/indian-express-malayalam/media/media_files/uploads/2019/05/abdullakkutty.jpg)
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പണ്ട് അബ്ദുള്ളക്കുട്ടി നടത്തിയ തീപ്പൊരി പ്രസംഗം. വിവിധ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കുറ്റിപ്പുറത്ത് ഇ.അഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലീഗ് നടത്തിയ സ്വീകരണമാണ് പരിപാടി. അതിനിടയിലാണ് സദസിനെ ഇളക്കി മറിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.
Read Also: ‘മോദിയും ഷായും ക്ഷണിച്ചു’; ബിജെപിയിലേക്കെന്ന സൂചന ശക്തമാക്കി അബ്ദുള്ളക്കുട്ടി
സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയപ്പോള്‍ കാലു മാറ്റക്കാരനാണ് അബ്ദുള്ളക്കുട്ടി എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിച്ചാണ് അബ്ദുള്ളക്കുട്ടി കുറ്റിപ്പുറത്ത് പ്രസംഗം ആരംഭിച്ചത്. യഥാര്‍ഥത്തില്‍ താന്‍ കാലുമാറ്റക്കാരനോ കൂറുമാറ്റക്കാരനോ അല്ല, മറിച്ച് കാഴ്ചപ്പാട് മാറിയ ഒരാളാണ് എന്ന് അബ്ദുള്ളക്കുട്ടി പ്രസംഗിക്കുന്നു. ഞാന്‍ ജയിച്ച് എംപിയായി ഡല്‍ഹിയില്‍ പോയപ്പോള്‍ ആണ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ജ്യോതി ബസുവും പറഞ്ഞുതന്നത് 'മോനേ...സോണിയ ഗാന്ധിയുടെയും മന്മോഹന് സിങ്ങിന്റെയും കരങ്ങള്‍ക്ക് ശക്തി കൂട്ടുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് വര്‍ഗീയ ഫാസിസ്റ്റുകളെ, ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ എന്ന് തങ്ങളെ പഠിപ്പിച്ചത് ജ്യോതി ബസുവാണ്' എന്ന് അബ്ദുള്ളക്കുട്ടി പ്രസംഗിക്കുന്നുണ്ട്.
Read Also: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി
ജ്യോതി ബസുവാണ് എന്നെ കോണ്‍ഗ്രസാക്കിയത്. മുസ്ലിം ലീഗ് ക്ഷീണിച്ചപ്പോള്‍ മതതീവ്രവാദം ശക്തിപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചപ്പോള്‍ വര്‍ഗീയ ഫാസിസ്റ്റ്, ഹൈന്ദവ ഫാസിസ്റ്റ് ശക്തിപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഒരു കമ്മ്യൂണിസ്റ്റായതുകൊണ്ട് മയ്യത്ത് നിസ്കാരം നടത്താന്‍ പാടില്ലെന്ന് തന്റെ ഉമ്മൂമ മരിച്ച ദിവസം സിപിഎം നേതാവ് പറഞ്ഞതായും അബ്ദുള്ളക്കുട്ടി പ്രസംഗിക്കുന്നുണ്ട്.
അതേസമയം, അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് തന്നെ എന്നതില്‍ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്. കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായെയും കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ബിജെപി പ്രവേശനം ചര്‍ച്ചയായെന്നാണ് സൂചന.
നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുളളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഫെയ്സ്ബുക്ക് പോസ്റ്റിലെ തന്റെ നിലപാടിൽ അബ്ദുളളക്കുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് അബ്ദുളളക്കുട്ടിയെ കോൺഗ്രസിൽനിന്നും പുറത്താക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചത്.
അബ്ദുളളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ഡിസിസിയാണ് അബ്ദുളളക്കുട്ടിക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം തേടിയിരുന്നു.
Read Also: മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയില്‍ കെ.എന്‍.എ.ഖാദര്‍; അശാസ്ത്രീയമെന്ന് സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
‘മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ‘സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.