scorecardresearch

ചന്ദ്രനിൽ ആദ്യമിറങ്ങിയ മലയാളിയും ഒ വി വിജയനും

ഒ വി വിജയൻ 40 വർഷം മുമ്പെഴുതിയ കഥയിലും ചന്ദ്രനിലിറങ്ങിയ ആദ്യ മലയാളി പാലക്കാട്ടുകാരനാണ്

ഒ വി വിജയൻ 40 വർഷം മുമ്പെഴുതിയ കഥയിലും ചന്ദ്രനിലിറങ്ങിയ ആദ്യ മലയാളി പാലക്കാട്ടുകാരനാണ്

author-image
WebDesk
New Update
O V VIJAYAN

ഐ എസ് ആർ ഒയുടെ ഗംഗൻയാനിലെ നാല് ബഹിരാകാശ യാത്രികരിൽ മലയാളിക്ക് ഏറെ അഭിമാനം നൽകുന്നതാണ് ഗ്രൂപ്പ് ക്യാപ്റ്റനായി പാലക്കാടുകാരനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നത്. 2024 ൽ ബഹിരാകാശ യാത്രികരുടെ കൂട്ടത്തിൽ നേതൃത്വം നൽകുന്ന മലയാളിയുടെ പേരിൽ നമ്മൾ അഭിമാനം കൊള്ളുമ്പോൾ നാൽപത് വർഷങ്ങൾക്ക് മുമ്പ് പാലക്കാടുകാരൻ ചന്ദ്രനിൽ ഇറങ്ങിയതിനെ കുറിച്ച് ഒ വി വിജയൻ കഥയെഴുതിയിരുന്നു.

Advertisment

മലയാള സാഹിത്യത്തിൽ വേറിട്ടവഴി തെളിച്ച ഒ വി വിജയൻ 1970കളിലെഴുതിയ കഥയിലാണ് മലയാളിയുടെ ചന്ദ്രയാത്രയെ കുറിച്ച് പരാമർശിക്കുന്നത്. സാമൂഹിക രാഷ്ട്രീയ വിമർശനം അതിസൂക്ഷ്മമായ നർമ്മബോധത്തോടെ വിജയൻ കൈകാര്യം ചെയ്ത 'അമ്മയും മക്കളും' എന്ന കഥയിലാണ് പാലക്കാടുകാരന്റെ ചന്ദ്രയാത്രയെ കുറിച്ച് വിവരിക്കുന്നത്.

ചന്ദ്രനിൽ ആദ്യം മനുഷ്യൻ കാലുകുത്തിയപ്പോൾ ചായക്കട നടത്തുന്ന മലയാളിയെ കണ്ടെന്ന് പറയുന്ന നാട്ടുവർത്തമാനത്തിനപ്പുറമായിരുന്നു വിജയൻ തന്റെ കഥയിലൂടെ മുന്നോട്ട് വച്ച സാമൂഹിക രാഷ്ട്രീയ നിരീക്ഷണം. ഏഴ് മക്കളുടെയും ജീവിത വഴികളെ കുറിച്ചും അതിലൂടെ ലോക സാമൂഹിക രാഷ്ട്രീയവസ്ഥയെ കുറിച്ചുമാണ് ഈ കഥയിലെഴുതുന്നത്.

prashanth balakrishnan nair | gaganyan mission

Advertisment

ഏഴാൺമക്കളുടെ അമ്മയായ പാലക്കാട് വടക്കേച്ചിറയ്ക്കൽ ഇട്ടിക്കാവമ്മയുടെ കഥയിലൂടെയാണ് വിജയൻ ഇതെഴുതുന്നത്. മക്കളേഴുപേരുണ്ടെങ്കിലും ഒരാളും ഒപ്പമില്ലാത്ത ജീവിതമായിരുന്നു വാർദ്ധക്യകാലത്ത് ഇട്ടിക്കാവമ്മയുടേത്. മക്കളിൽ പലരും പലയിടങ്ങളിലായി പോയി.

കഥയിൽ ഇങ്ങനെ വായിക്കാം: 

"കാലം ചെല്ലുന്തോറും മക്കളെ കുറിച്ച് ഇട്ടിക്കാവമ്മയ്ക്ക് ആധി കൂടി. ശാരദ ഇടയ്ക്കിടെ മാതൃഭൂമിയുടെ പഴയ പതിപ്പുകൾ സമ്പാദിച്ചുകൊണ്ടുവന്ന് അതുമിതുമൊക്കെ വായിച്ചു വിവരം പറയും. 
അങ്ങനെയാണ് കൃഷ്ണൻ കുട്ടിയുടെ വിവരമറിഞ്ഞത്.
 "അമ്മേ, അമ്മേയ്! ദോക്കൂന്ന്!"
"ന്താ പെണ്ണേ?"
"കൃഷ്ണങ്കുട്ട്യേട്ടൻ ചന്ദ്രനിലെറങ്ങീന്ന്!"
"ങേ?"
ശാരദ വായിച്ചു:
 "വി. സി കൃഷ്ണൻകുട്ടി ചന്ദ്രനിൽ. ശാസ്ത്രീയ ലേഖകൻ.

ഹൂസ്റ്റൺ: ആഷാഢം ഏഴ്. വടക്കേ ചിറയ്ക്കൽ ഇട്ടിക്കാമ്മ മകൻ കൃഷ്ണൻകുട്ടി, ബി എ. എൽ ടി, ഇന്നലെ രാത്രി (രാത്രിയാണല്ലോ ഗവേഷണത്തിന് സൗകര്യം) ചന്ദ്രനിൽ ഇറങ്ങിയിരിക്കുന്നു. ഗവേഷണത്തിനാവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീ. കൃഷ്ണൻകുട്ടി നാട്ടിലേയ്ക്കു മടങ്ങുന്നതായിരിക്കും. ചന്ദ്രനിൽ അധികദിവസം താമസിക്കാൻ വയ്യെന്ന് അദ്ദേഹം കമ്പിയില്ലാക്കമ്പിമൂലം അറിയിച്ചിരിക്കുന്നു.

കറുത്തവാവ് അടുക്കുകയാണെന്നതാണ് കാരണം. ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യത്തെ മനുഷ്യനല്ലെങ്കിലും ആദ്യത്തെ വള്ളുവനാട്ടുകാരനായ ശ്രീ. കൃഷ്ണൻകുട്ടി  പള്ളിച്ചാൻ നായർ സമുദായത്തിൽ പെടുന്ന ആളും ഒറ്റപ്പാലം ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയും ആണ്."

സാഹിത്യപ്രവർത്തക സഹകരണസംഘം 1978ൽ പ്രസിദ്ധീകരിച്ച 'വിജയന്റെ കഥകൾ' എന്ന സമാഹാരത്തിലാണ് 'അമ്മയും മക്കളും' എന്ന ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ളത്. 

Read More

Narendra Modi Lena Gaganyaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: