു. അപ്പോഴും ലോകത്തിലെ അനേകകോടി ആളുകളുടെ മനസ്സിൽ അയാൾ അസാധ്യമായ പന്തടക്കവുമായി നിറഞ്ഞേ നിന്നു.

പിന്നീടെപ്പോഴും.

ആർക്കും കടന്നു വരാനാകാത്ത ഒരു മാന്ത്രിക വലയത്തിലുള്ളിലാണു ഞാൻ – എന്ന് മെക്സിക്കൻ കവിയായ ഹൊമേറോ അരിഡ്ഹിസ് (Homero Aridjis) എഴുതിയത് അയാളെപ്പറ്റിയാകാം. കാരണം ഫുട്ബോൾ എന്ന ഉന്മാദത്തിന്റെ യഹോവയും പുരോഹിതനും ബലിമൃഗവും ആയിരുന്നു അയാൾ.

ആമേൻ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering diego maradona football argentina jayakrishnan