/indian-express-malayalam/media/media_files/ONmN8QzrwE7BykLecUkt.jpg)
റിഷഭ് പന്ത് അക്സർ പട്ടേലിനൊപ്പമാണ് ഇന്ന് രാവിലെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഫൊട്ടോ: എക്സ് / ക്രിക്ട്രാക്കർ
തിരുപ്പതി: കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നും വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഉത്തരാഖണ്ഡുകാരനായ പന്ത് ഇന്ത്യൻ ടീമിലെ സഹതാരവും ഓൾറൌണ്ടറുമായ അക്സർ പട്ടേലിനൊപ്പമാണ് ഇന്ന് രാവിലെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലെത്തിയത്.
കസവ് കരയുള്ള വെള്ള മുണ്ടും ഷർട്ടുമണിഞ്ഞാണ് ഇരുവരും തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഇരുവരുടേയും ക്ഷേത്ര സന്ദർശനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്ര ദർശനം നടത്തുന്നതിനിടെ യുവതാരങ്ങളെ ഒരുനോക്ക് കാണാൻ ധാരാളം തീർത്ഥാടകർ തടിച്ചുകൂടി. നിരവധി പേർ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും മത്സരിച്ചു.
Rishabh Pant and Axar Patel visited at the Lord Balaji Temple, Tirupati. pic.twitter.com/drga7z60Rk
— CricketMAN2 (@ImTanujSingh) November 3, 2023
പരിക്കുകളെ തുടർന്നാണ് ഇരുവർക്കും ഏകദിന ലോകകപ്പിൽ കളിക്കാൻ സാധിക്കാതിരുന്നത്. അക്സർ പട്ടേൽ ആദ്യം ലോകകപ്പിൽ ടീമിൽ ഇടംനേടിയിരുന്നു. എന്നാൽ ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്സറിന് പരിക്കേറ്റത്. ഇതോടെ താരത്തിന് പകരം രവിചന്ദ്രൻ അശ്വിൻ ലോകകപ്പ് ടീമിലിടം നേടി. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് 29കാരൻ അക്സർ പട്ടേൽ.
2022 ഡിസംബർ 30ന് റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പന്ത് ഓടിച്ചിരുന്ന കാർ റോഡിന്റെ മറുവശത്ത് വന്നാണ് പതിച്ചത്. ഈ കാറിന് പിന്നീട് തീപിടിച്ചെങ്കിലും, അതിന് മുമ്പേ താരത്തെ ഈ വഴി വന്ന മറ്റു യാത്രക്കാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇടംകൈയ്യൻ ബാറ്റർക്ക് ഒന്നിലധികം പരിക്കുകൾ സംഭവിച്ചു. വലത് കാൽമുട്ടിനാണ് ഗുരുതരമായി പരിക്കേറ്റത്. ലിഗമെന്റ് പുനർനിർമ്മാണ ശസ്ത്രക്രിയയും ആവശ്യമായി വന്നു. അപകടം നടന്ന് 10 മാസത്തിനിപ്പുറം ക്രിക്കറ്റ് പരിശീലനമടക്കം പുനരാരംഭിക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഹാത്ത് സ്വദേശിയാണ് പന്ത്. എന്നാൽ അദ്ദേഹം കുടുംബസമേതം റൂർക്കിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മാസം, ഒക്‌ടോബർ മൂന്നിന് പന്ത് ബദരീനാഥ് ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും തീർത്ഥാടകരും ചേർന്നാണ് സ്വീകരിച്ചത്.
Check out More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.