മലയാളത്തിന് ഓര്‍മ്മയുള്ളിടത്തോളം എം ടി ഉണ്ടാവും. എം ടി ഒരു കാലമാണ്. അനുകരിക്കപ്പെടാന്‍ കഴിയാത്ത ‘കാലം.’ അമ്പത്തൊന്നക്ഷരങ്ങളുള്ള മലയാളഭാഷയിലേക്ക് , എം ടി എന്ന രണ്ടക്ഷരങ്ങളും കൂടി ചേര്‍ന്നു കഴിഞ്ഞിട്ട് കാലമെത്രയായി ..! കഥാകാരിയാവും എന്ന് ഒരു നിശ്ചയവുമില്ലാതിരുന്ന കാലത്ത് അക്ഷരങ്ങളുടെ പേരില്‍ സമ്മാനം എംടിയുടെ കൈയില്‍ നിന്നു ഏറ്റുവാങ്ങാനവസരം കൊടുത്ത ഒരു പഴയ ഒരു പത്രപ്രവര്‍ത്തക പരിശീലനക്യാമ്പ്, ഇന്നത്തെ പത്രപ്രവര്‍ത്തനരീതികളുമായി ചേര്‍ത്തുവച്ച് ഓര്‍ത്തെടുക്കുകയാണ് കഥാകാരി പ്രിയ എ എസ്.
‘ഇംഗ്‌ളീഷിലെ എംറ്റി എന്നു വച്ചാല്‍ കാലി, ഒന്നുമില്ലാത്ത്. മലയാളത്തിലെഎംറ്റി എന്നു വച്ചാ നെറയെ, നെറയെ കഥകളൊള്ളത് എന്നു പറയുന്നുണ്ട്’-“അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം” എന്ന ബാലസാഹിത്യകൃതിയിലെ ‘നൂലന്‍വാസു’ എന്ന കഥയില്‍ പ്രിയ. ഈ ലോറി-ഓര്‍മ്മയും പ്രിയയുടെ ഗുരുവന്ദനം…

 

വഴിയിലൂടെ ഒരു ലോറി പോകുമ്പോള്‍ എനിക്ക് എം ടിയെ ഓര്‍മ്മ വരും .

ലോറിയും എം ടിയും തമ്മിലെന്തു ബന്ധം എന്ന് ന്യായമായും സംശയം തോന്നും ആര്‍ക്കും .

1990 ല്‍ ‘ഗൃഹലക്ഷ്മി’ നടത്തിയ ‘സ്ത്രീകള്‍ക്കുള്ള പത്രപ്രവര്‍ത്തക പരിശീലന ക്യാമ്പി’ല്‍ ഞാനും പങ്കെടുത്തിരുന്നു . അന്ന് എം ടി ആയിരുന്നു ക്യാമ്പ് ഡയറക്റ്റര്‍ .

മൂന്നു ദിവസം എം ടിയെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാനായി എന്നതായിരുന്നു ക്യാമ്പ് തന്ന സുകൃതം.

എന്തും വിഷയമാണ് പത്രപ്രവര്‍ത്തകന് എന്ന് പറഞ്ഞുതന്നു എം ടി .
നിരീക്ഷണമാണ് എഴുത്തിനെ കൂര്‍പ്പിച്ചെടുക്കാനുള്ള ടൂള്‍ എന്നു പറഞ്ഞ് എം ടി , ലോറികളിലെ കടും നിറ ചിത്രങ്ങളെച്ചൊല്ലി ഒരു ലോകം പണിതു . എന്നും കാണുന്ന, എന്നാലോ ആരുമെഴുതാത്ത ഒരു വിഷയമാണ് ലോറികള്‍ ചുമക്കുന്ന ചിത്രങ്ങള്‍ എന്ന് എം ടി പറഞ്ഞപ്പോഴാണോര്‍മ്മ വന്നത്.

priya as, mt vasudevan nair, story,

എംടിയിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്ന ലേഖിക വേദിയിൽ എം പി വീരേന്ദ്രകുമാർ (ഫയൽ ചിത്രം)

അന്നത്തെ ക്യാമ്പില്‍ മികച്ച ഫീച്ചര്‍ റൈറ്റിങ്ങിന് എം ടിയുടെ കൈയില്‍ നിന്ന് സമ്മാനം വാങ്ങി എങ്കിലും ഞാന്‍ പത്രപ്രവര്‍ത്തകയായില്ല , കഥാകൃത്താവുകയാണുണ്ടായത്. പക്ഷേ കണ്ണുകൂര്‍പ്പിച്ചുവയ്ക്കണം എഴുത്തുകാരനും എഴുത്തുകാരിയും എന്ന എം ടി പറഞ്ഞുതന്ന പാഠം , എന്തെഴുതാനിരിക്കുമ്പോഴും എതിരേ വന്നു നിന്ന് എന്നെ ഇപ്പോഴും നോക്കിക്കൊണ്ടേയിരിക്കും.

ആ സമ്മാനം വാങ്ങലിന്റെ ചിത്രങ്ങള്‍ അന്നാരെങ്കിലും എടുത്തിരുന്നോ എന്നു പോലും നിശ്ചയമില്ല. പക്ഷേ ഓര്‍മ്മ പകര്‍ത്തുന്ന ചില ചിത്രങ്ങളുണ്ട്. ഒരിക്കലും മങ്ങാത്തവ , കേടുപറ്റാത്തവ . ജീവനുള്ളിടത്തോളം, ബോധമുള്ളിടത്തോളം കാലം ഓര്‍മ്മയില്‍ പറ്റിപ്പിടിച്ച് ഒരു ‘കാല’വും  ഒരു ‘കാഴ്ച’ തന്നെയും ആകുന്നവ… ആ ക്യാമ്പില്‍ അന്നുണ്ടായിരുന്ന കറുത്ത സാരിക്കാരി, എം സി ജെക്കാരിയാണ് ഇന്ന്, മലയാളമനോരമയുടെ  മുന്‍നിര സീനിയര്‍ കറസ്‌പോൺഡന്റുമാരില്‍ ഒരാളായ ശ്രീദേവി പിളള. കാര്യവട്ടം കാമ്പസില്‍നിന്ന് ശ്രീദേവിയ്‌ക്കൊപ്പമെത്തിയ രമാ നായർ  പിന്നീട് പരസ്യ  ഏജന്‍സിയില്‍  ഇടം നേടി .ഇ പി സുഷമ എന്ന നേര്‍ത്ത പെണ്‍കുട്ടി ക്യാമ്പില്‍ നിന്ന് നേരെ എന്റെ ജീവിതത്തിലേക്കു കയറിവന്ന് എന്നെ ചേര്‍ത്തുപിടിച്ച് കഥയെക്കുറിച്ചും കഥാകൃത്തുക്കളെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും പിന്നെ  ഒരു നാള്‍ എന്നേയ്ക്കുമായി കെട്ടുപോവുകയും ചെയ്തു. ഇപ്പോഴും ആരൊക്കെയോ എവിടെയെല്ലാമോ വച്ച് ഓടി വന്ന് കൈ പിടിച്ച് പറയാറുണ്ട് ക്യാമ്പില്‍ ഒന്നിച്ചുണ്ടായിരുന്നവരെന്നു പറഞ്ഞ്.

ആരും കാണാത്തത് കാണാന്‍ തക്ക വിസ്താരത്തിലേക്ക് കണ്ണിനെ എത്തിച്ചത് എം ടിയും ലോറികളും കൂടിയാണ്. വര്‍ഷമെത്ര കഴിഞ്ഞു..! എന്നിട്ടും ഇപ്പോഴും ലോറികള്‍, എം ടിയെ ഓര്‍മ്മിപ്പിക്കുന്നു.

മുരുകനും കടുവയും ഒക്കെ ചിത്രബഹുലമായി പങ്കിട്ടെടുത്തിരുന്ന ലോറികള്‍ക്ക് പിന്‍ഗാമികളായി വന്ന ദീര്‍ഘദൂര ലക്ഷ്വറി ബസുകള്‍ അവരുടെ നെടുനീളന്‍വയറിന്മേല്‍ കൂറ്റന്‍ പഞ്ച വര്‍ണ്ണക്കിളിയെയും പരുന്തിനെയും സിംഹത്തിനെയും വിടര്‍ത്തിപ്പടത്തി വരച്ചുവച്ച് നെട്ടോട്ടമോടുന്ന കാലമാണിത്. എന്നിട്ടും, പലമാതിരി വാഹനങ്ങളിലെ പലമാതിരി ചിത്രങ്ങളെക്കുറിച്ച് ഇപ്പോഴും ആരും പഠിച്ചെഴുതിക്കണ്ടിട്ടില്ല. മൂന്നാലുവര്‍ഷം മുമ്പ് ഒരു പ്രമുഖ പത്ര സ്ഥാപനത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. എന്നെ വായിക്കാത്ത പത്രക്കാരുടെ മുന്നില്‍ ഇന്റര്‍വ്യൂവിനുള്ള ഇരയായി പലപ്പോഴും ഇരുന്നുകൊടുക്കേണ്ടിവന്നിട്ടുള്ളത്, ആരോടോ ആരോ ചോദിച്ച ചോദ്യങ്ങള്‍ അവര്‍ ഒട്ടും ചവയ്ക്കാതെ എന്റെ മുന്നിലേയ്ക്ക് ഛര്‍ദ്ദിച്ചിടുമ്പോള്‍ എനിക്ക് തോന്നിയ മനം മടുപ്പ്, ഒടുവിലത് അച്ചടിച്ചുവരുമ്പോള്‍ അതിലെ ജീവനില്ലായ്മ കണ്ട് ഞെട്ടിത്തരിച്ചിരുന്നുപോകേണ്ടിവന്നത് തുടങ്ങിയ പല സീനുകളും മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ ഒരല്പം ‘വിവരദോഷമില്ലായ്മ’ കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ‘എന്തറിയാം എന്റെ അക്ഷരങ്ങളെക്കുറിച്ച് ‘ എന്നു ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ക്ക് എം എയ്ക്ക് പഠിക്കാനുണ്ടായിരുന്ന അതാ നോക്കൂ ഒരു പല്ലി, അത് വായിച്ചിട്ടുണ്ട് ‘ എന്നു പറഞ്ഞു പെണ്‍കുട്ടി .
അത്രയേ വായിച്ചിട്ടുള്ളൂ എന്ന അവളുടെ പറച്ചിലിനു നേരെ കഴിയുന്നത്ര അനിഷ്ടം പ്രകടിപ്പിച്ച് , ‘ഇത്ര മാത്രം ലഘുവായി , ചെറുതായി കാണരുത് ഒരിന്റര്‍വ്യൂവിനെയും’ എന്ന് ഒരു ചെറുചിരിപോലുമില്ലാതെ, കനപ്പിച്ച ഒച്ചയില്‍ ഞാനവളോട് പറഞ്ഞു . അവള്‍ ഫോണിനപ്പുറം നിന്ന് പരുങ്ങി .

‘ഞാന്‍ വലുതായതു കൊണ്ടല്ല നീ ചെയ്യുന്ന തൊഴില്‍ വലുതായതുകൊണ്ടാണ് ഞാനിങ്ങനെ റഫ് ആന്റ് റ്റഫ് ആകുന്നത്’ എന്നു പറഞ്ഞത് അവള്‍ക്ക് മനസ്സിലായി എന്നു തോന്നി. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന നേരത്ത് എന്നോടുതന്നെ എന്റെ പുസ്തകങ്ങള്‍ വാങ്ങിപ്പോയി അതൊന്ന് ചുമ്മാ മറിച്ചുനോക്കി ‘തട്ടിക്കൂട്ടിന്റര്‍വ്യൂ’ ചെയ്യുന്ന തരക്കാരെയും കണ്ടിട്ടുള്ളതിനാല്‍ , ‘എന്റെ പുസ്തകം ഞാന്‍ തന്നെ നിനക്കു തന്നിട്ട് എന്റെ പെണ്‍കുട്ടീ നീ ഈ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നില്ല’ എന്ന് ഞാന്‍ മനസാ പറഞ്ഞു .

അവള്‍ രണ്ടാമതും വിളിച്ചു , മുഖവുരയായി , ‘ഇത് അമീനയായിരുന്നേ’ എന്ന് വിനയം പുരട്ടിപ്പറഞ്ഞു .

‘അതായത് നീ ഇപ്പോള്‍ അമീന അല്ല, അല്ലേ ‘ എന്നു ഞാന്‍ അവളുടെ പാസ്റ്റ് റ്റെന്‍സ്-പ്രയോഗത്തിലേയ്ക്ക് അമ്പെയ്തു. ‘നീ ഇപ്പോഴും എപ്പോഴും അമീനയായതിനാല്‍, കുഞ്ഞേ, ഞാന്‍ അമീന എന്നു പറയാന്‍ പഠിക്കുക, അമീന ആയിരുന്നു എന്ന് പറയാതിരിക്കുക’ എന്നു ഞാനവളെ പഠിപ്പിച്ചു .
ഹോം വര്‍ക് ചെയ്യാതെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന അവളെ തൂക്കിക്കൊല്ലാന്‍ പാകത്തിലാണ് ഞാനന്ന് അവള്‍ക്കുമുന്നില്‍ ഇരുന്നു കൊടുത്തത്. പക്ഷേ അവളുടെ പശ്ചാത്തലവും പ്രത്യേകിച്ചാരും തണലായി വിരിഞ്ഞു നില്‍ക്കാനോ കൂടെപ്പോരാനോ ഇല്ലാത്ത ഒരുവളുടെ ഒറ്റയാള്‍യാത്രയാണവളുടേത് എന്നു തിരിച്ചറിഞ്ഞ നിമിഷം ഞാനവളുടെ എല്ലാ തെറ്റുകളും പൊറുത്തു. നിലം തുടയ്ക്കാന്‍ പോകുന്ന ഒരമ്മയാണ് അവളുടെ അസ്തിവാരം എന്ന കാഴ്ചയില്‍ എനിക്ക് നൊന്തു. അവള്‍ എന്തു ചോദിച്ചതിനും ഞാനവള്‍ക്ക് ഇഷ്ടത്തോടെ , വിസ്താരമുള്ള മറുപടികള്‍ കൊടുത്തു.

എന്നാലും ഒരു ദിവസം , അവളുടെ ആ സ്ഥാപനത്തിലെ ഫോട്ടോഗ്രഫറോട് എന്തോ പറയുന്നതിനിടെ ഞാന്‍ ചോദിച്ചു, നിങ്ങളുടെ കുട്ടികളെന്താണിങ്ങനെ അമെച്വറിഷ് ?

ആ ഫോട്ടോഗ്രഫറും ആ കുട്ടിയെ വഴക്കുപറഞ്ഞു എന്ന് പിന്നീടറിഞ്ഞു. അവള്‍ക്ക് വല്ലാതെ നൊന്തു എന്നും.

പിന്നെപ്പിന്നെ അവളുടെ ലേഖനങ്ങള്‍ കണ്ടാല്‍ ഞാന്‍ ഒന്നുപോലും വിടാതെ വായിച്ചു . അവള്‍ ഹോം വര്‍ക് ചെയ്യാന്‍ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. കാമ്പുള്ള, കരുത്തുള്ള, ഭംഗിയുള്ള, കുറിക്കു കൊള്ളുന്ന വാചകങ്ങളില്‍ അവള്‍ പറഞ്ഞതിനൊക്കെ നല്ല അടുക്കും ചിട്ടയുമുണ്ടായിരുന്നു. ആഴം എന്നാലെന്താണെന്ന് അവള്‍ നീന്തി നീന്തിത്തന്നെ പഠിക്കുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു.

