മുംബൈ: മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ ട്വിസ്റ്റ്. രണ്ട് മാസത്തേക്ക് താന്‍ സ്വയം പിന്മാറുന്നതായി ധോണി ബിസിസിഐയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് ധോണിയെ പരിഗണിക്കില്ല. ഈ രണ്ട് മാസം സൈനിക സേവനത്തിനായി മാറ്റി വെക്കാനാണ് ധോണിയുടെ തീരുമാനം.

പാരച്യൂട്ട് റജിമെന്റില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. ലോകകപ്പിന് മുമ്പ് തന്നെ എടുത്തതാണ് ഈ തീരുമാനമെന്നും ധോണി ബിസിസിഐയെ അറിയിച്ചു. ഞായറാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക.

”മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്, ധോണി ഇപ്പോള്‍ വിരമിക്കില്ല. അദ്ദേഹം രണ്ട് മാസം പാരാമിലിറ്ററിയ്ക്ക് ഒപ്പം ചെലവഴിക്കാനാണ് തീരുമാനം. അദ്ദേഹമത് നേരത്തെ തന്നെ കമ്മിറ്റ് ചെയ്തതാണ്. അദ്ദേഹത്തിന്റെ തീരുമാനം വിരാട് കോഹ് ലിയേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിനെ അറിയിച്ചിട്ടുണ്ട്” ബിസിസിഐ പ്രതിനിധി പറഞ്ഞു.

”സെലക്ഷന്‍ കമ്മിറ്റി എന്നും ഒരു കാര്യത്തില്‍ വ്യക്തത പുലര്‍ത്തിയിരുന്നു. ആരോടും കളി അവസാനിപ്പിക്കാന്‍ പറയാനുള്ള അവകാശമില്ല. പക്ഷെ ടീം സെലക്ഷന്‍ അത് അവരുടെ തീരുമാനമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പര്യടനത്തിലുള്ളത്.

Also Read: എം.എസ്.ധോണിക്ക് പകരക്കാരൻ ആര്? മൂന്നുപേരെ ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ തൽക്കാലം വിരമിക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്നാണ് അരുൺ പാണ്ഡെ പറയുന്നത്.

Also Read: ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം; തുറന്നടിച്ച് വീരേന്ദർ സെവാഗ്

“നിലവിൽ ധോണിക്ക് വിരമിക്കാൻ പദ്ധതിയില്ല. അദ്ദേഹത്തെ പോലൊരു താരത്തിന്റെ ഭാവി സംബന്ധിച്ച് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്,” അരുൺ പാണ്ഡെ പറഞ്ഞു.

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് ധോണി ഉണ്ടാകില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് അരുൺ പാണ്ഡെയുടെ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook