/indian-express-malayalam/media/media_files/uploads/2023/07/m-t-vasudevan-nair-kamala-surayya.jpg)
എംടിയെ കുറിച്ച് കമല സുരയ്യ
മനുഷ്യമനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച എഴുത്തുകാരിലൊരാളാണ് എം ടി വാസുദേവൻ നായർ. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി രചനകൾ അദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എംടി എഴുതിയ പല കഥകളും നമ്മെ വിസ്മയിപ്പിച്ചു. അടുത്തിടെയായിരുന്നു എംടിയുടെ നവതി.
മലയാളക്കര ഒന്നാകെ ആഘോഷിച്ച ഒന്നായിരുന്നു ആ തൊണ്ണൂറാം പിറന്നാൾ. നവതി ആഘോഷങ്ങളുടെ ഭാഗമായി സമകാലികരും വായനക്കാരും സുഹൃത്തുക്കളും പുതു തലമുറയിലെ എഴുത്തുകാരുമെല്ലാം എംടിയെ കുറിച്ചെഴുതിയതും പറഞ്ഞതുമായ കാര്യങ്ങൾ പലതും നമ്മൾ കേട്ടു. എംടി എന്ന എഴുത്തുകാരൻ, സുഹൃത്ത്... എന്നിങ്ങനെ ആ വ്യക്തിത്വവുമായി ബന്ധപ്പെട്ട പലതരം കഥകൾ.
എന്നാൽ ഇങ്ങനെയൊരു കാര്യം പറയാൻ ഒരുപക്ഷേ മാധവിക്കുട്ടിയ്ക്കു മാത്രമേ സാധിക്കൂ! അതു ചിലപ്പോൾ സമകാലികർ എന്ന രീതിയിലുള്ള അടുത്തറിയലാവാം. സഹോദരനെന്നാണ് എംടിയെ മാധവിക്കുട്ടി വിശേഷിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു അടുപ്പം അവർക്കിടയിലുണ്ട്. അല്ലെങ്കിലും വാസുവിനെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കാൻ ആമിക്കല്ലാതെ മറ്റാർക്കു സാധിക്കും!
ചിരിക്കാത്ത, എപ്പോഴും വരയുള്ള ഷർട്ടണിഞ്ഞ് മുന്നിലെത്തുന്ന, ഒരു നനഞ്ഞ തോർത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെ കഥകൾ കൊണ്ട് ഹൃദയത്തെ മുറിപ്പെടുത്തിയ കഥാകാരനെ കുറിച്ച് കമല സുരയ്യ പറയുന്നു...
ജനലു തുറന്നപ്പോൾ ഒരു സപ്പോർട്ട മരമുണ്ട്. അതിനു ചുവട്ടിൽ പച്ച നിറമുള്ള ഷർട്ടിട്ട് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നുണ്ട്. മെലിഞ്ഞൊരു പയ്യൻ. ആരാണവിടെ നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ എന്നോട് ഒരു സ്ത്രീ പറഞ്ഞു. "അതു മൂപ്പടയിലെ കുട്ടിയാണ് വാസു, വിഎം നായരെ കാണാൻ വന്നിരിക്കുകയാണ്". പിന്നെ ഞാൻ കാണുന്നത് മാതൃഭൂമിയിലാണ്.
മാതൃഭൂമിയിൽ ജോലി ചെയ്യുന്ന സമയത്ത്.... ഞാൻ എംപിയെ എപ്പോ കാണുമ്പോഴും വരയുള്ള ഷർട്ടാണ്. വരയില്ലാത്തൊരു ഷർട്ടിട്ട് ഞാൻ എംടിയെ കണ്ടിട്ടേയില്ല.
പിന്നൊരു ദിവസം അച്ഛൻ എംടിയേയും ഭാര്യയേയും രാത്രി ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു, ഞാനുള്ളപ്പോഴായിരുന്നു അത്. അപ്പോഴാണ് സംസാരിച്ചത്, അപ്പോഴും ഗ്രേയിൽ കറുത്ത വരയുള്ള ഷർട്ടാണ് വേഷം. പല്ലും ചുണ്ടുമൊക്കെ കറുത്തിട്ടുണ്ട്, ബീഡി വലിച്ചിട്ട്. വലിയ ഗൗരവഭാവമായിരുന്നു, കളിയും ചിരിയുമൊന്നുമില്ല. ഒരു സീരിയസ് പേഴ്സൺ.
വാസുവിന്റെ വർത്തമാനമൊക്കെ കേൾക്കുമ്പോൾ ഞാൻ വളരെ സന്തോഷിക്കാറുണ്ട്. അധ്വാനത്തിന്റെ ഫലമായി കിട്ടിയിരിക്കുന്ന കുറേ അവാർഡുകളൊക്കെ നേടിയിട്ടുണ്ട്. ശരിക്കും അധ്വാനിച്ചിട്ടുള്ള എഴുത്തുകാരനാണ്. മടിയനല്ല. ഒരുപാട് അഭിമാനമുണ്ട്, ചിലപ്പോൾ ഞങ്ങളൊക്കെ ഒരേ നാട്ടുകാരായതുകൊണ്ടും ചെറുപ്പത്തിലേ കണ്ടു പരിചയമുള്ളതുകൊണ്ടുമാവാം. ഐ ആം പ്രൗഡ് ഓഫ് ഹിം.
വാസ്തവത്തിൽ ഞാനൊരു സഹോദരനെ പോലെ തന്നെയാണ് മനസ്സിൽ കാണുന്നത്. കരയിപ്പിച്ചു കുറേ, ഹൃദയത്തിൽ പിടിച്ചൊന്നു ഞെരുക്കി, ഒരു നനഞ്ഞ തോർത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തിൽ. കുട്ട്യേടത്തി വായിച്ചപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
ചിരിക്കില്ല ആള്, ആദ്യം ഞാൻ വിചാരിച്ചു എംടിയുടെ പല്ല് മോശമായിരിക്കും അതോണ്ടാവും ചിരിക്കാത്തതെന്ന്, സിഗരറ്റ് വലിച്ചുവലിച്ചു മോശമായതാവും എന്നോർത്തു. പിന്നെ പറയുന്നതു കേട്ടു, അതങ്ങനെയാ വീട്ടിലും ചിരിക്കില്ലെന്ന്. വീട്ടിലെങ്കിലും ചിരിക്കേണ്ടേ? പാവമാണ് ആള്, ശുദ്ധനാ. ചിരിയൊന്നും കാണാത്തോണ്ട് ആളുകൾ എംടിയെ പേടിക്കും.
ശുണ്ഠി വന്നാൽ വലിയ ദേഷ്യമാണ്. പാവമാണെങ്കിലും മുഖഭാവം അങ്ങനെ വെച്ചോണ്ടിരിക്കും. അതൊരു തരം പ്രൊട്ടക്ഷനാണ്. ഒരു പരിച കൊണ്ടു നടക്കും പോലെ. ആ മുഖം എംടിയുടെ മുഖമല്ല. എംടി അത് പരിചയായി ഉപയോഗിക്കുകയാണ്. ആളെ പേടിപ്പിച്ചൊന്നു ഒതുക്കാൻ. ആ മുഖം എപ്പോഴെങ്കിലുമൊരിക്കൽ നിലത്തുവച്ച് നോർമലായി കാണാൻ മോഹമുണ്ട്. പറയുമോ വാസുവിനോട് ഒന്നു ചിരിക്കാൻ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us