ഓവല്‍: മുന്‍നിര തകര്‍ന്നപ്പോള്‍ ചെറുത്തു നിന്ന മധ്യനിരയും ആഞ്ഞടിച്ച വാലറ്റവും ഓസ്‌ട്രേലിയ്ക്ക് സമ്മാനിച്ചത് മികച്ച സ്‌കോര്‍. വിന്‍ഡീസിന് വിജയലക്ഷ്യം 289 റണ്‍സ്. 49 ഓവര്‍ ബാറ്റ് ചെയ്ത ഓസീസ് 288 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ 79-5 എന്ന നിലയില്‍ തകര്‍ന്നു നിന്നിരുന്ന ഓസ്‌ട്രേലിയ വീരോചിതമായി തിരികെ വരികയായിരുന്നു.

മുന്‍ നായകന്‍ സ്മിത്തിന്റെ ചെറുത്തു നില്‍പ്പും എട്ടാമനായി ഇറങ്ങിയ നഥാന്‍ കോള്‍ട്ടര്‍നീലിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സെഞ്ചുറിയ്ക്ക് എട്ട് റണ്‍സകലെയാണ് കോള്‍ട്ടര്‍നീല്‍ പുറത്താകുന്നത്.

കഴിഞ്ഞ കളിയിലെ താരമായ ഡേവിഡ് വാര്‍ണര്‍ മൂന്ന് റണ്‍സും നായകന്‍ ആരോണ്‍ ഫിഞ്ച് ആറ് റണ്‍സുമായി പുറത്തായതോടെ ഓസ്‌ട്രേലിയ നേരിട്ടത് കനത്ത അടിയായിരുന്നു. വാര്‍ണറെ കോട്ട്രലും ഫിഞ്ചിനെ ഓഷാനെ തോമസുമാണ് പുറത്താക്കിയത്. പിന്നാലെ ഉസ്മാന്‍ ഖ്വാജയെ റസലും മടക്കി അയച്ചു. ഇതോടെ ഓസ്‌ട്രേലിയ വലിയ തകര്‍ച്ച മുന്നില്‍ കണ്ടു.

എന്നാല്‍ സ്റ്റീവ് സ്മിത്ത് മധ്യനിരയെ കൂട്ടുപിടിച്ച് ചെറുത്തു നില്‍പ്പ് ആരംഭിച്ചു. സ്മിത്തും അലക്‌സ് കാരെയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ തിരികെ കൊണ്ടു വന്നത്. സ്മിത്ത് 103 പന്തില്‍ 73 റണ്‍സും കാരെ 55 പന്തില്‍ 45 റണ്‍സും നേടി. കാരെയെ പുറത്താക്കി റസല്‍ വീണ്ടും വിന്‍ഡീസിനെ മുന്നില്‍ എത്തിച്ചു. പക്ഷെ എട്ടാമനായി എത്തിയ കോട്ടര്‍നീല്‍ കളിയുടെ ഗതി തന്നെ മാറ്റുന്ന പ്രകടനമാണ് പുറത്തെടുത്തത്. 60 പന്തുകളില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കം 92 റണ്‍സ് നേടിയാണ് കോട്ടര്‍നീല്‍ പുറത്താകുന്നത്. ലോകകപ്പില്‍ എട്ടാമനായി ഇറങ്ങി ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.

വെസ്റ്റ് ഇന്‍ഡീസിനായി ഓഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്രല്‍, ആന്ദ്ര റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ബ്രാത്ത് വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തിയും തിളങ്ങി. പക്ഷെ മധ്യനിരയില്‍ ഓസ്‌ട്രേലിയ കളി പിടിക്കുകയായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook