/indian-express-malayalam/media/media_files/uploads/2021/09/cristiano-ronaldo-manchester-united-newcastle-united-match-result-556595-FI.jpg)
Photo: Twitter/ Manchester United
ലണ്ടണ്‍: ഫുട്ബോള്‍ ചരിത്രത്തില്‍ ഉയര്‍ന്ന തലത്തില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ ആഴ്സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലെ ഗോള്‍ നേട്ടമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തെ സഹായിച്ചത്. 1,097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ ഇതുവരെ 801 ഗോളുകള്‍ നേടി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി രണ്ട് കാലഘട്ടങ്ങളിലായി 130 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. റയല്‍ മാഡ്രിഡ് (450 ഗോളുകള്‍), യുവന്റസ് (101), പോര്‍ച്ചുഗല്‍ (115) എന്നിങ്ങനെയാണ് വിവിധ ടീമുകള്‍ക്കായുള്ള താരത്തിന്റെ ഗോള്‍ നേട്ടം. രാജ്യാന്തര ഫുട്ബോളിലും പോര്‍ച്ചുഗല്‍ നായകന്‍ തന്നെയാണ് ടോപ് സ്കോറര്‍ എന്ന പ്രത്യേകതയുമുണ്ട്.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവുമധികം ഗോളുകള്‍ നേടിയത് താനെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ അവകാശവാദം ഉയര്‍ത്തുന്നുണ്ടെങ്കിലും ഔദ്യോഗിക കണക്കുകള്‍ ശരിവയ്ക്കുന്നില്ല. 769 ഗോളുകള്‍ മാത്രമാണ് പെലെയുടെ പേരിലുള്ളത്. പുസ്കാസ് (761), ലയണല്‍ മെസി (756) എന്നിവരാണ് പെലെയ്ക്ക് പിന്നിലായുള്ളത്.
റൊണാള്‍ഡോയുടെ പ്രിയപ്പെട്ട എതിരാളികള്‍ സ്പാനിഷ് ടീമുകളായ സെവിയ്യ, അത്ലറ്റിക്കൊ മാഡ്രിഡ്, ഗെറ്റാഫെ, ബാഴ്സലോണ, സെല്‍റ്റ വിഗോ എന്നിവരാണ്. അഞ്ച് ടീമുകള്‍ക്കെതിരെയും താരം ഇരുപതിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. 19 ടീമുകള്‍ക്കെതിരെ 10 തവണയിലധികം റൊണാള്‍ഡോ ലക്ഷ്യം കണ്ടു. ടോട്ടനമടക്കമുള്ള മുന്‍നിര ടീമുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: ഏകദിന നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ഭാവി ഉടനറിയാം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം ഈ ആഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.