മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു വയ്ക്കുന്നവയാണ് നാടൻപാട്ടുകൾ. കലാഭവൻ മണി ഉൾപ്പടെ നിരവധി കലാകാരൻമാർ മലയാളത്തിന് സംഭാവന ചെയ്ത നാടൻപാട്ടുകൾ നിരവധിയാണ്. അവയിൽ ചിലത് അവതരിപ്പിച്ച് മലയാളികളുടെ മനം കവർന്നിരിക്കുകയാണ് അസാമീസ് സഹോദരിമാർ. ‘നന്തി സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന അന്തരയും അങ്കിതയും ചേർന്ന് പാടിയ ബാൽക്കണി കൺസെർട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
മലയാളത്തിലെ ഹിറ്റ് നാടൻപാട്ടുകളായ, ‘നിന്നെ കാണാൻ എന്നെക്കാളും’, ‘അപ്പോഴും പറഞ്ഞില്ലെ പോരണ്ടാന്ന്’, ‘കുട്ടനാടൻ പുഞ്ചയിലെ’ തുടങ്ങിയ ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് ഇരുവരും ചേർന്ന് അവതരിപ്പിച്ചു വരുന്ന ബാൽക്കണി കൺസർട്ടിന്റെ 26-ാമത് എപ്പിസോഡായാണ് നാടൻപാട്ടുകളുടെ കവർ ഇവർ ചെയ്തിരിക്കുന്നത്. പാടുമ്പോൾ ഉപയോഗിച്ചിരിക്കുന്ന വസ്ത്രം മുതൽ പാട്ടിനോടൊപ്പം വയ്ക്കുന്ന ചുവടുകളിൽ പോലും ഇരുവരും മലയാള തനിമ കൊണ്ടുവന്നിട്ടുണ്ട്.
മലയാളികൾ ഉൾപ്പടെ നിരവധി പേർ വീഡിയോക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. മലയാളി അല്ലെങ്കിലും പാട്ടിനോട് നിങ്ങൾ നൂറു ശതമാനം നീതി പുലർത്തിയെന്നാണ് മലയാളികളിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഭാഷയും വരികളുടെ അർത്ഥവും മനസിലായില്ലെങ്കിലും നന്നായി പാടിയിരിക്കുന്നുവെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ഫെയ്സ്ബുക്കിൽ മാത്രം ഏഴ് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നാലായിരത്തിലധികം ഷെയറും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
നാടൻപാട്ടുകൾ തിരഞ്ഞെടുത്ത് പഠിച്ച് ട്യൂൺ ചെയ്ത് പാടുന്നതിന്റെ തയ്യാറെടുപ്പ് വിഡിയോയും ഇവർ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. പാട്ട് കേട്ട് ഗൂഗിളിൽ വരികൾ നോക്കിയപ്പോൾ ഇംഗ്ലീഷിൽ വരികൾ ലഭിക്കാതിരുന്നതും, പിന്നീട് സുഹൃത്ത് വഴി മലയാളം വരികളെ ഇംഗ്ലീഷിലേക്ക് മാറ്റി പിന്നീട് അതിനെ അസാമീസ് ഭാഷയിലേക്ക് മാറ്റിയതാണെന്ന് അവർ വിഡിയോയിൽ പറയുന്നുണ്ട്. പാട്ട് കേട്ട് പഠിക്കുന്നതും, വീഡിയോ ഷൂട്ട് ചെയുമ്പോൾ ഇടുന്നതിനായി വസ്ത്രം ഓർഡർ ചെയ്തു വരുത്തുന്നതും വിഡിയോയിലുണ്ട്.
Read Also: സ്വന്തം നായകളെ രക്ഷിക്കാൻ കരടിയുമായി ഏറ്റുമുട്ടി പതിനേഴുകാരി; വീഡിയോ
അന്തര നന്ദിയുടെ ഫെയ്സ്ബുക്ക് പേജിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. യൂട്യൂബിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സും അന്തരയ്ക്കുണ്ട്. എന്തായാലും ഇവരുടെ വീഡിയോയിലൂടെ മലയാളത്തിന്റെ നാടൻപാട്ടുകൾ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുകയാണ്.