/indian-express-malayalam/media/media_files/uploads/2021/11/rahul-dravid-gives-rs-35000-to-groundsmen-for-preparing-sporting-pitch-587369-FI.jpg)
Photo: Facebook/ Indian Cricket Team
മുന്നോട്ട് പോകുമ്പോൾ ടീം സെലക്ഷന്റെ കാര്യത്തിൽ മാനേജ്‌മെന്റ് ചില ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ കൈകൊണ്ടേക്കുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. തീരുമാനങ്ങൾ എന്ത് തന്നെ ആയാലും കളിക്കാരെ അത് കൃത്യമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ടീമിൽ സ്ഥാനമുറപ്പിക്കാൻ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും കഷ്ടപ്പെടുകയും, മായങ്ക് അഗർവാളിനെയും ശ്രേയസ് അയ്യരെയും പോലുള്ള യുവതാരങ്ങൾ മികച്ച പ്രകടനങ്ങളുമായി ടീമിന് പരമ്പര നേടികൊടുക്കുകയും ചെയ്യുമ്പോൾ ദ്രാവിഡിന്റെ വാക്കുകൾ പ്രാധാന്യമർഹിക്കുന്നതാണ്.
"അതൊരു നല്ല തലവേദനയാണ് (സെലക്ഷൻ), ഒപ്പം യുവതാരങ്ങൾ നന്നായി കളിക്കുന്നത് കാണുന്നതും. നന്നായി കളിക്കാനുള്ള ആഗ്രഹം ഏറെയാണ്, എല്ലാവരും പരസ്പരം പ്രേരിപ്പിക്കുന്നുണ്ട്" ദ്രാവിഡ് മത്സരശേഷം പറഞ്ഞു.
"ഇനിയും തലവേദനകൾ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്, നമുക്ക് ചിലപ്പോൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കും. എന്നാൽ കളിക്കാരുമായി അത് എന്തുകൊണ്ടാണെന്ന് കൃത്യമായി സംവദിക്കാൻ കഴിയുമെങ്കിൽ അതൊരു പ്രശ്നമായി തോന്നുന്നില്ല," അദ്ദേഹം പറഞ്ഞു.
ഇടംകയ്യൻ സ്പിന്നറും ബാറ്റ്‌സ്മാനുമായ അക്‌സർ പട്ടേൽ ബോളുകൊണ്ടും ബാറ്റു കൊണ്ടും തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ പിഴുത അക്‌സർ രണ്ടാം ടെസ്റ്റിൽ തന്റെ ആദ്യ അർധസെഞ്ചുറിയും കുറിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 26 പന്തിൽ അതിവേഗം 41 റൺസും നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ജയന്ത് യാദവും അഞ്ചു വിക്കറ്റുകൾ നേടിയിരുന്നു.
ഈ വിജയം വൻ സൈഡഡ് ആണെന്ന് തോന്നുമെങ്കിലും പരമ്പരയിൽ ഉടനീളം ടീം നന്നായി പ്രയത്‌നിച്ചെന്നും അതിനു ടീമിനെ അഭിനന്ദിക്കുന്നതായും പറഞ്ഞ ദ്രാവിഡ് കളിക്കാർ ഓരോ മത്സരങ്ങളിലും മെച്ചപ്പെടാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഇന്നലെ തിളങ്ങാൻ കഴിയാതിരുന്ന ജയന്ത് അതിൽ നിന്നും പഠിച്ച് ഇന്ന് തിരിച്ചുവരവ് നടത്തിയെന്നും ദ്രാവിഡ് പറഞ്ഞു.
"മായങ്ക്, ശ്രേയസ്, സിറാജ് അവർക്ക് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. അക്സറിന്റെ ബാറ്റ് കൊണ്ടും ബോളുകൊണ്ടുമുള്ള വളർച്ച സന്തോഷകരമാണ്. ഇത് ഒരുപാട് ഓപ്‌ഷനുകളും നൽകും, മികച്ച ഒരു നിരയായി നമ്മളെ മാറ്റും" ദ്രാവിഡ് പറഞ്ഞു.
62 റൺസിന് ന്യൂസിലൻഡിനെ ഓൾഔട്ടാക്കിയിട്ടും ഫോളോ ഓൺ ചെയ്യാതിരുന്ന തീരുമാനത്തെ ദ്രാവിഡ് പിന്തുണച്ചു. ടീമിലെ യുവതാരങ്ങൾക്ക് ഈ സാഹചര്യങ്ങൾ മനസിലാക്കാനുള്ള അവസരം നൽകുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന മത്സരങ്ങൾക്കായി താരങ്ങളെ മാനസികവും ശാരീരികവുമായി ഫിറ്റാക്കി നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയാണെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.