മുംബൈ: മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ തകർത്ത് 1-0 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ . 372 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 167 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും ജയന്ത് യാദവുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
നാലാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് ആകെ 27 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. 18 റൺസെടുത്ത രചിൻ രവീന്ദ്ര, കൈൽ ജാമിസൺ (0), ടിം സൗത്തീ (0), സോമർവിൽ (1), അജാസ് പട്ടേൽ (0), 44 റൺസെടുത്ത ഹെൻറി നിക്കോളാസ് എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം നഷ്ടമായത്.
ഇന്നലെ ടോം ലാഥം (6), വില്‍ യംഗ് (20), ഡാരില്‍ മിച്ചല്‍ (60), റോസ് ടെയ്ലര് (6), ടോം ബ്ലണ്ടല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലാഥത്തെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ അല്പനേരം പിടിച്ചുനിന്നു. എന്നാല്‍ മറുവശത്ത് യംഗിനെ അശ്വിൻ സൂര്യകുമാര്‍ യാദവിന്റെ കൈകളിൽ എത്തിച്ചു. റോസ് ടെയ്ലര് വീണ്ടും നിരാശപ്പെടുത്തി. ആറ് റണ്‍സെടുത്ത ടെയ്ലറെ അശ്വിന് പൂജാരയുടെ കൈകളിലെത്തിച്ചു മടക്കി. റണ്‍സൊന്നും നേടാനാവാതെ ബ്ലണ്ടൽ റണ്ണൗട്ടാവുകയും ചെയ്തു.
Also Read: രഹാനെയുടെ പകരക്കാനാകാന്‍ ഈ യുവതാരത്തിന് കഴിയും: ഹര്ഭജന്
60 റൺസ് നേടിയാണ് ഡാരൻ മിച്ചൽ മടങ്ങിയത്. അക്സർ പട്ടേലിന്റെ പന്തിൽ ജയന്ത് യാദവിന് ക്യാച്ച് നൽകിയായിരുന്നു മടക്കം.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 276-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ (62), ചേതേശ്വര്‍ പൂജാര (47), ശുഭ്മാന്‍ ഗില്‍ (47), അക്സര്‍ പട്ടേല്‍ (41) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ നാലും, രച്ചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 325 റണ്‍സിന് പുറത്തായിരുന്നു. ടെസ്റ്റില്‍ തന്റെ നാലാം സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ (150), അക്സര്‍ പട്ടേല്‍ (52), ശുഭ്മാന്‍ ഗില്‍ (44) എന്നിവരുടെ മികവിലാണ് ആതിഥേയര്‍ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. പത്ത് വിക്കറ്റും നേടിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷകള്‍ തടഞ്ഞത്.
എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. കേവലം 62 റണ്‍സിന് പുറത്തായി. ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുത് മുഹമ്മദ് സിറാജായിരുന്നു കിവികളുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ രവിചന്ദ്രന്‍ അശ്വിന് (നാല് വിക്കറ്റ്), അക്സര്‍ പട്ടേല്‍ (രണ്ട് വിക്കറ്റ്), ജയന്ദ് യാദവ് (ഒരു വിക്കറ്റ്) സ്പിന്‍ ത്രയം കാര്യങ്ങള്‍ അതിവേഗത്തിലാക്കുകയായിരുന്നു.