/indian-express-malayalam/media/media_files/uploads/2019/07/dhoni-9.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് സൈനിക സേവനത്തിന് അനുവാദം ലഭിച്ചു. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ ധോണി സൈനിക സേവനം നടത്തുമെന്ന് സൈന്യം അറിയിച്ചു. 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനി(പാര)ല്‍ അംഗമായി കശ്മീരിലാകും ധോണിയുടെ സേവനമെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. പട്രോളിങും കാവലുമായിരിക്കും ധോണി ചെയ്യുകയെന്നും സൈന്യം വ്യക്തമാക്കി.
സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്.
Read More: വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി, രണ്ട് മാസം സൈനിക സേവനം
സൈനികരോടുള്ള ആദര സൂചകമായാണ് ധോണി കീപ്പിംഗ് ഗ്ലൗവില്‍ ബലിദാന്‍ മുദ്രയണിഞ്ഞ് ഇറങ്ങിയത്. സൈന്യത്തില്‍ പരിശീലനത്തിനായി പോകേണ്ടതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു.ധോണിയുടെ ഈ ആവശ്യം പരിഗണിച്ച് ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു.
Read More: ധോണി സൈനിക സേവനത്തിനെന്ന് കേട്ട് പൊട്ടിച്ചിരിച്ച് മുന്‍ ഇംഗ്ലണ്ട് താരം; മര്യാദ പഠിപ്പിച്ച് ആരാധകര്‍
സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ ധോണി രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ധോണി വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിരമിക്കലുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. ധോണിയുടെ തീരുമാനത്തിലൂടെ താല്‍കാലത്തേക്കെങ്കിലും ആശയകുഴപ്പങ്ങള്‍ക്കും വിരാമമായി.
വിന്‍ഡീസിനെതിരെ ഋഷഭ് പന്തിനാണ് ടീമില്‍ വിക്കറ്റ് കീപ്പറുടെ ചുമതല. ടെസ്റ്റില്‍ ശ്രീകര്‍ ഭരതിനെയോ, വൃദ്ധിമാന്‍ സാഹയേയോ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കാന്‍ സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.