ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ഇനിയും നിരവധി അവസരങ്ങൾ ലഭിച്ചേക്കും. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് കളികളിലും സഞ്ജു ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനാണ് സാധ്യത. ആദ്യ ടി 20 യിലെ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജുവിന് കൂടുതൽ സാധ്യതകൾ തുറന്നിടുന്നത്.
ഓസീസിനെതിരായ ആദ്യ ടി 20 യിൽ 15 പന്തിൽ നിന്നാണ് സഞ്ജു 23 റൺസ് നേടിയത്. ടീമിലെ മൂന്നാമത്തെ ടോപ് സ്കോറർ സഞ്ജുവാണ്. ഒരു ഫോറും ഒരു സിക്സും സഹിതമായിരുന്നു സഞ്ജു 23 റൺസ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി സഞ്ജു അഞ്ചാം ടി 20 യാണ് ഇന്നലെ കളിച്ചത്. ഇതിനു മുൻപ് കളിച്ച നാല് ടി 20 യിലും ബാറ്റ്സ്മാൻ എന്ന നിലയിൽ സഞ്ജു പരാജയമായിരുന്നു. എന്നാൽ, ഇന്നലെ കാൻബറെയിൽ നടന്ന മത്സരത്തിൽ അനായാസം സ്കോർ ചെയ്യാൻ സഞ്ജുവിന് സാധിച്ചു. മാത്രമല്ല, ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കിടിലൻ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ബാറ്റിങ്ങിൽ താളം കണ്ടെത്തിയതും മികച്ച ഫീൽഡിങ്ങും സഞ്ജുവിനെ തുടർന്നുള്ള മത്സരങ്ങളിൽ ടീമിന്റെ അവിഭാജ്യ ഘടകമാക്കും.
അടുത്ത ടി 20 യിൽ സഞ്ജു ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അടുത്ത ടി 20 യിൽ 30 ൽ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ സാധിച്ചാൽ മൂന്നാമത്തെ ടി 20 യിലും സഞ്ജുവിന് ടീമിന്റെ ഭാഗമാകാൻ സാധിക്കും. രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിലാണ് സഞ്ജുവിനെ ടി 20 സ്ക്വാഡിൽ ഉൾപ്പെടുത്തിയതെങ്കിലും ബാറ്റിങ്ങിൽ മികവ് തുടർന്നാൽ പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് എളുപ്പത്തിൽ സാധിക്കും. മാത്രമല്ല, ആദ്യ ടി 20 യിൽ മനീഷ് പാണ്ഡെ നിരാശപ്പെടുത്തിയതും സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാക്കും.

സ്മിത്തിന്റെ ക്യാച്ചെടുത്ത ശേഷം സഞ്ജു സാംസൺ
ആദ്യ ടി 20 യിൽ പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യർ രണ്ടാം ടി 20 യിൽ ടീമിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മനീഷ് പാണ്ഡെയായിരിക്കും പുറത്തിരിക്കേണ്ടിവരിക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook