/indian-express-malayalam/media/media_files/uploads/2019/06/Neil.jpg)
ഓവല്‍: അപകടകാരിയായ ഡേവിഡ് വാര്‍ണറെ മൂന്ന് റണ്‍സിന് കോട്ട്രല്‍ പുറത്താക്കുന്നു. പിന്നാലെ ആറ് റണ്‍സെടുത്ത നായകന്‍ ഫിഞ്ചിനെ ഓഷാനെ തോമസും യാത്രയാക്കി. 13 റണ്‍സെടുത്തു നില്‍ക്കെ ഉസ്മാന്‍ ഖ്വാജയെ ആന്ദ്ര റസലും മടക്കി അയച്ചു. വിന്‍ഡീസ് കൊടുങ്കാറ്റില്‍ ഓസീസ് പട ആടി ഉലയുകയായിരുന്നു. 'ബിഗ് ഷോ' ഗ്ലെന്‍ മാക്‌സ് വെല്‍' റണ്ണൊന്നും എടുക്കാതെയും പുറത്തായി. കളി പൂര്‍ണമായും വിന്‍ഡീസിന്റെ വരുതിയില്‍.
ഇതിനിടെ വന്ന മാര്‍ക്കസ് സ്റ്റോയ്‌നിസുമൊത്ത് സ്മിത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ആരംഭിച്ചു. പക്ഷെ 19 റണ്‍സെടുത്തു നില്‍ക്കെ സ്റ്റോയ്‌നിസിനെ വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ നേരിട്ടെത്തി യാത്രയാക്കി. ഇതോടെ ഓസ്‌ട്രേലിയുടെ ഇന്നിങ്‌സ് 200 പോയിട്ട് 150 ലെങ്കിലും എത്തുമോ എന്ന് ആരാധകര്‍ ആശങപ്പെടാന്‍ തുടങ്ങി. പക്ഷെ ഒരുവശത്തുണ്ടായിരുന്ന സ്മിത്ത് വിന്‍ഡീസിനെ അലട്ടുന്നുണ്ടായിരുന്നു.
Read More: 'വിരമിക്കരുതെന്ന് അപേക്ഷിച്ചതാണ്, നിലപാടില്‍ കുറ്റബോധമില്ല'; വിവാദത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം
പേടിച്ചത് സംഭവിച്ചു. അലക്‌സ് കാരെയെ കൂട്ടുപിടിച്ച് സ്മിത്ത് പതിയെ കളിയില്‍ താളം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സിംഗിളുകളും ഫോറുകളുമായി ഓസീസ് സ്‌കോര്‍ മുന്നോട്ട് നീങ്ങി. പക്ഷെ അര്‍ധ സെഞ്ചുറിയ്ക്ക് അഞ്ച് റണ്‍സകലെ കാരെ വീണു. അപകടം മണത്ത് എത്തിയ ആന്ദ്ര റസലായിരുന്നു അന്തകന്‍. ഇനി സ്മിത്ത് കൂടെ വീണാല്‍ ഓസ്‌ട്രേലിയയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചെന്ന് വിന്‍ഡീസ് പട ഉറച്ചു വിശ്വസിച്ചിരുന്നു. 79-5 എന്ന നിലയില്‍ നിന്നും 147-6 എന്ന നിലയിലേക്ക് സ്മിത്തും കാരെയും ചേര്‍ന്ന് അപ്പോഴേക്കും എത്തിച്ചിരുന്നു.
വിന്‍ഡീസിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ സ്മിത്തിനെ പുറത്താക്കുന്നതിലായിരുന്നു. എട്ടാമനായി എത്തിയ കോള്‍ട്ടര്‍നീലിനെ അത്ര വലിയ ഭീഷണിയായി വിന്‍ഡീസുകാര്‍ കണ്ടിരുന്നില്ല. പക്ഷെ പിന്നീട് അവിടെ കണ്ടത് സ്മിത്തിനെ കാഴ്ചക്കാരാനാക്കി ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന നഥാനെയാണ്. 60 പന്തുകളില്‍ നിന്നും എട്ട് ഫോറും നാല് സിക്‌സുമാണ് കോള്‍ട്ടര്‍നീല്‍ അടിച്ച് തകര്‍ത്തത്. ഓസീസ് ഇന്നിങ്‌സില്‍ സിക്‌സടിച്ച ഏക താരം.
/indian-express-malayalam/media/media_files/uploads/2019/06/Coulter-Neil.jpg)
കോള്‍ട്ടര്‍നീലിന്റെ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 34 റണ്‍സായിരുന്നു. തന്റെ കരിയറിലെ ആദ്യ എകദിന അര്‍ധ സെഞ്ചുറി നേടിയ കോള്‍ട്ടര്‍ നീല്‍ സെഞ്ചുറിയിലേക്ക് നീങ്ങുന്നുവെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷെ 92 റണ്‍സിലെത്തി നില്‍ക്കെ വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡറുടെ കൈകളില്‍ കോള്‍ട്ടര്‍നീലിന്റെ ഷോ അവസാനിച്ചു. ഏകദിനത്തില്‍ എട്ടമനായി ഇറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡില്‍ ക്രിസ് വോക്‌സിന്റെ 95 ന് പിന്നിലായി രണ്ടാമതെത്തി ഇതോടെ കോള്‍ട്ടര്‍നീല്‍. കൂടാതെ ലോകകപ്പില്‍ എട്ടാമന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും ഇനി കോള്‍ട്ടര്‍നീലിന് സ്വന്തം.
Also Read: കോള്‍ട്ടര്‍നീലിന്റെ 'ടി20യില്‍' ഓസീസ് തിരിച്ചു വരവ്; വിന്‍ഡീസിന് ലക്ഷ്യം 289 റണ്‍സ്
വിക്കറ്റ് നഷ്ടപ്പെട്ട് പവലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ വിന്‍ഡീസ് താരങ്ങളും ഗ്യാലറിയിലെ വിന്‍ഡീസ് ആരാധകരും സ്വന്തം ആരാധകരും കോള്‍ട്ടര്‍ നീലിനായി ഒരുപോലെ കൈയ്യടിക്കുന്നുണ്ടായിരുന്നു. ഒരു എട്ടാമന്റെ താന്‍ കണ്ട ഏറ്റവും മനോഹരമായ ഇന്നിങ്‌സെന്നാണ് കോള്‍ട്ടര്‍നീലിന്റെ പ്രകനടത്തെ കുറിച്ച് ഇംഗ്ലീഷ് ഇതിഹാസം മൈക്കിള്‍ വോഗണ്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us