അതിരാവിലെകളില്‍, രാത്രിയോരങ്ങളില്‍ ഒക്കെ എന്റെ വാട്‌സ് ആപ്പില്‍ വന്ന് , ഒരു പടമോ വാക്കോ കോറിവച്ച് അവള്‍ കടന്നുപോയി. അവളുടെ പ്രൊഫൈല്‍ പിക്ചറുകളിലൊക്കെ അവളുടെ ആത്മവിശ്വാസത്തിന്റെ തുടിപ്പും തലയെടുപ്പും ഞാന്‍ കണ്ടു.

ഒരിക്കല്‍ ഞാന്‍ അവളെ വിളിച്ചു. എഴുത്തെല്ലാം നന്നാവുന്നു എന്നു പറഞ്ഞു.
അവള്‍ എന്നോട് പറഞ്ഞു. ‘ഞാനിപ്പോള്‍ , അമീനയായിരുന്നു എന്നു പറയാറില്ല, ചേച്ചീ…’ ഞാന്‍ അമീന, എപ്പോഴും അമീന എന്നവള്‍ പറഞ്ഞുപഠിച്ചു അന്നെന്റെ വഴക്കുകിട്ടിയതില്‍പ്പിന്നെ.

‘ഞാനിപ്പോള്‍ പാസ്റ്റ്-റ്റെന്‍സ്-പ്രയോഗങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും വാരി വിതറാറില്ല’ എന്നും അവള്‍ പറഞ്ഞു. കാലത്തിനൊത്ത് സംസാരിക്കാന്‍ മാത്രമല്ല എഴുതാനും നീ പഠിച്ചു എന്ന് ഞാനവളെ വാക്കാല്‍ ചേര്‍ത്തുപിടിച്ചു.

‘വേണ്ടത്ര ഹോംവര്‍ക് ചെയ്തിട്ട് മാത്രം എഴുതാന്‍ പറഞ്ഞ് ദേഷ്യപ്പെട്ട അന്നത്തെ പ്രിയച്ചേച്ചിയോടാണ് എനിക്കതിന് നന്ദി ‘ എന്നവള്‍ പറഞ്ഞു. ‘ചുമ്മ പേനയെടുത്ത് ഒരു കടലാസ്സിനുമുന്നിലിരുന്ന് എഴുതുകയല്ല ഇപ്പോള്‍ നീ ചെയ്യുന്നത് ‘ എന്ന് ഞാന്‍ വായിച്ചെടുക്കാറുണ്ട് എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു.
അവള്‍, അവളായതില്‍ എനിക്കുള്ള പങ്ക് എന്നോര്‍ത്ത് ഞാന്‍ വെറുതെ ഒരു രസത്തിന് ഒന്നഭിമാനിച്ചുനോക്കി. പിന്നെ അഭിമാനം മാറ്റിവച്ച്, ആ അഭിമാനത്തിലേക്കുള്ള വഴി എനിക്ക് കാണിച്ചു തന്ന ആ പഴയ ലോറിയെ ഓര്‍ത്തു.

mt vasudevan nair, priya as, vishnu ram

അതെ, ഇപ്പോഴും ഒരു ലോറി ഇരമ്പിപ്പോവുമ്പോള്‍, എന്തെങ്കിലും എഴുതാനിരിക്കുമ്പോള്‍ ഒക്കെ എം ടി അന്ന് ആ ഗൃഹലക്ഷ്മി ക്യാമ്പില്‍ ബീഡി വലിച്ചും ചുണ്ട് കൂര്‍പ്പിച്ചും കസേര ക്കൈയില്‍ കൈ വച്ചുമൊക്കെ ഇരുന്ന ആ ഇരിപ്പുകള്‍ ഓര്‍മ്മവരും.

‘കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കു-
മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്’ എന്ന് കടമ്മനിട്ടയുടെ ‘കോഴി’യാണോ എംടിയുടെ ലോറിയാണോ എന്നെ പഠിപ്പിച്ചത്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook