scorecardresearch

'പള്ളിയും പള്ളിയറയും വേറിട്ടല്ല എനിക്ക്, ചേർത്തുപിടിക്കാം'; മാനവികതയുടെ തണലായി മുത്തപ്പന്‍, വീഡിയോ

മുത്തപ്പന്റെ കാവ്യാത്മകമായ അനുഗ്രഹ വാക്കുകള്‍ സ്‌നേഹത്തിന്റെ കണ്ണീരും സന്തോഷവും നിറയ്ക്കുന്നുവെന്നാണ് പലരും കുറിയ്ക്കുന്നത്

മുത്തപ്പന്റെ കാവ്യാത്മകമായ അനുഗ്രഹ വാക്കുകള്‍ സ്‌നേഹത്തിന്റെ കണ്ണീരും സന്തോഷവും നിറയ്ക്കുന്നുവെന്നാണ് പലരും കുറിയ്ക്കുന്നത്

author-image
Trends Desk
New Update
Muthappan, viral video, Kannur

ഉള്ളിലൊതുക്കിപ്പിടിച്ച സങ്കടക്കടല്‍ കാണുകയും ആശ്വസിപ്പിക്കുകയും അഭയമാകുകയും ചെയ്യുന്നിടത്താണ് മനുഷ്യനും ദൈവവും ഒന്നാകുന്നത്. ''ചേര്‍ത്തുപിടിക്കാം…നിറഞ്ഞൊഴുകിയ കണ്ണുനീരിനു തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍ സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ..''എന്ന് ദൈവം പറയുമ്പോള്‍ അത് ഹൃദയത്തില്‍നിന്നുള്ള ആശ്വാസവാക്കുകളാവുകയാണ്.

Advertisment

മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പന്‍, അനുഗ്രഹം തേടിയെത്തിയ മുസ്ലീം സ്ത്രീയെ സ്‌നേഹവും കരുതലുമുള്ള വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനസ് കവർന്നിരിക്കുകയാണ്. മുത്തപ്പന്റെ കാവ്യാത്മകമായ അനുഗ്രഹ വാക്കുകള്‍ സ്‌നേഹത്തിന്റെ കണ്ണീരും സന്തോഷവും നിറയ്ക്കുന്നുവെന്നാണ് പലരും കുറിയ്ക്കുന്നത്.

''നീ വേറെയൊന്ന്വല്ല ഈട്വാ… അങ്ങനെ തോന്നിയാ… കര്‍മം കൊണ്ടും, ജാതി കൊണ്ടും, മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ അങ്ങനെ പറയല്ലേ…പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്,'' എന്നാണ് മുത്തപ്പന്‍ വെള്ളാട്ടം സ്ത്രീയോട് പറയുന്നത്. ആശ്വാസത്തണലില്‍ നിൽക്കെ സ്ത്രീ കരയുന്നതും മുത്തപ്പന്‍ 'വാചാലി'ലൂടെ ചേര്‍ത്തുപിടിക്കുന്നതും പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

മുത്തപ്പന്റെ വാക്കുകള്‍ ഇങ്ങനെ:

''നീ വേറെയൊന്ന്വല്ല ഈട്വാ… അങ്ങനെ തോന്നിയാ… കര്‍മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ അങ്ങനെ പറയല്ലേ…

Advertisment

മുത്തപ്പന കണ്ട്വാ.. സന്തോഷമായോ.. എന്നാ പറയാനുള്ളത് മുത്തപ്പനോട്. നിന്റെ ജീവിതയാത്രയില്‍ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്. ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്. ദൈവത്തിനറിയാം…അല്ലേ…

അകമഴിഞ്ഞ ഭക്തി, വിശ്വാസത്തിന്റെ പ്രാര്‍ത്ഥന… എന്റെ ദൈവത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റും. കണ്ണ് കലങ്ങല്ല… മടയാ കണ്ണ് നിറഞ്ഞിറ്റാന്നല്ലോ ഉള്ളത്.

അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്. പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്. എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയില്‍ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ, മനസിന്റെ പരിഭവത്തോടെയാണ് എന്റെ കയ്യരികേ വന്നിറ്റുള്ളത്.

ആര്‍ക്കും ഈ ജീവിതത്തില്‍ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ… എല്ലാവര്‍ക്കും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ഉപദ്രവിച്ചവര്‍ക്കു പോലും, എന്നെ ഉപദ്രവിച്ച ശത്രുക്കള്‍ക്ക് പോലും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു ദൈവേ…

എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തേ? എല്ലാവര്‍ക്കും എല്ലാ സന്തോഷവും എന്റെ ദൈവം കൊടുക്കുന്നില്ലേ.. എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത് എന്റെ ദൈവം. എന്റെ മക്കള്‍ക്ക് എന്റെ കുടുംബത്തിന് എന്തുകൊണ്ട് എന്റെ ദൈവം തുണയായിട്ട് നില്ക്കുന്നില്ല എന്നൊരു തോന്നല്‍ നിന്റെ ഉള്ളിലുണ്ട്. പരിഭവം നിറഞ്ഞ പരാതിയുമായിട്ടാണ് നീ വന്നതെങ്കില്‍ കണ്ണ് നിറയല്ല കേട്ടാ.., പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്. ഞാന്‍ നിന്റെ നാഥന്‍ തന്നെ തമ്പുരാനെ എന്നല്ലേ വിളിക്കുന്നത്, അല്ലേ..

നബിയെന്നും മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നും വേര്‍തിരിവില്ല നിങ്ങള്‍ക്ക്…ഇണ്ടാ.. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ. ചേര്‍ത്തുപിടിക്കാം. നിറഞ്ഞൊഴുകിയ കണ്ണുനീരിന് തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍ സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ… പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ കതിര് പോലെ മുത്തപ്പന്‍ തന്നാ പോരേ.. ഇത് വെറും വാക്കല്ല…. കേട്ടാ..''. തുടര്‍ന്ന് തന്റെ കിരീടത്തില്‍നിന്ന് ഒരു തുമ്പക്കതിരെടുത്ത് മുത്തപ്പന്‍ സ്ത്രീയ്ക്കു നല്‍കുന്നതും വീഡിയോയില്‍ കാണാം.

സനി പെരുവണ്ണാന്‍ എന്ന കോലധാരിയാണ് സ്‌നേഹത്തിന്റെ മാസ്മരിക വാക്കുകളിലൂടെ ആളുകളുടെ മനസ് കീഴടക്കിയിരിക്കുന്നത്. ''മനുഷ്യര്‍ക്ക് നഷ്ടമായികൊണ്ടിരിക്കുന്ന സ്‌നേഹ സല്ലാപം. കേള്‍ക്കാന്‍ കാതു വേണം. ഒപ്പം ഹൃദയവും…എന്റെ മുത്തപ്പാ… എന്നാണ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് ജയന്‍ മാങ്ങാട് എന്നയാള്‍ കുറിച്ചിരിക്കുന്നത്. 'മനസ് നിറയ്ക്കുന്ന വാക്കുകള്‍', 'കണ്ണുനിറഞ്ഞുപോയി', 'ദൈവവും മനുഷ്യനും തമ്മില്‍ ഇത്രയേയുള്ളൂ..'എന്നും പലരും കമന്റായി കുറിച്ചിട്ടുണ്ട്.

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ രൂക്ഷമാകാന്‍ സോഷ്യല്‍ മീഡിയയും ഉപയോഗിക്കപ്പെടുന്ന കാലത്ത്, അതേ മാധ്യമത്തിലൂടെ തന്നെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മികച്ച സന്ദേശം എന്നാണ് വീഡിയോയെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.

കാസർഗോഡ് ചെറുവത്തൂരിനടുത്ത് പടന്നക്കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടിൽ ഈ മാസം 15നു നേർച്ചയായി കെട്ടിയാടിയ വെള്ളാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മുൻപ് ഗ്രാഫിക് ഡിസൈനറായും ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ച മുപ്പത്തിയേഴുകാരനായ സനി ഇപ്പോൾ പൂർണമായും തെയ്യം കലാകാരനാണ്. 19 വയസ് മുതൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടാറുണ്ടെന്ന് സനി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

'' വീഡിയോ വൈറലായതിൽ വളരെ സന്തോഷം. വീഡിയോ കണ്ട് ഒരുപാട് പേർ വിളിക്കുന്നുണ്ട്. വളരെ അപൂർവമായാണ് മുസ്ലിം സ്ത്രീകൾ മുത്തപ്പന്റെ അടുത്ത് വരാറുള്ളത്. എന്നാൽ ഇങ്ങനെ തൊഴുകയും കരയുകയും ചെയ്യുന്നത് ആദ്യത്തെ അനുഭവമാണ്. മനുഷ്യാവസ്ഥയിൽനിന്നു മാറി ദൈവത്തിന്റെ അവസ്ഥയിൽ നിൽക്കുന്നതുകൊണ്ടാവും അവരെ പിടിച്ചുനിർത്തി അങ്ങനെ സംസാരിക്കാൻ തോന്നിയത്. ജാതിമത ഭേദമെന്യേ എല്ലാവരും ആശ്രയിക്കുന്ന ജനകീയ ദൈവമാണ് മുത്തപ്പൻ,'' കാലിക്കടവ് വെള്ളച്ചാൽ സ്വദേശിയായ സനി പറഞ്ഞു.

Read More: കേരളം C/o മുത്തപ്പൻ

Kannur God Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: