/indian-express-malayalam/media/media_files/uploads/2020/12/Justin-Langer.jpg)
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി 20 മത്സരത്തിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹലിനെ ഇറക്കിയത് ഏറെ ചർച്ചയായിരിക്കുകയാണ്. ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചും മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറും ചഹലിനെ കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറക്കാനുള്ള നടപടിക്കെതിരെ എതിർപ്പുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് കായിക ഗ്രൂപ്പുകളിൽ നടക്കുന്നത്. ഇന്ത്യ നടത്തിയത് ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് ചേരില്ലെന്നാണ് ഓസീസ് ആരാധകരുടെ വാദം. ഓസീസ് ടീമും മത്സരശേഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അതിനിടയിലാണ് ഓസീസ് ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ ജസ്റ്റിൻ ലാംഗർ ചെയ്ത മോശം പെരുമാറ്റം ഇന്ത്യൻ ആരാധകർ ഓർമിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് നിരക്കാത്ത കാര്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജസ്റ്റിൻ ലാംഗറുടെ ഈ പ്രവൃത്തി ഉണ്ടാകുമെന്നാണ് ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
2003-04 സീസണിലെ ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിനിടെയാണ് സംഭവം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡിൽ നിന്നിരുന്ന ലാംഗർ വിക്കറ്റിനു മുന്നിലൂടെ കടന്നുപോകുമ്പോൾ കൈ കൊണ്ട് ബെയ്‌ൽ തട്ടിയിട്ടു. ഇത് വലിയ വിവാദമായി. ബെയ്‌ൽ വീണു കിടക്കുന്നത് കണ്ട് ഓസീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. ഹാഷ്‌ഗൻ തിലകരത്നെയായിരുന്നു ശ്രീലങ്കയ്‌ക്ക് വേണ്ടി ബാറ്റ് ചെയ്തിരുന്നത്. ബെയ്ൽ വീണു കിടക്കുന്നത് കണ്ട് ഓസീസ് നായകൻ റിക്കി പോണ്ടിങ് വിക്കറ്റിനായി അപ്പീൽ ചെയ്തു.
Read Also: പൊന്നുംവിലയുള്ള ഇന്നിങ്‌സ്, കിടിലൻ ക്യാച്ച്; ടി 20 ടീമിൽ സഞ്ജു തുടരും
അത് വിക്കറ്റല്ലെന്ന് ടിവി റീപ്ലേയിൽ നിന്ന് വ്യക്തമായിരുന്നു. മാത്രമല്ല, പിച്ചിലൂടെ നടന്നുപോകുന്ന ലാംഗർ ഒരു കൈ കൊണ്ട് ബെയ്ൽ തട്ടിയിടുന്നതും കാണാം. അതിനുശേഷം ഒന്നും അറിയാത്ത പോലെ ലാംഗർ പോകുന്നു. താൻ കരുതിക്കൂട്ടി ചെയ്തതല്ലെന്നാണ് ലാംഗർ അന്ന് വാദിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി ആദ്യം കണക്കാക്കിയെങ്കിലും പിന്നീട് ലാംഗറിന് യാതൊരു പിഴശിക്ഷയും നേരിടേണ്ടി വന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
ബെയ്‌ൽ വിവാദത്തെ തുടർന്ന് മൂന്ന് മിനിറ്റോളമാണ് അന്ന് മത്സരം നിർത്തിവച്ചത്. താൻ മനപൂർവം ചെയ്തതല്ല എന്നും ബെയ്‌ൽ വീണതിനെ കുറിച്ച് താൻ അറിഞ്ഞില്ലെന്നും മാച്ച് റഫറിക്ക് മുൻപിൽ ലാംഗർ ശക്തിയുക്തം വാദിച്ചു. ഒടുവിൽ ലാംഗറുടെ ഭാഗം അംഗീകരിക്കപ്പെട്ടു. ലാംഗർ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്ന് മാച്ച് റഫറിയും അംഗീകരിക്കുകയായിരുന്നു. ശ്രീലങ്ക ഈ നടപടിക്കെതിരെ രംഗത്തെത്തി. ഓസ്ട്രേലിയക്ക് പകരം മറ്റൊരു ടീം ആയിരുന്നു പ്രതിസ്ഥാനത്തെങ്കിൽ ക്രിക്കറ്റ് ബോർഡ് എങ്ങനെയായിരിക്കും പെരുമാറുകയെന്ന് ശ്രീലങ്കൻ ബോർഡ് ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.