/indian-express-malayalam/media/media_files/uploads/2020/04/lalitha-a.jpg)
കൊല്ലം: കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതു പോലെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ലോക്ക്ഡൗണ്‍ കാലത്തെ അതിജീവനം. സാമ്പത്തികമായ ഞെരുക്കങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ജനജീവിതം ദുസ്സഹമാകാതിരിക്കാൻ സാധിക്കാവുന്ന നടപടികളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇങ്ങനെയൊരു ദുരന്തകാലഘട്ടത്തെ അതിജീവിക്കാൻ സാധിക്കുന്നവർ എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സ്വന്തം പരിമിതികൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി മാതൃകയായിരിക്കുകയാണ് എഴുപതുകാരി ലളിതമ്മ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് ലളിതമ്മക്ക് ആഗ്രഹമുണ്ട്. എന്നാൽ, അത് എങ്ങനെ വേണമെന്നോ, ആരുവഴി വേണമെന്നോ ആശങ്കയിലായിരുന്നു അവർ. അങ്ങനെയിരിക്കെയാണ് വീടിന്റെ പരിസരത്തിലൂടെ ഒരു പൊലീസ് ജീപ്പ് പോകുന്നത് ലളിതമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. അരിനല്ലൂർ കല്ലുംപുറം ജംങ്‌ഷൻ വഴി പട്രോളിങ് നടത്തുകയായിരുന്ന ചവറ തെക്കുംഭാഗം പൊലീസാണ് ലളിതമ്മയുടെ നല്ല മനസ് അടുത്തറിഞ്ഞത്.
Read Also: സർക്കാരിനു നല്ല വ്യക്തതയുണ്ട്, കോടതിക്ക് കൃത്യമായ മറുപടി നൽകും: നിയമമന്ത്രി
പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് വഴിയിൽ തടഞ്ഞുനിർത്തിയാണ് ലളിതമ്മ തനിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പറഞ്ഞത്. ഒരു വയോധിക ജീപ്പിനു കൈ കാണിച്ചപ്പോൾ എന്തെങ്കിലും പരാതി നൽകാൻ ആയിരിക്കുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ, 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ എന്താ ചെയ്യേണ്ടത്?' എന്ന ചോദ്യമാണ് ലളിതമ്മ ഉന്നയിച്ചത്.
സംഭവത്തെ കുറിച്ച് സിഐ രാജേഷ് കുമാർ പറയുന്നത് ഇങ്ങനെ: പട്രോളിങ്ങിനിടെ ഒരു പ്രായമായ സ്ത്രീ ഞങ്ങളുടെ ജീപ്പിനരികിലേക്ക് ഓടിവരികയായിരുന്നു. അവർ ജീപ്പിനു കൈ കാണിച്ചു. എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ടെന്ന് അവർ പറഞ്ഞു. സ്വകാര്യമാണെന്നാണ് ലളിതമ്മ പറഞ്ഞത്. അങ്ങനെ എന്നെ മാറ്റിനിർത്തി അവർ കാര്യങ്ങൾ അവതരിപ്പിച്ചു. 'സാറേ, എന്റെ കയ്യിൽ കുറച്ച് പണമുണ്ട്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകണം. എങ്ങനെ നൽകണമെന്ന് എനിക്കറിയില്ല. പൊലീസിന്റെ കയ്യിൽ ആകുമ്പോൾ അത് കൃത്യമായി അങ്ങ് എത്തില്ലേ. എല്ലാവരും ബുദ്ധിമുട്ടനുഭവിക്കുന്ന ഇങ്ങനെയൊരു സമയത്ത് ഞാനിത് ചെയ്യണ്ടേ, സാറിന്റെ കയ്യിൽ പണം നൽകിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കോ? ആരോടും പറയരുത്.' നിങ്ങൾ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ അത് കുറച്ച് പേര് അറിയണ്ടേ എന്നു ലളിതമ്മയോട് ഞാൻ തിരിച്ചു ചോദിച്ചു. ഞാനിപ്പോൾ പോയിട്ട് പിന്നെ വരാമെന്ന് അവരോട് പറഞ്ഞു. നാല് ദിവസം മുൻപാണ് ഇതുണ്ടായത്," സിഐ രാജേഷ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
"ഇന്നലെ ഞങ്ങൾ ലളിതമ്മയുടെ വീട്ടിലേക്ക് പോയി. അവർ പലപ്പോഴായി സൂക്ഷിച്ചുവച്ച അയ്യായിരം രൂപ ഉണ്ടായിരുന്നു. അതിനൊപ്പം 101 രൂപ കൂടി ചേർത്ത് 5,101 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലളിതമ്മ സംഭാവന ചെയ്‌തു. ഇങ്ങനെയൊരു നല്ല കാര്യം കുറച്ചുപേർ എങ്കിലും അറിയണം. അതുകൊണ്ടാണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാണ്. ലളിതമ്മ തന്ന പണത്തിൽ മുഷിഞ്ഞ അമ്പതിന്റെ നോട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ കശുവണ്ടി തൊഴിലാളിയായിരുന്നു ലളിതമ്മ. ഇപ്പോൾ തൊഴിലുറപ്പിനൊക്കെ പോകുന്നുണ്ട്. അങ്ങനെയെല്ലാം കിട്ടിയ പണം കൂട്ടിവച്ചാണ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ലളിതമ്മ നൽകിയ തുക സ്വീകരിച്ചശേഷം അത് ബാങ്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മക്കളൊക്കെ ഉണ്ടെങ്കിലും ചെറിയൊരു ഷെഡിൽ തനിച്ചാണ് ലളിതമ്മ താമസിക്കുന്നത്. സ്വന്തമായി കാര്യങ്ങൾ ചെയ്‌തു ജീവിക്കാനാണ് അവർക്ക് താൽപര്യം." രാജേഷ് കുമാർ പറഞ്ഞു. കോവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുമ്പോൾ നാടിനു സഹായമേകാൻ തന്നാൽ കഴിയുന്ന സഹായമായാണ് സ്വരൂപിച്ചുവച്ച തുക നൽകുന്നതെന്ന് ലളിതമ്മ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.