കൊച്ചി: കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം. മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ താൽപര്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍, എന്തുകൊണ്ടാണ് കെപിസിസി വിശദീകരണം ചോദിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. വളരെ നിരുപദ്രവകരമായിട്ടുള്ള, പോസിറ്റീവ് ആയിട്ടുള്ള പരാമര്‍ശം മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളതെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. തിരഞ്ഞെടുപ്പിനെ കുറിച്ച് വിശകലനം ചെയ്തിട്ടുള്ള പോസ്റ്റ് മാത്രമാണ് അതെന്നും അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read More: ‘മോദി ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ നടപ്പാക്കി’; നരേന്ദ്ര മോദിയെ പ്രശംസിച്ച് അബ്ദുളളക്കുട്ടി
ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് ലോകത്താകെയുള്ളത്. ചര്‍ച്ച അതിലേക്ക് മാറണമെന്ന് ഉദ്ദേശിച്ചുള്ള പോസ്റ്റായിരുന്നു ഫേസ്ബുക്കിലിട്ടത്. പാവപ്പെട്ടവനെ കണ്ട് മോദി ഏതാനും നയങ്ങള്‍ രൂപീകരിച്ചു എന്നാണ് പറഞ്ഞത്. മോദി ഗാന്ധിയന്‍ മൂല്യങ്ങളിലൂടെയാണ് ഭരിച്ചതെന്ന് അല്ല അര്‍ഥം. പാവപ്പെട്ടവന് വേണ്ടി രൂപീകരിച്ച ചില പദ്ധതികള്‍ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. പാവപ്പെട്ടവന് വേണ്ടി പ്രവര്‍ത്തിച്ച ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചത്. പദ്ധതി നടപ്പിലാക്കുമ്പോള്‍ ഏറ്റവും പാവപ്പെട്ടവന്റെ മുഖം മോദി അതില്‍ കണ്ടു. ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വീട്ടില്‍ ടോയ്‌ലറ്റ് പോലും ഇല്ലാത്തവരെ കേരളത്തിന് പുറത്ത് കണ്ടിട്ടില്ലേ. അവര്‍ മറ്റ് ഇടങ്ങളിലെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ആ പാവപ്പെട്ടവരുടെ മുഖം മോദി മനസില്‍ കണ്ടു. പറമ്പിലും മറ്റും കുത്തിയിരുന്ന് ടോയ്‌ലറ്റില്‍ പോകുന്ന പാവപ്പെട്ടവരുടെ മുഖം മോദി കണ്ടു. അതിനോട് നീതി പുലര്‍ത്തി. അവിടെയാണ് ഗാന്ധിയന്‍ ആശയത്തെ കുറിച്ച് പ്രതിപാദിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശുദ്ധ നുണയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരും കാസര്‍കോടും താന്‍ മത്സരിക്കുമെന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ പറഞ്ഞിരുന്നില്ലേ. അതൊന്നും ശരിയല്ലെന്നും അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് കൂട്ടിച്ചേര്‍ത്തു.
Read More: സരിത എസ് നായരും ഉമ്മൻചാണ്ടിയും ഒരു തട്ടിപ്പ് കേസും; സോളാറിന്റെ നാൾവഴി
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ വലിയ വിമർശനമാണ് നടത്തിയത്. കെപിസിസി അധ്യക്ഷനെ കൂടാതെ കെ.മുരളീധരൻ എംപിയും അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ചു. നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി പരിശോധിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയുടെ പരാമർശത്തിൽ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ
ഈ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ ഭരണ തന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണെന്നും മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് എന്നുമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ എഴുതിയത്. സ്വച്ഛ് ഭാരത് സ്‌കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് നൽകിയതും 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകിയതുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.