തിരുവനന്തപുരം: സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട് കോടതിക്കുള്ള സംശയങ്ങളാണ് ഇന്നു ചോദിച്ചതെന്നും അതിനു കൃത്യമായ മറുപടി സർക്കാർ നൽകുമെന്നും നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിഷയത്തെ കുറിച്ച് സർക്കാരിനു നല്ല വ്യക്‌തതയുണ്ട്. അതേക്കുറിച്ച് ആലോചിച്ച് ആരും വേവലാതിപ്പെടേണ്ട. സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും സംശയങ്ങളുമാണ് കോടതി ചോദിച്ചത്. അതിനെല്ലാം സർക്കാർ വ്യക്തത നൽകും. കോടതിയുടെ ചോദ്യങ്ങൾക്കെല്ലാം ഐടി വകുപ്പ് ഉത്തരം നൽകും. ഒരു അസാധാരണ സാഹചര്യത്തിൽ സ്വീകരിച്ച നടപടിയാണിതെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ഇപ്പോൾ കോടതിയിൽ നിന്നുള്ള പരാമർശങ്ങൾ സർക്കാരിനു തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.
Read Also: തല്ലിയും തലോടിയും; കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ അഭിനന്ദിച്ച് ഹെെക്കോടതി
സ്‌പ്രിങ്ക്‌ളർ വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും പൂർണ പിന്തുണ നൽകുമെന്നും സിപിഎം നിലപാടെടുത്തു. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സിപിഎം മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകിയത്. സ്വകാര്യതയേക്കാൾ പ്രാധാന്യം ജീവനാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. സ്‌പ്രിങ്ക്‌ളർ ഇടപാടിൽ എന്തെങ്കിലും വീഴ്‌ചയുണ്ടോയെന്നു പരിശോധിക്കാനും സിപിഎം തീരുമാനിച്ചു. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സിപിഎം വ്യക്തമാക്കി.
സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതി ചില പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പൗരന്റെ മെഡിക്കൽ വിവരങ്ങൾ നിർണായകമെന്ന് ഹൈക്കോടതി പറഞ്ഞു. നിർണായക വിവരങ്ങൾ സ്‌പ്രിങ്ക്‌ളർ കമ്പനിക്ക് കൈമാറുന്നില്ലെന്ന സർക്കാർ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ നിലപാട് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവരങ്ങൾ ചോരുന്നില്ലെന്ന ഉറപ്പ് നൽകാൻ സർക്കാരിനാകുമോയെന്ന് ആരാഞ്ഞു. വിശദീകരണം നാളെ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇപ്പോഴും ഡാറ്റ അപ്‌ലോഡ് ചെയ്യുന്നുണ്ടോയെന്ന് കോടതി തിരക്കി.
Read Also: സ്‌പ്രിങ്ക്‌ളർ: പൗരന്റെ മെഡിക്കൽ വിവരങ്ങൾ ചോരുന്നില്ലെന്ന ഉറപ്പ് നൽകാൻ സർക്കാരിനാകുമോയെന്ന് ഹൈക്കോടതി
കോവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്‌പ്രിങ്ക്‌ളറിന് കൈമാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി.ആർ.രവിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. നമുക്ക് നമ്മുടേതായ ഐടി വിഭാഗം ഉണ്ടല്ലോയെന്നും എന്തിനാണ് ഡാറ്റ മറ്റൊരു കമ്പനിയെ ഏൽപ്പിച്ചതെന്നും കോടതി ആരാഞ്ഞു. ഡാറ്റ കൈമാറുന്നത് രോഗിയുടെ അനുമതിയില്ലാതെയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ കോവിഡ് രോഗിയാണോ എന്നും കോവിഡ് ബാധിതനല്ലേ പരാതി ഉന്നയിക്കേണ്ടതെന്നും കോടതി ചോദിച്ചു. പൊതു താൽപ്പര്യ ഹർജിയിലൂടെ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.
അതേസമയം, സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടക്കുന്നത് കേരളത്തിലാണെന്ന് കോടതി പരാമർശിച്ചു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ കോടതി ഇപ്പോൾ സർക്കാരിനെതിരെ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. നേരത്തെയും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹെെക്കോടതി അഭിനന്ദിച്ചിരുന്നു. സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി പരിഗണിക്കുമ്പോൾ ആണ് സർക്കാരിനെ കോടതി അഭിനന്ദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം.