/indian-express-malayalam/media/media_files/uploads/2021/06/WhatsApp-Image-2021-06-10-at-11.55.35-AM.jpeg)
'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിലെ പപ്പുവിന്റെ ഡയലോഗ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാവുകയില്ല. 'പണി പാളുന്ന' എല്ലാ സന്ദർഭങ്ങളിലും ഉപയോഗിക്കുന്ന ഒരു പ്രധാന ഡയലോഗായി റോഡ് റോളർ നന്നാക്കാൻ എത്തുന്ന പപ്പുവിന്റെ ഡയലോഗ് മാറി കഴിഞ്ഞു.
"കടുകുമണി വ്യത്യാസത്തിൽ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി, ഞമ്മളും എഞ്ചിനും തവിടുപൊടി. വിട്ടില്ല, ഇൻഷാ അള്ളാ, പടച്ചോനേ.. ങ്ങള് കാത്തോളീ…ന്ന് ഒറ്റ വിളിയാണ്. എഞ്ചിനങ്ങിനെ പറ പറക്ക്യാണ്. ഏത, മ്മടെ ഏറോപ്ലേയിൻ വിട്ട പോലെ….ഹഹഹാ ഹഹഹാ.." എന്ന ഡയലോഗ് ഉപയോഗിച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വലിയ ഒരു വാഴ വെട്ടാൻ കയറുന്ന വ്യക്തി വാഴയുടെ മുകൾ ഭാഗം വെട്ടിയ ശേഷം, മറിഞ്ഞു വീഴുന്ന വഴക്കൊപ്പം അടുത്തുള്ള ചെറിയ കനാലിലേക്ക് വീഴുന്നതാണ് വീഡിയോ ദൃശ്യം. വീണ ആൾക്ക് ഒന്നും സംഭവിക്കാതെ പൊടിയും തട്ടി എഴുന്നേക്കുന്നതും വിഡിയോയിൽ കാണാം. വെള്ളാനകളുടെ നാട് സിനിമ സംവിധാനം ചെയ്ത പ്രിയദർശനും വീഡിയോ ഇന്നലെ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ആളുകൾ വീഡിയോ പങ്കുവക്കാൻ തുടങ്ങിയത്.
Read Also: നാടൻപാട്ടുകൾ പാടി മലയാളികളുടെ മനംകവർന്ന് അസാമീസ് സഹോദരിമാർ; വീഡിയോ
വീഡിയോ പങ്കുവെച്ച പ്രിയദർശൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു, "മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു." നിരവധി പേർ ചിത്രത്തെകുറിച്ചും പപ്പുവിനെക്കുറിച്ചും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
1988ലാണ് മോഹൻലാൽ, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ വെള്ളാനകളുടെ നാട് സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ കഥ. മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ എന്നീ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.