/indian-express-malayalam/media/media_files/uploads/2022/11/kohli-rohit-sharma.jpg)
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പുറത്താകലിന് പിന്നാലെ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ടീമിലെ താരങ്ങളുടെ ജോലിഭാരം കൈകാര്യ ചെയ്യുന്ന രീതിയെയാണ് ഗവാസ്കര്‍ വിമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ എന്തുകൊണ്ടാണ് താരങ്ങള്‍ ജോലിഭാരത്തെക്കുറിച്ച് പറയുന്നതെന്ന് തനിക്കറിയില്ലെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സമയത്ത് ഇത്തരം ചോദ്യങ്ങള്‍ ഉയരാരില്ലെന്നും ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചു.
"ഐപിഎല്ലിന്റെ സീസണ്‍ മുഴുവനും താരങ്ങള്‍ കളിക്കുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. അപ്പോള്‍ മടുപ്പ് വരാറില്ലെ. അപ്പോള്‍ ജോലിഭാരമില്ലെ. നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍, പ്രത്യേകിച്ചും വലിയ ഭംഗിയില്ലാത്ത രാജ്യത്തേക്കുള്ള പര്യടനം വരുമ്പോള്‍ മാത്രം എങ്ങനെയാണ് ജോലിഭാരത്തെക്കുറിച്ച് ഓര്‍മ വരുന്നത്. ഇത് ശരിയായ കാര്യമല്ല," ഗവാസ്കര്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
താരങ്ങള്‍ക്ക് അനുകൂലമായി മാത്രം ബിസിസിഐ പ്രവര്‍ത്തികരുതെന്നും കടുത്ത തീരുമാനങ്ങള്‍ ഭാവിയിലെടുക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു.
"നിങ്ങള്‍ക്ക് ശാരീരിക ക്ഷമതയുണ്ടെങ്കില്‍ എങ്ങനെയാണ് ജോലിഭാരം ചിത്രത്തിലേക്ക് വരുന്നത്. നിങ്ങളെ ടീമില്‍ തിരഞ്ഞെടുത്തിരിക്കുന്നു, നിങ്ങള്‍ക്ക് കൃത്യമായി പണവും നല്‍കുന്നു. ജോലിഭാരം മൂലം കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ പണവും ഒഴിവാക്കുക," ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.