ബെംഗളൂരു: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപിക്കുക. ഇന്ത്യൻ ഏകദിന ടീമിന്റെ നായകനെന്ന നിലയിൽ വിരാട് കോഹ്ലിയുടെ ഭാവിയും അതോടെ അറിയാനാകും.
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ഇന്ത്യൻ പര്യടനത്തിന് മാറ്റമില്ലെന്നും ബിസിസിഐയുടെ ഉന്നത വൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയയിൽ അടുത്ത ടി20 ലോകകപ്പ് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്നതിനാൽ കൂടുതലും ടി20 മത്സരങ്ങളാണ് വരും പര്യടനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ആകെ ഒമ്പത് ഏകദിനങ്ങൾ മാത്രമാണ് അടുത്ത ഏഴ് മാസകാലയളവിൽ ഇന്ത്യ കളിക്കുക. ഇതിൽ ആറെണ്ണം (ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മൂന്ന് വീതം) വിദേശത്തും മൂന്നെണ്ണം ഇന്ത്യയിലുമാണ്.
ബയോ ബബിൾ സംവിധാനം നിലനിൽക്കുന്നതിനാൽ എല്ലാ ഫോർമാറ്റുകളിലേക്കുമായി ഒരു വലിയ സ്ക്വാഡിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ 20, 23 അംഗ ടീമിനെ പ്രതീക്ഷിക്കാം.
ബിസിസിഐയിൽ നിലവിൽ രണ്ട് ആലോചനകളുണ്ട് എന്നാണ് അറിയുന്നത്. ഏതാനും ഏകദിനങ്ങൾ മാത്രം ഈ വർഷമുള്ളതിനാൽ കോഹ്ലിയെ തുടരാൻ അനുവദിക്കാമെന്നതാണ് ഒന്ന്. 2023-ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് രോഹിതിന് കൂടുതൽ സമയം ലഭിക്കുന്നതിന് വൈറ്റ് ബോൾ ക്രിക്കറ്റിന് ഒരു ക്യാപ്റ്റൻ എന്നതിലേക്ക് കൊണ്ടുവരിക എന്നതാണ് രണ്ടാമത്തേത്.
രണ്ടും സംബന്ധിച്ച് ശക്തമായ വാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതിൽ അന്തിമ തീരുമാനം പ്രസിഡന്റ സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും ആയിരിക്കുമെന്നാണ് അറിയുന്നത്.
ഒരു പ്രധാന ടൂർണമെന്റ് ജയിക്കാൻ കഴിയാത്തതാണ് കോഹ്ലിയുടെ നായക പദവിക്ക് വെല്ലുവിളി, എന്നാൽ ഈ ഫോർമാറ്റിൽ മൊത്തത്തിലുള്ള റെക്കോർഡ് കോഹ്ലിയെ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാക്കി മാറ്റുന്നുമുണ്ട്.
Also Read: തീരുമാനമെടുക്കാൻ സമയമുണ്ട്, നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിട്ടില്ല: ഗാംഗുലി
”അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ഞങ്ങൾ എല്ലാം തയ്യാറാക്കി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കും. പര്യടനം ഒഴിവാക്കാൻ സർക്കാർ ഞങ്ങളോട് പറഞ്ഞാൽ ഞങ്ങൾ അത് ചെയ്യും, പക്ഷേ ടീമിനെ തിരഞ്ഞെടുത്ത്, തയ്യാറാക്കി നിർത്തേണ്ടതുണ്ട്,” ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബുധനാഴ്ച പിടിഐയോട് പറഞ്ഞു.
ഒമിക്രോൺ സാഹചര്യത്തിൽ സർക്കാർ വിലക്കിയില്ലെങ്കിൽ മുഴുവൻ മത്സരങ്ങളും കളിക്കാനാണ് ഇന്ത്യൻ ടീമിന്റെ പദ്ധതിയെന്നാണ് അറിയുന്നത്. എന്നാൽ മൂന്ന് ടെസ്റ്റുകൾ ഒരെണ്ണമായി കുറക്കാൻ ആലോചന നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.