/indian-express-malayalam/media/media_files/uploads/2022/09/district-information-officer-fb-post.jpg)
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണം ആളുകളെ പൊതുവെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യരെയും വളര്‍ത്തുജീവികളെയും ആക്രമിക്കുന്ന നായകള്‍ റോഡപകടങ്ങള്‍ക്കും കാരണമാകുന്ന നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
പട്ടികടി വര്‍ധിക്കുമ്പോഴും സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നാണു പൊതുവെ ഉയരുന്ന വിമര്‍ശം. എന്നാല്‍ പട്ടികടി ഒഴിവാക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണു സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. ഇതിനെതിരെ രൂക്ഷവിമര്‍ശവും പരിഹാസവുമാണു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.
ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും പട്ടിയെ ശല്യപ്പെടുത്തരുത്, ദേഷ്യപ്പെട്ടിരിക്കുമ്പോഴോ ഭയന്നിരിക്കുമ്പോഴോ പട്ടിയുടെ അടുത്തുചെല്ലരുത്, പട്ടി അടുത്തുവന്നാല്‍ ഓടരുത്, ശാന്തമായി മാത്രം പട്ടിയെ സമീപിക്കുക എന്നതൊക്കെയാണ് പട്ടി കടി ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളായി ഗ്രാഫിക്‌സ് സഹിതമുള്ള നിര്‍ദേശത്തില്‍ പറയുന്നത്. പട്ടികടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളും നിര്‍ദേശത്തില്‍ പറയുന്നു.
എന്നാല്‍ നിര്‍ദേശങ്ങള്‍ക്കു അത്ര നല്ല സ്വീകരണമല്ല ആളുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ''സര്‍ക്കാര്‍ ചെലവിലാണോ ഇത്തരം വിഡ്ഡിത്തം പുലമ്പുന്നത്?'' എന്നാണു എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനു താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്. ''എന്തൊരു ദുരന്തമാണ് ഇവരൊക്കെ?'' എന്നാണു മറ്റൊരാളുടെ കമന്റ്.
'ഉറങ്ങുമ്പോള്‍ ശല്യപ്പെടുത്തിയതു മനുഷ്യനല്ല, നായ തന്നെയാണ്,' എന്നാണു വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ നായ കടിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ട് പ്രമുഖ അവതാരക അന്നപൂര്‍ണ ലേഖ പിള്ള കമന്റ് ചെയ്തത്.
'ഒരൊലക്ക കിട്ടുമോ'യെന്നും 'ഇതിപ്പോള്‍ പട്ടി പോസ്റ്റിട്ട പോലെയുണ്ടല്ലോ'യെന്നുമുള്ള ട്രോളുകള്‍ ആളുകളുടെ നീരസം വെളിപ്പെടുത്തുന്നു. 'ലോക്ക്ഡൗണ്‍ കൊണ്ടുവന്നാല്‍ എല്ലാം ശരിയാകും', 'ഈ നിര്‍ദേശങ്ങളൊക്കെ പട്ടിയെ കൂടെ പഠിപ്പിക്കു' എന്നീ രസകരമായ കമന്റുകളും പോസ്റ്റിനു താഴെ കാണാം.
'കടി കൊണ്ടാലും മരംപോലെ ഉറച്ചുനില്‍ക്കണം. ഇനി കടികൊണ്ട് നിലത്തുവീണാല്‍ പന്തുപോലെ കിടക്കണം. കടി കഴിഞ്ഞു ബാക്കിയുണ്ടെങ്കില്‍ കടികൊണ്ട ഭാഗം 15 മിനുറ്റ് കഴുകണം,' എന്നാണ് വേറൊരാളുടെ പരിഹാസം. 'ഒരു പോയിന്റ് വിട്ടുപോയി. ഉജാല വെള്ളം കുപ്പിയിലാക്കി വച്ചാല്‍ പട്ടികള്‍ വരില്ല,' എന്ന് മറ്റൊരാള്‍ കുറിച്ചപ്പോള്‍, 'ഇതിപ്പോള്‍ പട്ടി പോസ്റ്റ് ഇട്ടപോലെ ആണല്ലോ', 'പട്ടിയുടെ കടിയേക്കാള്‍ മാരകമാണല്ലോ ഓഫീസറേ ങ്ങ്‌ടെ പോസ്റ്റ്','ഇതൊക്കെ പട്ടിക്ക് അറിയുമോ എന്തോ?', 'ഈ തിയറി ഒന്നും പട്ടി കടിക്കാന്‍ വന്നാല്‍ പ്രാക്റ്റിക്കല്‍ ആവില്ലെന്റെ സാറുമ്മാരെ' എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകള്‍.
ഓരോ ജില്ലയിലും ഹോട്‌സ്‌പോട്ടുകള്‍ തിരിച്ച് അനിമല്‍ ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഈ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 പേരാണു നായയുടെ കടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ അഞ്ചിനു മരിച്ച പത്തനംതിട്ട സ്വദേശിയായ പന്ത്രണ്ടുകാരിയാണു പട്ടികയിലെ ഒടുവിലത്തെയാള്‍. പട്ടികടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. സ്‌കൂള്‍ കുട്ടികളടക്കം തെരുവുനായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അക്രമകാരികയാള തെരുവുനായകളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us