scorecardresearch

ഗൂഗിളിനെ തിരുത്തി എൻ. എസ്. മാധവൻ, ഇന്ത്യയിലെ ആദ്യവനിതാ നിയമസഭാംഗം മേരി പുന്നൻ ലൂക്കോസ്

മുത്തുലക്ഷ്മി റെഡ്ഡിയുടെ 133-ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലിലൂടെ അവരെ ആദരിച്ചത്

മുത്തുലക്ഷ്മി റെഡ്ഡിയുടെ 133-ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലിലൂടെ അവരെ ആദരിച്ചത്

author-image
Riya John
New Update
Muthulakshmi Reddi, Google Doodle, ie malayalam

ന്യൂഡൽഹി: ഗൂഗിൾ ഡൂഡിലിനെ തിരുത്തി എൻ. എസ്. മാധവൻ. നിരവധി മേഖലകളില്‍ ചരിത്രം കുറിച്ച തമിഴ്നാട് സ്വദേശിയായ ഡോ.മുത്തുലക്ഷ്മി റെഡ്ഡിയെ ഇന്ത്യയിലെ ആദ്യവനിതാ നിയമസഭാംഗമെന്ന് ഗൂഗിള്‍ വിശേഷിപ്പിച്ചതിനെയാണ് എന്‍.എസ്.മാധവന്‍ തിരുത്തിയത്. മുത്തുലക്ഷ്മി റെഡ്ഡിയുടെ 133-ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലിലൂടെ അവരെ ആദരിച്ചത്.

Advertisment

തിരുവിതാംകൂറില്‍ നിന്നുള്ള ഡോ.മേരി പുന്നന്‍ ലൂക്കോസാണ് ഈ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന് ഇരുവരുടെയും ജീവിതരേഖയെടുത്ത് മാധവന്‍ ചൂണ്ടിക്കാട്ടി. ഡോ.മേരി പുന്നന്‍ ലൂക്കോസ് 1924ല്‍ നിയമസഭാംഗമായെന്നും ഡോ.മുത്തുലക്ഷ്മി റെഡ്ഢി നിയമസഭാംഗമായത് 1927ലാണെന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. സമാനജീവിതമായിരുന്നു പ്രതിഭകളായ ഈ രണ്ട് സ്ത്രീകളുടേതെന്നും എന്‍.എസ്.മാധവന്‍ പറഞ്ഞിട്ടുണ്ട്.

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ 1886 ജൂലൈ 30നായിരുന്നു ഡോ.മുത്തുലക്ഷ്മി റെഡ്ഡിയുടെ ജനനം. സ്കൂളിലും വീട്ടിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുത്തുലക്ഷ്മിക്ക് പക്ഷേ, ബിരുദപഠനത്തിനെത്തിയപ്പോള്‍ പെണ്‍കുട്ടിയായതിനാല്‍ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നു. പിന്നീട് എതിര്‍പ്പുകളെ മറികടന്ന് പുതുക്കോട്ടയിലെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ആദ്യപെണ്‍കുട്ടിയായി. മുത്തുലക്ഷ്മി മാത്രമായിരുന്നു ആ ബാച്ചിലുണ്ടായിരുന്ന പെണ്‍കുട്ടി.

Advertisment

മകളെ അധ്യാപികയാക്കാനാണ് മുത്തുലക്ഷ്മിയുടെ അച്ഛന്‍ ആഗ്രഹിച്ചതെങ്കിലും, പഠനത്തില്‍ മിടുക്കിയായ മുത്തുലക്ഷ്മി 1912ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് ചെന്നൈയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഉപരിപഠനത്തിനായ് പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയ മുത്തുലക്ഷ്മി, 1926ലാണ് മദ്രാസ് നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതും പിന്നീട് നിയമസഭാംഗമാകുന്നതും. തമിഴ്നാട്ടില്‍‌ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തിനെതിരെ ശക്തമായി പോരാടിയ മുത്തുലക്ഷ്മി, 1930ല്‍ ഗാന്ധിജിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവച്ചു. 1954ല്‍ ചെന്നൈയിലെ പ്രശസ്തമായ അഡയാര്‍ കാന്‍സര്‍ സെന്‍ററിന് തുടക്കമിട്ടതും ഡോ.മുത്തുലക്ഷ്മിയാണ്. പത്മഭൂഷണ്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്. 1968 ജൂലൈ 22ന് 81-ാമത്തെ വയസില്‍ ഡോ.മുത്തുലക്ഷ്മി റെഡ്ഡി മരിച്ചു.

ഡോ.മുത്തുലക്ഷ്മി ജനിച്ച, അതേവര്‍ഷം തന്നെ ഓഗസ്റ്റ് രണ്ടിന് കോട്ടയത്താണ് ഡോ.മേരി പുന്നൻ ലൂക്കോസും ജനിച്ചത്. മികച്ച രീതിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേരി പുന്നന് ബിരുദപഠനമെത്തിയപ്പോള്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പെണ്‍കുട്ടിയാണെന്നതായിരുന്നു പ്രവേശനം നിഷേധിക്കാന്‍ കാരണം. പിന്നീട് ചരിത്രത്തില്‍ ബിരുദത്തിന് ചേര്‍ന്ന മേരി പഠനകാലത്ത് ആ കോളേജിലെ ഏക പെണ്‍കുട്ടിയായിരുന്നു. അങ്ങനെ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും മേരി പുന്നന്‍ ചരിത്രത്തില്‍ കുറിച്ചിട്ടു.

പെണ്‍കുട്ടികള്‍ക്ക് ഇന്ത്യയില്‍ മെഡിസിന്‍ പഠനത്തിന് പ്രവേശനം നല്‍കാത്ത സാഹചര്യമായിരുന്നതിനാല്‍ ലണ്ടനില്‍ പോയി വൈദ്യശാസ്ത്രത്തില്‍ ബിരുദവും ഗൈനക്കോളജിയില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് 1916ല്‍ ഇന്ത്യയിലെത്തിയ ഡോ.മേരി പുന്നന്‍ പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 1922 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഡോ.മേരി പുന്നന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 1924ല്‍ സര്‍ജന്‍ ജനറലായ് നിയമിക്കപ്പെട്ടു.

ലോകത്തെ ആദ്യത്തെ വനിതാ സർജൻ ജനറൽ എന്ന നിലയിലും മേരി പുന്നൻ ലൂക്കോസിന്‍റെ പേര് എഴുതിചേര്‍ത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടിയായിരുന്നു ഡോ.മേരി പുന്നന്‍ ലൂക്കോസിന്‍റെ പ്രവര്‍ത്തനങ്ങളേറെയും. പത്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികൾ നല്‍കി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്. 1976 ഒക്ടോബര്‍ രണ്ടിന് 90-ാം വയസിലായിരുന്നു അന്ത്യം.

കാലഘട്ടത്തിലും ജീവചരിത്രത്തിലുമുള്ള അസാമാന്യമായ ഈ പൊരുത്തമാകാം ഗൂഗിളിനെയും ചിന്താക്കുഴപ്പത്തിലാക്കിയത്. എന്തായാലും ഇരുവരുടെയും ജീവചരിത്രം നന്നായറിയുന്നത് കൊണ്ട് ഗൂഗിളിനെ തിരുത്താന്‍ 'തിരുത്ത്' എഴുതിയ എന്‍.എസ്.മാധവനും വൈകിയില്ല.

Read More Social Stories Here

Google Social Ns Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: