എഐ മാജിക്കൽ വിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന കൗതുകമുണർത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ട്രെൻഡ്. യഥാർത്ഥത്തിൽ മനുഷ്യർ തന്നെയോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ക്രിയേഷനുകളാണ് എഐ ആർട്ടിസ്റ്റുകൾ കാഴ്ച വയ്ക്കുന്നത്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എ ഐ ആർട്ടിസ്റ്റുകളിൽ ഒരാളാണ് അരുൺ നുറ. ‘കേരളത്തിലെത്തിയ സൂപ്പർഹീറോസ്’ എന്ന സീരീസിലൂടെയാണ് അരുൺ എന്ന എഐ ആർട്ടിസ്റ്റിനെ മലയാളക്കര അറിയുന്നത്. എഐ സാങ്കേതിക വിദ്യയേയും തന്റെ ചിത്രങ്ങളെയും ചിന്തകളെയും കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് മനസ്സുതുറക്കുകയാണ് അരുൺ.
അരുൺ ചെയ്യുന്ന ഇമേജുകൾക്ക് പിന്നിൽ ഒരു ചിന്തയും അതിൽ നിന്ന് കാഴ്ചക്കാരന് മനസ്സിലാക്കിയെടുക്കാവുന്ന ഒരു കഥയുമുണ്ടാകും. എങ്ങനെയാണ് ഈ ചിന്തകളിലേക്ക് എത്തിച്ചേരുന്നത് എന്ന ചോദ്യത്തിന്, സ്വയം വിമർശനമാണ് തന്റെ ചിത്രങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു അരുണിന്റെ മറുപടി. അടുത്തിടെ ചെയ്ത ഗാന്ധി ചിത്രത്തെ ഉദ്ധരിച്ചു കൊണ്ടാണ് അരുൺ തന്റെ ചിന്തകളെ കുറിച്ച് വിശദീകരിച്ചത്. “ഞാൻ പരിചയപ്പെട്ടിട്ടുള്ള ഗാന്ധിയന്മാരൊക്കെ വളരെ വയലന്റായവരാണ്. യഥാർത്ഥ ഗാന്ധിയ്ക്ക് ഇവരെ കണ്ടാൽ ചിരി വരും. അങ്ങനെയുള്ള ചിന്തകളിൽ നിന്നാണ് എന്റെ പല ചിത്രങ്ങളുടെയും പിറവി. അതിൽ നിറയുന്ന ചിന്ത എപ്പോഴും രണ്ടാമതു വരുന്ന കാര്യമാണ്, വിഷ്വൽ പ്രസന്റേഷനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ചുറ്റും കണ്ടും കേട്ടും അനുഭവിക്കുന്ന കാര്യങ്ങളാണ് ചിത്രങ്ങളായി മാറുന്നത്,” അരുൺ പറയുന്നു.
കലയിലൂടെ തങ്ങളുടെ രാഷ്ട്രീയം പറയാൻ കലാകാരന്മാർ ശ്രമിക്കാറുണ്ട്. ദൃശ്യങ്ങൾ ആസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യും. അതേസമയം തന്റെ ചിത്രങ്ങളിൽ വ്യക്തിപരമായ രാഷ്ട്രീയം പറയാൻ ശ്രമിക്കാറില്ലെന്നും അരുൺ പറയുന്നു. “എന്റെ അഭിപ്രായത്തിൽ ഒരു ഐഡിയോളജിയിലെ എല്ലാം നമുക്ക് അതേ രീതിയിൽ സ്വീകരിക്കാനാകില്ല. ഒരു രാഷ്ട്രീയത്തോടും പ്രത്യേക താത്പര്യമുള്ള ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.”
സൂപ്പർ ഹീറോസിനു ലഭിച്ച അംഗീകാരവും സ്വീകാര്യതയും പോലെ തന്നെ അരുൺ ഈ മേഖലയിൽ വിമർശനങ്ങളും നേരിട്ടുണ്ട്. രമണ മഹർഷിയുടെ ചിത്രത്തിൽ തമിഴ് ഫോക്ക് സോങ്ങ് കോർത്തിണക്കിയ എഐയ്ക്ക് നേരെയാണ് അടുത്തിടെ ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്. രമണ മഹർഷിയെ അവഹേളിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിമർശനം. ഇത്തരം വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അതിൽ രാഷ്ട്രീയം കൂട്ടികലർത്താൻ ശ്രമിച്ചിട്ടില്ലെന്നും അരുൺ കൂട്ടിച്ചേർത്തു.
സങ്കടഭാവത്തിൽ നിൽക്കുന്ന സൂപ്പർഹീറോസിലൂടെയാണ് അരുൺ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കൽക്കട്ടയിൽ കുട ചൂടി നിൽക്കുന്ന ബാറ്റ്മാൻ എന്ന ചിന്തയിൽ നിന്നാണ് സൂപ്പർഹീറോസിന്റെ പിറവി. മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ച് ചെയ്‌ത രൂപങ്ങൾക്ക് സങ്കട ഭാവം വന്നത് താനും എഐയും തമ്മിലുള്ള ഒരു പരസ്പര ധാരണയുടെ പേരിലാണെന്ന് അരുൺ തമാശപൂർവം പറഞ്ഞു. “ബാറ്റ്മാന്റെ മുഖം സങ്കടം നിറഞ്ഞ ഭാവത്തിലാണ് ലഭിച്ചത് അപ്പോൾ പിന്നെ ആ ട്രാക്കിൽ എല്ലാം പോകട്ടെയെന്നും വിചാരിച്ചു. അത് വൈറലായപ്പോൾ ഞാൻ വലിയൊരു സംഭവമായെന്നൊന്നും തോന്നിയില്ല. പക്ഷെ സന്തോഷം തോന്നി.”
ഡൽഹിയിലെ ഒരു സ്വകാര്യ ആർക്കൈവ്സിൽ റിസർച്ചർ ആയിട്ട് ജോലി ചെയ്‌തു വരുന്ന അരുണിന്റെ ഹോബിയാണ് എഐ ആർട്ട്. കൊട്ടാക്കര സ്വദേശിയായ അരുൺ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. ആന്ത്രോപോളജിയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഫോൺ എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായോ അതേ സ്വാധീനം തന്നെ എഐ സാങ്കേതിക വിദ്യയ്ക്കുമുണ്ടാകുമെന്ന് അരുൺ പറയുന്നു. “ജീവിതത്തിന്റെ ഏറ്റവും ചെറിയ കാര്യങ്ങളെ പോലും അത് സ്വാധീനിക്കും. ആർട്ടിസ്റ്റുകൾക്ക് ഇതൊരു വെല്ലുവിളിയാകുമെന്ന് പലരും പറയുന്നുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഏതൊരു ഇന്നോവേഷനോടും നമ്മൾ അഡാപ്പ്റ്റാകണം. ബാനറുകളും പോസ്റ്ററുകളുമെല്ലാം കൈ കൊണ്ട് എഴുതിയിരുന്ന നാട്ടിലേക്കാണ് ഫോട്ടൊഷോപ്പ് വന്നത്, പക്ഷെ അതിനോട് എല്ലാവരും ചേർന്നു പോയി. അത് തന്നെ ഇവിടെയും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഡിജിറ്റൽ മീഡിയമായതു കൊണ്ട് തന്നെ ഇതിനോട് ആർക്കും അത്ര വിരക്തിയുണ്ടാകാനും സാധ്യതയില്ല,” എ ഐയുടെ അനന്തസാധ്യതകളെ കുറിച്ച് അരുൺ വാചാലനായി.