/indian-express-malayalam/media/media_files/uploads/2023/06/Godfather-AI.png)
എ ഐ സൃഷ്ടിച്ച താരങ്ങളുടെ വീഡിയോ വൈറലാകുന്നു Photo: Vavval Manusyan/ Instagram
1972ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് 'ഗോഡ്ഫാദർ.' ഒരു പക്ഷെ മലയാളികൾക്ക് ഏറ്റവുമധികം സുപരിചിതമായ ഒരു ഇംഗ്ലീഷ് ചിത്രം കൂടിയായിരിക്കുമിത്. എ ഐ സാങ്കേതിക വിദ്യ ഓരോ ദിവസം കഴിയുന്തോറും മനുഷ്യനെ അത്ഭുതപ്പെടുത്തുകയാണ്. മനുഷ്യ മുഖങ്ങളെ പല രീതിയിൽ സൃഷ്ടിച്ച് അത് യഥാർത്ഥം തന്നെയാണോ എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മമ്മൂട്ടിയും മോഹൻലാലും ഫഹദുമൊക്കെ ഗോഡ്ഫാദറിൽ അഭിനയിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ എ ഐ അതും സാധ്യമാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങൾ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. നടൻ വിനയ് ഫോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിദ്ധാർത്ഥ് ഭരതനും വീഡിയോ പങ്കുവച്ചു.
മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഫഹദിനെും എ ഐ സൃഷ്ടിച്ചിട്ടുണ്ട്. അവിശ്വസനീയം അപ്പോൾ അതിനൊരു തീരുമാനം ആയി അനശ്വര നടന്മാർ അനശ്വരൻമാർ ആയി തുടരും, ന്റമ്മോ…. കൊതിപ്പിച്ചു കളഞ്ഞു , മിമിക്രി ആർട്ടിസ്റ്റുകളെ കൊണ്ട് സൗണ്ടും കൂടി മോഡുലേറ്റു ചെയ്താൽ തീ പാറും തുടങ്ങിയ കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ നിറയുന്നത്. സിനിമ മേഖലയിൽ നിന്നുള്ള മറ്റു താരങ്ങളും വീഡിയോയ്ക്ക് താഴെ ഗംഭീരമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
വാവൽ മനുഷ്യൻ എന്ന ഇൻസ്റ്റ്ഗ്രാം പേജിനു പിന്നിലുള്ള വ്യക്തിയാണ് ഈ വിസ്മയം തീർത്തത്. 43 ഫോളോഴ്സ് മാത്രമുള്ള ഈ പേജിൽ വീഡിയോകൾ അപ്പ്ലോഡ് ചെയ്തിട്ട് ഒരു ദിവസം മാത്രമെയാകുന്നുള്ളൂ.
എ ഐയുടെ സഹായത്തോടെ ഇത്തരത്തിൽ സിനിമ താരങ്ങളുടെ അനവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇത്ര കൃത്യതയോടെ ഒരു വീഡിയോ കാണുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.