/indian-express-malayalam/media/media_files/uploads/2021/12/ajaz-patel-creates-history-becomes-the-third-bowler-to-take-10-wickets-in-an-innings-589666.jpg)
Photo: ICC
മുംബൈയില്‍ ജനനം. ന്യൂസിലന്‍ഡിനായി കളിക്കുന്നു. ഒടുവില്‍ ജന്മനാട്ടിലെത്തി ഇന്ത്യയ്ക്കെതിരെ ചരിത്ര നേട്ടം. സ്പിന്‍ തന്ത്രങ്ങളൊരുക്കി എതിരാളിയ്ക്ക് ഒരു സാധ്യതയും നല്‍കാതെ വീഴ്ത്തുന്ന ആതിഥേയ തന്ത്രം ഇത്തവണ ഇന്ത്യയ്ക്കല്ല കൂട്ടായത്. വിരോട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമടക്കം രാഹുല്‍ ദ്രാവിഡ് മുന്നോട്ട് വച്ച ഓരോ കരുക്കളും വെട്ടിയായിരുന്നു അജാസ് പട്ടേല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പേര് സ്വര്‍ണ ലിപികളാല്‍ എഴുതിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ എത്ര പേര്‍ 10 വിക്കറ്റ് നേടിയിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരു കൈ വിരളുകളില്‍ എണ്ണാവുന്ന ബോളര്‍മാര്‍ പോലുമില്ല. 1956 ലായിരുന്നു ആദ്യമായി ചരിത്ര നിമിഷത്തിന് ലോകം സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ട് താരം ജെ.സി. ലെയ്ക്കര്‍ ഓസ്ട്രേലിയക്കെതിരെ 53 റണ്‍സ് വഴങ്ങി 10 വിക്കറ്റും നേടി. പിന്നീട് 43 വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ കുംബ്ലെയുടെ മാജിക്കിലാണ് അത് സംഭവിച്ചത്. പാക്കിസ്ഥാനെതിരെ 74 റണ്‍സ് വഴങ്ങിയായിരുന്നു നേട്ടം.
ഇന്ത്യന്‍ താരങ്ങളുടെ പിഴവുകളിലൂടെ ആയിരുന്നില്ല അജാസ് പട്ടേല്‍ നേട്ടം കൊയ്തത്. കൃത്യതയാര്‍ന്ന ബോളിങ്. വേഗത കൂട്ടിയും കുറച്ചുമെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരെ കുഴപ്പത്തിലാക്കിയ തന്ത്രം. കട്ട് ഷോട്ടിന് ബാറ്റര്‍മാര്‍ക്ക് അജാസ് ക്ഷണം നല്‍കിയപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല ആര്‍ക്കും. അനായാസം ബൗണ്ടറി എന്ന ലക്ഷ്യം മനസിലുണ്ടായിരുന്നവരെ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ച തന്ത്രത്തിന് കൈയടിച്ചു ഗ്യാലറി.
ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകള്‍ അജാസിന്റെ കൃത്യതയുടെ പര്യായായം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. മുന്‍നിരയെ അനായാസം മടക്കിയ അജാസിന് ഇന്ത്യയുടെ വാലറ്റം വെല്ലുവിളി ആയിരുന്നില്ല. അനാവശ്യം ഷോട്ടിന് ശ്രമിച്ച് താരത്തിന്റെ ജോലി എളുപ്പമാക്കുകയായിരുന്നു അവര്‍. പിന്നെ പ്രതിരോധിക്കാന്‍ കഴിയും വിധമായിരുന്നില്ല അജാസിന്റെ കൈകളില്‍ നിന്ന് എത്തിയ ഓരോ പന്തുകളും.
പത്ത് വിക്കറ്റിന്റെ ചരിത്ര നേട്ടത്തിന് അപ്പുറം ചെറിയ റെക്കോര്‍ഡുകളും താരത്തിന് സ്വന്തമാക്കാനായി. ഒരു വിദേശ സ്പിന്നര്‍ ഇന്ത്യയില്‍ കാഴ്ച വയ്ക്കുന്ന എറ്റവും മികച്ച പ്രകടനം. 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയ നാഥാന്‍ ലിയോണിനൊപ്പമായിരുന്ന റെക്കോര്‍ഡ് അജാസിലേക്കെത്തി. ഒരു ന്യൂസിലന്‍ഡ് ബോളറുടെ ഏറ്റവും മികച്ച പ്രകടനവും ഇത് തന്നെ. ആദ്യമായാണ് ഇന്ത്യയ്ക്കെതരെ ഇത്തരത്തില്‍ ഒരു ബോളര്‍ ആധിപത്യം സ്ഥാപിക്കുന്നത്.
Also Read: India vs New Zealand 2nd Test, Day 2: അജാസ് പട്ടേലിന് 10 വിക്കറ്റ്; ഇന്ത്യ 325 ന് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.